"അതൊരു ഊമക്കത്തായത് കൊണ്ടുതന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു"
"പറഞ്ഞ പണം വരുന്ന രണ്ട് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ കുടുംബത്തോടെ ഇല്ലാതാക്കുമെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു ഭീഷണിക്കത്തായിരുന്നു അത്"
"അതോടെ എനിക്ക് അച്ഛനെ ആരോ പണത്തിൻ്റെ പേരിൽ Haunt ചെയ്യുവാണെന്ന് മനസ്സിലായി"
"വീട്ടിലേക്ക് തിരിച്ചുപോയ ശേഷം ഞാൻ അനുഭവിച്ച ടെൻഷന് കയ്യും കണക്കുമില്ല"
"അച്ഛനോട് ഈ കാര്യം എങ്ങനെ ചോദിക്കും എന്നത് തന്നെയായിരുന്നു എൻ്റെ പ്രശ്നം"
"പിറ്റേന്ന് രണ്ടും കല്പിച്ച് ഞാൻ അച്ഛനോട് സംസാരിക്കാൻ ചെന്നു"
"അച്ഛനപ്പോൾ വീട്ടിലുണ്ടായിരുന്നില്ല, ഓഫീസ്റൂമിൽ ചെന്നപ്പോൾ പതിവിന് വിപരീതമായി അച്ഛൻ്റെ ഫയലുകളെല്ലാം വെടിപ്പിൽ ഒതുക്കിവെച്ചിരുന്നു"
"ഹാങ്ങറിൽ സാധാരണ ഉണ്ടാവാറുള്ള കോട്ടും ഷർട്ടും ഒന്നും കാണാനുണ്ടായിരുന്നില്ല"
"അമ്മയോട് ഒരു ഫ്രണ്ടിനെ കാണാനെന്ന് പറഞ്ഞ് ഇറങ്ങിയ ഞാൻ വൈകീട്ട് 4:00 വരെ അച്ഛനെ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല"
"അപ്പോൾ അമ്മ അച്ഛനെ അന്വേഷിച്ചില്ലേ"??
സോഫയിൽ നിവർന്നിരുന്നു കൊണ്ട് അന്ന ചോദിച്ചു.
"അച്ഛൻ തലേന്ന് തന്നെ അമ്മയോട് നാളെ രാവിലെ പോയാൽ എത്താൻ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു"
"അമ്മയോട് ഞാൻ അച്ഛനെ അന്വേഷിക്കുന്നതിൻ്റെ കാരണം പറയാൻ കഴിയില്ലല്ലോ എന്നാലോചിച്ച് ഞാൻ അച്ഛനെ കാത്ത് നിന്നു"
"കുറച്ച് കഴിഞ്ഞപ്പോൾ അമ്മക്കൊരു കോൾ വന്നു"
"അച്ഛനൊരു ആക്സിഡൻ്റ് പറ്റിയെന്നും പെട്ടെന്ന് തന്നെ സിറ്റി ഹോസ്പിറ്റലിൽ എത്താനും അയാൾ പറഞ്ഞു"
"അമ്മയെ സമാധാനിപ്പിച്ച് വേഗം ഞാൻ ഹോസ്പിറ്റലിലെത്തി"
"അച്ഛനെ അപ്പോഴേക്കും സർജറി ചെയ്യാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിരുന്നു"
"വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ഡോക്ടർ പറഞ്ഞത്കൊണ്ട് എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു"
"അമ്മയുടെ പ്രാർത്ഥനകൊണ്ടാവണം,എനിക്ക് എൻ്റെ അച്ഛനെ തിരിച്ച് കിട്ടി"
"പക്ഷേ ആക്സിഡൻ്റിൽ അച്ഛൻ്റെ വോക്കൽ കോർഡിന് കാര്യമായ പരിക്ക് പറ്റിയത് കൊണ്ട് അച്ഛൻ്റെ സംസാരശേഷി നഷ്ടപ്പെട്ടു"
"അതെനിക്കൊരു ഞെട്ടലായിരുന്നു, ഗൗരിയും ശങ്കറും അച്ഛനെ കാണാൻ വന്നിരുന്നു"
"അച്ഛൻ്റെ ഈ അവസ്ഥയിൽ എനിക്കൊരു കല്യാണം വേണ്ടെന്ന് ഞാൻ തീർത്തുപറഞ്ഞു"
"ഞാനൊന്ന് അച്ഛനോട് ഒരു വാക്ക് ആ കത്തിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നെങ്കിൽ അച്ഛന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന യാഥാർത്ഥ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു"
