♥️പ്രാണബന്ധനം ♥️10
" അതങ്ങനെ ഒന്നുല്ല എല്ലാത്തിനേം എനിക്ക് ഒത്തിരി ഇഷ്ട പറഞ്ഞിട്ടെന്താ പശു.. ചാണകം ഞാൻ കൈ കൊണ്ട് തൊടത്തില്ല എനിക്കതിന്റെ മണം ഒട്ടും പറ്റില്ല അതുകൊണ്ട അല്ലാതെ ഇവള് പറയണ പോലൊന്നുവല്ല.. ഹും... " എന്ന് പറഞ്ഞു കൊണ്ടഭി ആമിയെ നോക്കി കൊഞ്ഞനം കുത്തി.....
കളി ചിരികളുമായവർ! അഭിയും അച്ചുമോളും.... തങ്ങൾക്കായി വിധി കാത്തുവച്ചതെന്തെന്നറിയാതെയാ യാത്ര തുടർന്നു...
🍁🍁🍁🍁
മുറ്റത്ത് വണ്ടി വന്നു നിന്ന ശബ്ദം കേട്ട് അനന്ദുവിന്റെ അച്ഛൻ വിജയനും അമ്മ ശാലിനിയും അനിയത്തി അനന്യയും വീടിനു വെളിയിലേക്ക് ഇറങ്ങി വന്നു
അവരെ കണ്ടതും അച്ചുമോൾ വണ്ടിയുടെ ഡോർ തുറന്ന് ചിരപരിചിതരെന്ന പോലെ അവർക്കരികിലേക്ക് ഓടി.
അവളെക്കണ്ട വിജയൻ ഓടിവന്നവളെ എടുത്തു ഉമ്മകൾ കൊണ്ട് മൂടി.
അയാൾക്ക് പിറകെ തന്നെ ശാലിനിയും അനന്യയും കുഞ്ഞിനടുത്തേക്ക് ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി വിശേഷങ്ങൾ ചോദിച്ചു.
അവരുടെ പരസ്പര സ്നേഹം കണ്ട അഭി അന്താളിപ്പോടെ അരികിൽ നിന്ന ആമിയേയും അനന്ദുവിനേയും നോക്കി. രണ്ടു പേരുടേയും അടക്കി പിടിച്ച ചിരി കണ്ടവൾ ഇരുവരേയും മാറിമാറി നോക്കി.
" ഞെട്ടണ്ട ചേച്ചി നിങ്ങള് വന്ന അന്നു മുതൽ രാത്രി ഞാൻ വീഡിയോ കോൾ ചെയ്ത് കുഞ്ഞിന് ഇവരെ മൂന്നുപേരെയും കാണിച്ചു കൊടുക്കാറുണ്ടായിരുന്നു...
അതോണ്ടാ മോൾക്ക് അവരുമായി ഇത്ര അടുപ്പം. " അഭിയുടെ നോട്ടം കണ്ട് അനന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു.
" ആഹാ.. നീയത് ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി ഇല്ലേൽ ചിലപ്പോ എനിക്ക് അറ്റാക്ക് വന്നേനെ. "
എന്ന് പറഞ്ഞുകൊണ്ട് അഭി അനന്ദുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
" അറ്റാക്കോ എന്തിന്. "
അവൾ പറഞ്ഞത് കേട്ട അനന്ദു കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.
" അവൾ ആരോടും അതികം അടുപ്പം കാണിക്കാറില്ലല്ലോ...
അപ്പോ പിന്നെ അവളിതു വരെ കാണാത്ത ഇവരോട് ഇങ്ങനെ അടുപ്പം കാണിച്ച ഞാൻ ഞെട്ടൂലെ. " അഭി പറഞ്ഞത് കേട്ട് അനന്ദു പുഞ്ചിരിച്ചു.
