Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ചോലനായ്ക്കർ - 3

മാരൻ്റെ ഉള്ളിൽ കരിമ്പുഴ പതഞ്ഞ് പൊന്തുമ്പോലെ രോഷം ഇരമ്പിയെങ്കിലും അവൻ പുറത്ത് കാട്ടിയത് ഒരു വന്യമൃഗത്തിന്റെ ശാന്തതയായിരുന്നു. 
അവൻ പതുക്കെ പറഞ്ഞു:

"നമ്മ... കരിയില മണം പിടിച്ചാ തീനി തേടണത്.. കനലു ചുട്ടു തിന്നുന്നത് കാടിന്റെ ജീവനെത്താൻ. അങ്ങേ ഒന്തും പഴശല്ല... ഇന്ത മണം കണക്കെ."

(ഞങ്ങൾ... കരിയിലകളുടെ മണം പിടിച്ചാണ് ആഹാരം കണ്ടെത്തുന്നത്. കനലിൽ ചുട്ടെടുക്കുന്നത് കാടിന്റെ ആത്മാവിനെയാണ്. അവിടെ ഒന്നും പഴകിയതല്ല... ഈ മണം പോലെ.)

അവൻ മുന്നിലിരുന്ന കാപ്പി കപ്പിലേക്ക് വിരൽ ചൂണ്ടി. അതിന്റെ മണം അവനെ ഓർമ്മിപ്പിച്ചത് കരിഞ്ഞുപോയ കാടിനെയായിരുന്നു.

"എന്താ മാരൻ, നീ പറയുന്നത് മനസ്സിലാകുന്നില്ലല്ലോ?" ആതിര ഒന്ന് പരുങ്ങി.

ഭാഷ ശ്രദ്ധിക്കണം എന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ ശ്രദ്ധിച്ച് സൂക്ഷിച്ച് പറഞ്ഞു,
"നിങ്ങൾക്ക് ഈ മണം ഇഷ്ടമാണോ?" 

മാരൻ സന്ദീപിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി ചോദിച്ചു. ""ഇവട കാറ്റുലു തണുപ്പ് ഇല്ലെ, മണ്ണു ഇല്ലെ. ഇവടെ പുകെ മത്രമേ ഇറുക്ക്."

(ഇവിടെ വായുവിൽ ഈർപ്പമില്ല, മണ്ണില്ല. ഇവിടെ പുകയേയുള്ളൂ)

സന്ദീപിന്റെ മുഖത്തെ പരിഹാസം പതുക്കെ മാറി. അവൻ്റെ കണ്ണുകളിൽ ഒരുതരം ദേഷ്യം പടർന്നു.
"ഓഹോ, അപ്പോൾ നമ്മളൊക്കെ മോശം വായു ശ്വസിക്കുന്നവരാണെന്നാണോ കാട്ടിൽ നിന്ന് വന്നവൻ പറയുന്നത്? ആതിര, നീ എവിടുന്ന് പിടിച്ചു കൊണ്ടു വന്നു ഇവനെ? മര്യാദക്ക് മലയാളം പോലും അറിയാത്തവൻ സിറ്റി കോളേജിൽ. കൊള്ളാം"

ആതിര വിഷയം മാറ്റാൻ ശ്രമിച്ചു. "സാരമില്ല ഗയ്‌സ്, മാരൻ ഇവിടെ ആദ്യമായിട്ടല്ലേ. വാ മാരൻ, നമുക്ക് ലൈബ്രറിയിൽ പോകാം."

അവൾ അവനെ അവിടുന്ന് രക്ഷിക്കാൻ ശ്രമിച്ചു.

അവർ എഴുന്നേറ്റു നടക്കുമ്പോൾ, കാന്റീനിലെ വലിയ ഫാനുകൾ കറങ്ങുന്ന ശബ്ദം മാരന് കേൾപ്പിച്ചത് മരങ്ങൾ കടപുഴകി വീഴുന്ന ഒച്ചയായിരുന്നു. ഓരോ ചുവടും വെക്കുമ്പോഴും തന്റെ പാദങ്ങൾ തറയുമായി കലഹിക്കുന്നത് അവൻ അറിഞ്ഞു.

ലൈബ്രറിയിലെ വലിയ ഹാളിൽ പുസ്തകങ്ങളുടെ അട്ടി കണ്ടപ്പോൾ മാരൻ അത്ഭുതപ്പെട്ടു. കറുത്ത ചട്ടയുള്ള, മഞ്ഞച്ച നിറമുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ. പക്ഷേ, അവന് തോന്നിയത് അവിടെ ആയിരം മരങ്ങൾ കൊന്നു തള്ളിയിരിക്കുന്നു എന്നാണ്.

"ഇതാണ് ഇനി നിന്റെ ലോകം മാരൻ," ആതിര ഒരു പുസ്തകം അവന് നേരെ നീട്ടി. "ഇതിലാണ് അറിവുള്ളത്."