"വൈകാതെ റെസ്റ്റ് എടുക്കാനായി അച്ഛനെ വീട്ടിലേക്ക് കൊണ്ടുവന്നു"
"പിന്നീട് എല്ലായ്പ്പോഴും എന്തേലും കുത്തിക്കുറിച്ചുകൊണ്ട് അച്ഛൻ ഓഫീസിൽ ഇരിക്കുമായിരുന്നു"
"ഒരുദിവസം അച്ഛന് സൂപ്പ് കൊടുക്കാൻ വേണ്ടി ഞാൻ ഓഫീസ്‌റൂമിൽ ചെന്നപ്പോൾ അച്ഛനെന്തോ ആലോചനയിൽ സീറ്റിലിരിക്കുന്നുണ്ടായിരുന്നു"
"എന്തോ ഒന്നിൽ കാര്യമായി എഴുതുകയായിരുന്ന അച്ഛൻ ഞാൻ വന്നതൊന്നും അറിഞ്ഞിരുന്നില്ല"
"സൂപ്പ് കുടിക്കുന്നതിനിടയിൽ പെട്ടെന്ന് അച്ഛൻ്റെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി, അച്ഛൻ ശ്വാസമെടുക്കാനും വല്ലാതെ കഷ്ടപ്പെട്ടു"
"അച്ഛനെന്തോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സിലാക്കി ഞാൻ അമ്മയെ വിളിച്ചു. അച്ഛനെ സീറ്റിൽ നിന്നും താങ്ങിയെടുത്ത് പുറത്തുള്ള കാറിലെത്തിച്ചപ്പോഴേക്കും ബോധം മറഞ്ഞിരുന്നു"
"ഹോസ്പിറ്റലിലെത്തിച്ചെങ്കിലും കാര്യങ്ങളെല്ലാം കൈവിട്ട് പോയിരുന്നു, അച്ഛനെ പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്നത് ജീവച്ഛവമായിട്ടാണ്"
"മിണ്ടാനും പറയാനും കഴിയാതെ എത്ര നേരം വേണമെങ്കിലും അച്ഛൻ കിടക്കും"
"നീണ്ടുനിവർന്നുള്ള ഒരേ കിടപ്പ്"
"വിഷം കഴിച്ച് അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചത് ആ ഊമക്കത്തിൻ്റെ പിൻബലത്തിലാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല"
"പിന്നീട് ഒരു ഇരുട്ടായിരുന്നു, എൻ്റെ ജീവിതത്തിൽ നിന്ന് അച്ഛൻ പോയിട്ടില്ലെങ്കിലും അച്ഛൻ്റെ ശബ്‌ദമില്ലാഴ്മയായിരുന്നു എന്നെ വല്ലാതാക്കിയത്"
"പിന്നീട് ഞാൻ അച്ഛൻ്റെ കാര്യങ്ങളെല്ലാം ഗൗരിയോട് തുറന്നുപറഞ്ഞു"
"അവൾ കാര്യങ്ങൾ ആദ്യമേ അവളോട് പറയാത്തതിന് എന്നോട് കയർത്തു"
"പിറ്റേന്ന് ശങ്കറിനോടും ഈ കാര്യം പറയാമെന്നും എന്നിട്ട് മൂന്നു പേർക്കും ഒരുമിച്ച് തീരുമാനിക്കാമെന്നും ഞങ്ങൾ വിചാരിച്ചു"
"ശങ്കറിനോട് ഈ കാര്യം പറഞ്ഞ ശേഷം തൽക്കാലത്തേക്ക് കത്തിലുള്ള ഭീഷണിയുടെ പുറത്ത് അച്ഛൻ ജീവൻ അവസാനിപ്പിച്ചതിൻ്റെ പേരിൽ ഒരു പോലീസ് കേസ് ഫയൽചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു"
"തെളിവിനായി ഹിന്ദിയിലെഴുതിയ ആ ഊമക്കത്തും ഞാൻ കൊണ്ടുപോയിരുന്നു"
"സ്റ്റേഷനിൽ കേസ് ഫയൽ ചെയ്ത ശേഷം വീട്ടിലെത്തിയപ്പോൾ അച്ഛൻ്റെ പേരിൽ ഒരു കൊറിയർ വന്ന് കിടപ്പുണ്ടായിരുന്നു"
"ചുവന്ന മഷിയിൽ വടിവൊത്ത ഇംഗ്ലീഷ് അക്ഷരത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു"
"SEE YOU SOON"!!