" എന്താണ് ചേച്ചിയും അനിയനുമായി ഒരു രഹസ്യം.. "
അനന്ദുവിനോട് അടക്കി പിടിച്ചു സംസാരിക്കുന്ന അഭിയെ കണ്ട വിജയൻ പുഞ്ചിരിയോടെ അവളെ നോക്കി ചോദിച്ചു.
" ഒന്നുല്ലച്ച എല്ലാരേം കൂടെ കണ്ടപ്പോ. " അനന്ദു വിജയനെ നോക്കി പറഞ്ഞു.
" അല്ല എല്ലാരും വന്ന കാലിൽ തന്നെ നിൽക്കുവാണോ... മോളെ കണ്ടപ്പോ ബാക്കിയെല്ലാം ഞാൻ മറന്നു പോയി. നിങ്ങള് കേറിവാ മക്കളെ... "
ശാലിനി നേഹയെ ചേർത്തു പിടിച്ചുകൊണ്ട് ബാക്കിയുള്ളവരെനോക്കി പുഞ്ചിരിയോടെ പറഞ്ഞു.
" യാത്ര ചെയ്തു ക്ഷീണിച്ചോ മോളേ.. " ശാലിനി വാത്സല്യത്തോടെ നേഹയെ നോക്കി ചോദിച്ചു.
" ഹേയ്.. ഇല്ലമ്മ ഞാനും അച്ചു മോളും ആദ്യമായിട്ടല്ലേ ഇവിടൊക്കെ വരുന്നത് അതോണ്ട് ഈ യാത്ര ഞങ്ങൾ നന്നായി എൻജോയ് ചെയിതു.
അല്ലേടി കുറുമ്പി. " അച്ചു മോളെ നോക്കി ചോദിച്ചു കൊണ്ടവൾ ശാലിനിയുടെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു.
എല്ലാവർക്കും പുഞ്ചിരിയാൽ മറുപടി നൽകി കൊണ്ട് അഭി വീടിന്റെ മുറ്റമാകെ ഒന്ന് കണ്ണോടിച്ചു.
വീടിന്റെ ഒരരികിൽ പൂവിട്ടു നിൽക്കുന്ന അഞ്ചിതൾ പാലകണ്ടവൾ പതിയെ അതിനരികിലേക്ക് ചുവടുവച്ചു.
പാലയ്ക്കു ചുറ്റിലും കല്ല് വച്ചുകെട്ടി ഇരിക്കാൻ പാകത്തിന് വൃത്തിയാക്കി ഇട്ടിരുന്നു. അതിനരികിൽ തന്നെ നിൽക്കുന്ന റോസ് മന്ദാരത്തിന്റെ മരം കണ്ടവൾ നിറഞ്ഞ കണ്ണാലെ ചുറ്റിലും നോക്കി മഞ്ഞ ചെമ്പകവും, വെള്ള ചെമ്പകവും, വെള്ള മന്ദാരവും, തെച്ചിയും അടക്കം പല മരങ്ങളും അവിടെ വച്ച്പിടിപ്പിച്ചിട്ടുണ്ട്.എല്ലാം നിശ്ചിത അകലത്തിൽ ആണ് നട്ടിരിക്കുന്നത്. കൂടാതെ എല്ലാത്തിനും പാലക്ക് ചെയ്ത പോലെ ഒരേ ഹൈറ്റിൽ കല്ല് വച്ചുകെട്ടി ഉയർത്തിയിട്ടുണ്ട്.
ഇതെല്ലാം കണ്ടവൾ കണ്ണ് നിറച്ചുകൊണ്ട് അത്ഭുദത്തോടെ ആമിയെ തിരിഞ്ഞു നോക്കി.
അഭിയുടെ നോട്ടം കണ്ട ആമി അനന്ദുവിന്റെ തോളിൽ ചാഞ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
നാട്ടു മുല്ലയുടെ നറുമണം ശ്വാസത്തിൽ കലർന്നതും ആവേശത്തോടെ അവൾ ചുറ്റിലും നോക്കി.