മാരൻ ആ പുസ്തകം കയ്യിലെടുത്തു. അതിന് വല്ലാത്തൊരു മരവിപ്പായിരുന്നു. അവൻ പുസ്തകം മൂക്കിനടുത്ത് വച്ച് മണത്തു നോക്കി.
"എന്താ മാരൻ ഇത്?" ആതിര അത്ഭുതത്തോടെ ചോദിച്ചു.

"ഇതിൽ എലെ മണക്ക ഇല്ലെ... കാറ്റു മണക്ക ഇല്ലെ. ഇതിൽ അക്ഷര മത്രമേ ഇറുക്ക്."

(ഇതില് ഇലകളുടെ മണമില്ല... കാറ്റിന്റെ മണമില്ല. ഇതിൽ അക്ഷരങ്ങൾ മാത്രം)

മാരന്റെ സ്വരം താഴ്ന്നിരുന്നു.
"നമ്മ മൂപ്പൻ ചൊല്ലുതു, കാട് താനേ ഒന്ത വലിയ പുസ്തകം കണക്കെ. അല്ലി ഓരോ എലെയും ഓരോ കഥ താൻ."

(എന്റെ മൂപ്പൻ പറയും, കാട് തന്നെ ഒരു വലിയ പുസ്തകമാണെന്ന്. അവിടെ ഓരോ ഇലയും ഓരോ അധ്യായമാണ്)

പെട്ടെന്ന് സന്ദീപും കൂട്ടുകാരും അവിടേക്ക് കടന്നുവന്നു. അവർ മാരൻ പുസ്തകം മണക്കുന്നത് കണ്ടു പരിഹസിച്ചു ചിരിക്കാൻ തുടങ്ങി.
"ഇവൻ ശരിക്കും ഒരു കാട്ടാളൻ തന്നെ! പുസ്തകം മണക്കാനുള്ളതല്ല, വായിക്കാൻ ഉള്ളതാണെന്ന് ഇവനെ ആരെങ്കിലും ഒന്ന് പഠിപ്പിച്ചു കൊടുക്ക്.."

സന്ദീപിന്റെ ശബ്ദം ലൈബ്രറിയിലെ നിശബ്ദതയെ കീറിമുറിച്ചു.
ലൈബ്രേറിയൻ അവരെ ശാസിച്ചു. 

പക്ഷേ മാരന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിപ്പോയി. അവൻ തന്റെ ഭാണ്ഡം മുറുക്കിപ്പിടിച്ചു. ആതിരയെ നോക്കി. അവളുടെ മുഖത്ത് ഇപ്പോൾ സഹതാപമായിരുന്നു. ആ സഹതാപം മാരനെ മുറിവേൽപ്പിച്ചു. അവന് ആരുടെയും സഹതാപം വേണ്ടായിരുന്നു.

അവൻ തിരിഞ്ഞ് പുറത്തേക്ക് നടന്നു.
"മാരൻ, നിൽക്കൂ!" ആതിര പിന്നിൽ നിന്ന് വിളിച്ചു.
പക്ഷേ അവൻ നിന്നില്ല. സിമന്റ് കെട്ടിടങ്ങളുടെ ഇടയിലൂടെ അവൻ ധൃതിയിൽ നടന്നു..

പുറത്ത് വെയിൽ കടുത്തു നിൽക്കുന്നു. അവൻ കോളേജ് ഗേറ്റിന് പുറത്തെത്തി. തിരക്കേറിയ റോഡിന്റെ വശത്ത് നിന്നു. വാഹനങ്ങൾ കരിപ്പുക തുപ്പിക്കൊണ്ട് പായുന്നു.

ആസ്ഫാൾട്ട് റോഡിൽ നിന്ന് ഉയർന്ന ചൂട് അവന്റെ വിയർപ്പിനെ ഉണക്കി.
അവൻ ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കായി.

പെട്ടെന്ന്, തന്റെ കീശയിൽ എന്തോ ഒന്ന് തടയുന്നത് അവൻ അറിഞ്ഞു. അവൻ കൈയിട്ടു നോക്കി. അതൊരു ഉണങ്ങിയ ഈഞ്ചപ്പട്ടയായിരുന്നു. കാട് അവന് യാത്രയയപ്പ് നൽകിയപ്പോൾ മലവൻ കൊടുത്തതാണ്.

അവൻ അത് മൂക്കിനടുത്ത് വച്ചു. ആ കയ്പ്പുള്ള, തണുപ്പുള്ള വന്യഗന്ധം...
ഒരു നിമിഷം കൊണ്ട് നഗരത്തിന്റെ ശബ്ദങ്ങൾ അവൻ്റെ ഉള്ളിൽ മാഞ്ഞുപോയി. അവന്റെ കാതിൽ കരിമ്പുഴയുടെ ഇരമ്പലും, ചീവീടുകളുടെ മന്ത്രണവും നിറഞ്ഞു. അവൻ കണ്ണുകൾ അടച്ചു. തന്റെ ഉള്ളിലെ കാട് ഇപ്പോഴും മരിക്കാതെ നിൽക്കുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

"മാരാ..." തൊട്ട് അടുത്ത് നിന്ന് ഒരു വിളി അവൻ കേട്ടു. അവൻ കണ്ണു തുറന്നു. 