"ഞാനും അമ്മയും അച്ഛനും അവിടെ ഒട്ടും സേഫ് അല്ലെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കി ഗൗരിയുടെ നിർബന്ധംകൊണ്ട് ഞങ്ങൾ കുറച്ച് ദിവസത്തിനുള്ളിൽ ബാംഗ്ലൂരിലേക്ക് പോയി"
"അച്ഛനെ അവിടേക്ക് കൊണ്ടുപോവുന്നത് വല്യ റിസ്കുള്ള കാര്യമായിരുന്നു"
"പോവുന്നത്തിൻ്റെ തലേന്നാൾ അച്ഛൻ്റെ ഓഫീസ്റൂമൊന്ന് വൃത്തിയാക്കിയിടാൻ കയറിയപ്പോഴാണ് അച്ഛൻ്റെ ഡയറി എൻ്റെ കണ്ണിൽപെട്ടത്"
"ബാംഗ്ലൂറിലേക്ക് പോവുമ്പോൾ അതും ഞാൻ കയ്യിലെടുത്തിരുന്നു"
"ആ ഡയറി വായിച്ചപ്പോഴാണ് കേണൽ പ്രഭാകർ എന്ന എൻ്റെ അച്ഛനെ ഞാൻ നേരിൽ കണ്ടത്"
"അച്ഛൻ മിലിട്ടറിയിലായിരുന്ന കാലത്ത് അച്ഛന് പറ്റിയ ഒരു തെറ്റിൻ്റെ പുറത്താണ് ഈ ഭീഷണിയെന്ന് അത് വായിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടു"
"അതെന്തായിരുന്നു"??
"ചോദിക്കുന്ന ചോദ്യത്തിൽ പോലും തൻ്റെ നിശ്വാസമുണ്ടെന്ന് അന്നക്ക് തോന്നി"
"1998-99ൽ മിലിറ്ററിയിലായി അച്ഛൻ ഗുജറാത്തിൽ ജോലി ചെയ്യുന്ന കാലം, അച്ഛൻ്റെ ഉറ്റസുഹൃത്തായിരുന്നു ദീപു അങ്കിൾ"
"അമ്മയെ അച്ഛന് കല്യാണമാലോചിക്കുന്നത് പോലും ആ പരിചയം വഴിയാണ്"
"ഒരു ദിവസം ഹെഡ് ഓഫീസർസ് വരുന്നതിൻ്റെ ഭാഗമായി ക്യാമ്പിനകത്ത് കയറി റിവോൾവർ ശരിയാക്കുകയായിരുന്നു അച്ഛൻ"
"ഷൂട്ടിംഗ് ബോർഡിലേക്ക് ഉന്നം വെച്ച് വെടിയുതിർക്കുന്നതിനിടയിൽ ഉന്നം തെറ്റി വെടി കൊണ്ടത് ക്യാമ്പിനകത്തുണ്ടായിരുന്ന കേണൽ ഹബീർ സിംഗിൻ്റെ ഭാര്യയുടെ നെറ്റിയിലേക്കാണ്"
"അത് അച്ഛനൊരു ഷോക്കായിരുന്നു"
"അപ്പോൾ തന്നെ അവരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെങ്കിലും തൽക്ഷണം അവർ അവിടെ മരിച്ചുവീണിരുന്നു"
"പിന്നീട് നടന്ന ദിവസങ്ങളിൽ മിലിറ്ററി കോർട്ടിൽ അച്ഛൻ വിചാരണ ചെയ്യപ്പെട്ടു"
"കുറ്റാക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി അച്ഛന് ചെറിയ രീതിയിൽ ശിക്ഷ നൽകി കേസ് അവസാനിപ്പിച്ചു"
"അച്ഛന് വേണ്ടി സാക്ഷി പറയാൻ 4 ആളുകൾ കൂടെയുണ്ടായത് കൊണ്ടും കൂടെയാണ് അച്ഛൻ കേസിൽ നിന്ന് രക്ഷപ്പെട്ടത്"
"ആ സംഭവത്തിന് ശേഷം കേണൽ ഹബീറിന് അച്ഛനോട് ചെറിയ രീതിയിൽ ഒരു വെറുപ്പുണ്ടായിരുന്നു എന്ന് അച്ഛൻ ഡയറിയിൽ എഴുതിയിട്ടുണ്ട്"
"ഒരുപാട് ശ്രമിച്ചിട്ടും അവർ തമ്മിലുള്ള അകലം കൂടിത്തന്നെ ഇരുന്നു"
"പിന്നീട് ഒരു പാട് വർഷങ്ങൾക്കു ശേഷമാണ് അച്ഛൻ ഡയറിയെഴുത്ത് വീണ്ടും തുടങ്ങുന്നത്"
(തുടരും)