അൽപ്പമകലെ നട്ടുവളർത്തിയ നാട്ടുമുല്ലയും കുറ്റിമുല്ലയും കനകാംബരവും കണ്ടവൾ സന്തോഷത്തോടെ അവയ്ക്ക് അരികിലേക്ക് ചുവടുവച്ചു. അവളുടെ മനസ്സിൽ അവൾ പോലും അറിയാതെ ചില രംഗങ്ങൾ കടന്നു വന്നു.
" ഡാ... മിത്തൂ.. "
" ഉം..... "
" മിത്തൂ... "
തന്റെ മടിയിൽ കണ്ണുകളടച്ചു കിടക്കുന്ന അമിത്തിന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അഭി മൃദൂവായി വിളിച്ചു.
" പറ പെണ്ണേ... " അവൻ മിഴികൾ തുറന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു.
" ഞാൻ ഒരു കാര്യം പറഞ്ഞ നീയെന്നെ കളിയാക്കുവോ... " അവൾ അവനെ നോക്കി കൊഞ്ചലോടെ ചോദിച്ചു.
" എന്തിന്... നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനി എന്തെങ്കിലും മണ്ടത്തരം ആണെങ്കിൽ പോലും അതെന്നോടല്ലേ പറയാൻ പറ്റു നീ.. ധൈര്യമായി പറയെടാ... " അവൻ പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.
" അതേ... നമ്മടെ വീടിന്റെ മുന്നിൽ വല്യ ഒരു പാലമരം വേണോട്ടോ.. " അവൾ കൈ വിടർത്തി പറയുന്നത് കേട്ട് അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
" എന്തിന്... വല്ല ഗന്ധർവ്വന്മാരേയും വിളിച്ചു വരുത്താൻ ആണേൽ നടക്കൂല മോളേ...നിനക്ക് ഗന്ധർവ്വനായും യക്ഷനായും ഈ ഞാൻ മാത്രം മതി.. " അവളെ നോക്കി ചിരിയോടെപറഞ്ഞു കൊണ്ടവനവളുടെ വയറിൽ മുഖമമർത്തി ഇക്കിളിയിട്ടു.
" ശ്ശോ..... ചുമ്മാ കളിക്കല്ലേ മിത്തു ഞാൻ സീര്യസ്സാ. "
ഒന്ന് പുളഞ്ഞു കൊണ്ടവൾ അവനെ നോക്കി മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.
" അച്ചോടാ... സീര്യസ്സാണോ.... എന്നാ എന്റെ കൊച്ച് പറ എന്താ കാര്യം... "
അവളെ നോക്കി ചോദിച്ചു കൊണ്ടവൻ അവളുടെ മുഖത്തേക്ക് നോക്കി മലർന്നു കിടന്നു.
" ഞാ... പറയൂല പോ.... "
മുഖം ചുളിച്ചു പറഞ്ഞു കൊണ്ടവൾ അവന്റെ തല മടിയിൽ നിന്ന് മാറ്റി എഴുന്നേൽക്കാനാഞ്ഞു എന്നാൽ ആ.. നീക്കം മുൻകൂട്ടി കണ്ടവൻ അവളുടെ ഇരുകാലുകളും തന്റെ കൈകൾ വച്ചു ലോക്ക് ചെയ്തു കൊണ്ടവളെ അവിടെ തന്നെ പിടിച്ചിരുത്തി.
" പറ പെണ്ണേ... എന്താ കാര്യം? " വീണ്ടും അവളുടെ മടിയിലേക്ക് അമർന്നു കൊണ്ട് അവൻ ചോദിച്ചു.
" അത് പിന്നേണ്ടല്ലോ... നമ്മടെ വീടിന്റെ സൈഡിലായി ഒത്തിരി മരങ്ങൾ നട്ടു പിടിപ്പിക്കണോട്ടോ... "
ആവേശത്തോടെ പറഞ്ഞു കൊണ്ടവൾ അവനെ സൂക്ഷിച്ചു നോക്കി.