മുന്നിൽ ആതിര നിൽക്കുന്നു. അവളുടെ കൈകളിൽ അവന്റെ ഒരു നോട്ട്ബുക്ക് ഉണ്ടായിരുന്നു.
"നീ നിന്റെ ഡയറി അവിടെ മറന്നു വെച്ചു. ഇതിൽ നീ എന്തൊക്കെയോ വരച്ചിട്ടുണ്ടല്ലോ..." ആതിര അത് അവന് നൽകി.

മാരൻ അത് വാങ്ങി. അതിൽ അവൻ വരച്ചു വെച്ചിരുന്നത് 'അള'യ്ക്കുള്ളിൽ (ഗുഹയ്ക്കുള്ളിൽ) ഇരുന്നു കാണുന്ന കാടിന്റെ ചിത്രമായിരുന്നു. മഴപ്പച്ച പിടിച്ച ഈട്ടിമരങ്ങളും, പതഞ്ഞൊഴുകുന്ന കരിമ്പുഴയും.

"നീ ഞങ്ങൾക്ക് കാടിനെ പറ്റി പറഞ്ഞു തരുമോ മാരൻ?" ആതിരയുടെ ചോദ്യം ഇത്തവണ വെറുമൊരു കൗതുകമായിരുന്നില്ല. അതിൽ ഒരുതരം ആദരവുണ്ടായിരുന്നു.

മാരൻ ആതിരയെ നോക്കി. പിന്നെ ദൂരെ പുകമറയ്ക്കപ്പുറം മറഞ്ഞു നിൽക്കുന്ന മലനിരകളെ നോക്കി.
"അക്ഷരങ്ങൾ പഠിച്ചാൽ മാത്രം പോര ആതിര... ഈ മണം അറിയണം." മാരൻ തന്റെ കയ്യിലിരുന്ന ഈഞ്ചപ്പട്ട അവൾക്ക് നേരെ നീട്ടി.

ആതിര അത് വാങ്ങി മണത്തു നോക്കി. അവളുടെ മുഖത്ത് ഒരു വിസ്മയം വിരിഞ്ഞു.
"ഇതെന്താ മാരൻ... വല്ലാത്തൊരു മണം!"
"അത് കാടിന്റെ ശ്വാസമാണ്," മാരൻ മന്ദഹസിച്ചു. ആദ്യമായി അവന്റെ മുഖത്ത് ഒരു ചെറുചിരി വിരിഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. മാരൻ പതുക്കെ അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങി. പക്ഷേ ലൈബ്രറിയിലെ പുസ്തകങ്ങളേക്കാൾ അവൻ വായിച്ചത് ചുറ്റുമുള്ള മനുഷ്യരെയായിരുന്നു.

സന്ദീപും കൂട്ടരും മാരനെ ഒരു പരിഹാസ പാത്രമാക്കാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കിയില്ല.

ഒരു ദിവസം അവർ മാരന്റെ ബാഗ് തട്ടിപ്പറിച്ച് അതിലെ വനവിഭവങ്ങൾ നിലത്തിട്ടു. ഉണങ്ങിയ തേനും, ഔഷധവേരുകളും സിമന്റ് തറയിൽ ചിതറി.

"ഇതാണോ നിന്റെ നിധി?" സന്ദീപ് അട്ടഹസിച്ചു.

മാരന്റെ ഉള്ളിൽ കാട്ടിലെ കൊടുങ്കാറ്റ് പോലൊരു രോഷം ഇരമ്പിക്കയറി. 

അവൻ സന്ദീപിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. ശക്തമായ പൗരുഷത്തിൻ്റെ പിടി. അവന്റെ കൈകളിലെ ഈറ്റയുടെ കരുത്ത് സന്ദീപിന് അനുഭവപ്പെട്ടു. കാടൻ കരുത്ത്. സന്ദീപ് ഒരു നിമിഷം നടുങ്ങി. 

പക്ഷേ, മാരൻ അവനെ ഉപദ്രവിച്ചില്ല.

"നീ നശിപ്പിച്ചത് വെറുമൊരു വേരല്ല സന്ദീപ്... നമ്മ മുത്തപ്പന്മാരുടെ വിയർപ്പു താൻ. ഈ നഗരത്തിന് കൊടുക്ക എനക്ക് ഇത് മത്രമേ ഇറുക്ക്."

(നിങ്ങൾ നശിപ്പിച്ചത് വെറുമൊരു വേരല്ല സന്ദീപ്... എന്റെ പൂർവ്വികരുടെ വിയർപ്പാണ്. നഗരത്തിന് തരാൻ എന്റെ കയ്യിൽ ഇതേയുള്ളൂ)

അവൻ ഓരോ വേരും മണ്ണിൽ നിന്ന് പെറുക്കിയെടുത്തു. ആതിര അവനെ സഹായിച്ചു. 

എന്തെന്നറിയില്ല.. കൂടുതൽ ഒന്നും പറയാതെ സന്ദീപ് തല താഴ്ത്തി അവിടെ നിന്ന് നടന്നുപോയി.