" ശെരി സെറ്റ് ചെയ്തേക്കാം... എന്തൊക്കെ മരങ്ങളാ എന്റെ കൊച്ചിന് വേണ്ടത്? " അവൻ പുഞ്ചിരിയോടെ അവളോട് ചോദിച്ചു.
" ഉം.... പാലമരം, വെള്ളയും മഞ്ഞയും റോസും മന്ദാരങ്ങൾ, കുങ്കുമം, നെല്ലി.. "
കൈ വിരലുകൾ മടക്കി ഓരോന്നും എണ്ണി പറയുന്നവളെ കണ്ടവൻ വാത്സല്യത്തോടെ അവളെനോക്കി കിടന്നു.
" പിന്നേ.... ഇതിനൊക്കെ തറ കെട്ടണം ട്ടോ.... "
" തറകെട്ടാനോ...? "
അവൾ പറഞ്ഞത് മനസ്സിലാവാതെ അവൻ നെറ്റി ചുളിച്ചു കൊണ്ടവളെ നോക്കി.
" ആന്നേ... നമ്മളീ.. ആൽത്തറയൊക്കെ കെട്ടില്ലേ അത് പോലെ... " അവന്റെ മുടിയിൽ തഴുകി കൊണ്ടവൾ പറഞ്ഞു.
" ഓ... അങ്ങനെ എന്തായാലും എന്റെ കൊച്ച് ആശിച്ചു ചോദിച്ചതല്ലേ ഇത് സെറ്റ് ചെയ്തേക്കാം.. "
എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു വിരലുകൾ വലിച്ചു വിട്ടു.
" അതിന് ഇത് മാത്രല്ല ഇനീണ്ട്.. " അവൾ പറഞ്ഞത് കേട്ട് ഇനി എന്ത് എന്നറിയാനുള്ള ആകാംഷയോടെ അവൻ അവളെ നോക്കി..
" ഇനിയും ഉണ്ടോ... പറ കേൾക്കട്ടെ... എന്നെ കൊണ്ട് പറ്റുന്നതാണേൽ ഉറപ്പായും ഞാൻ ചെയ്തിരിക്കും. " അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടവൻ പറഞ്ഞു.
" ഇതൊക്കെ ചെയ്യാൻ പറ്റുന്നെയാ. "
" എന്നാ പറ കേൾക്കട്ടെ എന്തൊക്കെ ആണെന്ന്. "
" നമ്മടെ വീട്ടിൽ എല്ലാം നാടൻ പൂക്കൾ മതിട്ടോ... അതിനല്ലേ എപ്പഴും മണവും ഗുണവും ഭംഗിയും ഉണ്ടാവ.
അതായത്.. നാട്ടുമുല്ല, കുറ്റി മുല്ല, തെച്ചി, കനകാംമ്പരം, നാടൻ പനിനീർ.. അങ്ങനെ എല്ലാം വേണം നമ്മടെ വീട്ടിൽ. " അവൾ അവന്റെ വിരലുകളിൽ വിരൽ കോർത്തു കൊണ്ട് ചിരിയോടെ പറഞ്ഞു.
" നമ്മടെ വീട്ടിലേക്ക് താൻ വലതു കാല് വച്ച് കയറി വരുമ്പോ ഇതൊക്കെ അവിടുണ്ടാവും ഇതിന്റെയൊക്കെ കൂട്ടത്തിൽ നീ ഏറെ ആഗ്രഹിച്ച മറ്റൊരു കാര്യം കൂടെ അവിടുണ്ടാവും. "
അവളെ നോക്കി പറഞ്ഞു കൊണ്ടവൻ അവളുടെ ചുണ്ടുകളിലേക്ക് ഉറ്റു നോക്കി.
അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്നത് പോലവളുടെ കവിളുകളിൽ ചുവപ്പ് പടർന്നു. കണ്ണുകൾ നാണത്താൽ കൂമ്പി ശ്വാസം അതിവേഗത്തിലായി.
കാണാം....