Read Edge by jijimol in Malayalam Short Stories | മാതൃഭാരതി

Featured Books
  • പ്രാന്ത്

    ഒരു അലറിക്കരച്ചിലും, കാലിലെ ചങ്ങലയും ഇല്ലാതെ തന്നെ ‘പ്രാന്തി...

  • പൂമ്പാറ്റ

    ചാരുകസേരയിൽ അയാൾ ചാരി ഇരുന്നു പത്രം വായിക്കുകയാണ്ക.ണ്ണ് ശരിക...

  • എകാകിനി

    മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരി...

  • കൃത്രിമ ബുദ്ധി

    *ലഹരിയെ എങ്ങനെ പ്രതിരോധിക്കാം*ഇന്ന് ലഹരി പദാർത്ഥങ്ങൾക്ക് മിക...

  • ചോലനായ്ക്കർ - 3

    മാരൻ്റെ ഉള്ളിൽ കരിമ്പുഴ പതഞ്ഞ് പൊന്തുമ്പോലെ രോഷം ഇരമ്പിയെങ്ക...

വിഭാഗങ്ങൾ
പങ്കിട്ടു

പ്രാന്ത്

ഒരു അലറിക്കരച്ചിലും, കാലിലെ ചങ്ങലയും ഇല്ലാതെ തന്നെ ‘പ്രാന്തി’ എന്ന് മുദ്രകുത്തപ്പെട്ടവളായിരുന്നു അവൾ.

ആരോടും ഒന്നും മിണ്ടാതെ, എങ്ങോട്ടോ നോക്കി, കടലിലേക്ക് കണ്ണും നട്ടിരുന്ന അവളെ നോക്കി അവർ പറഞ്ഞു.

“അതെന്താ അങ്ങനെ?"
“എന്ത്? എന്നിട്ട് നിങ്ങളാരും അവളോട് സംസാരിക്കാൻ ശ്രമിച്ചില്ലേ?”

“ഇല്ല… അതിന് തോന്നിയില്ല.”

“എന്നാൽ ഞാൻ ഒന്ന് പോയി സംസാരിക്കട്ടെ?”

“അയ്യോ, അത് വേണ്ട. എന്തിനാ?”

“അവർ നമ്മുടെ ആരാ?”

അന്ന് ആ കടൽത്തീരത്ത് അവളെ ഒറ്റയ്ക്കാക്കി ഞങ്ങൾ തിരികെപ്പോന്നു.

എന്തിനായിരിക്കും ഒരു ഉപദ്രവവും ഇല്ലാത്ത ഒരാളെ ‘പ്രാന്തി’ എന്ന് മുദ്രകുത്തിയത്?

ഒരുപാട് ദിവസങ്ങൾ കടന്നുപോയി.

പിന്നീടൊരിക്കൽ, ഒരു മനോഹരമായ പൂന്തോട്ടത്തിലൂടെ അവൾ നടന്നുപോകുന്നത് ഞാൻ കണ്ടു.

പക്ഷേ, അവൾ അവയുടെ ഭംഗി ആസ്വദിക്കുന്നതായി എനിക്ക് തോന്നിയില്ല.

അവൾ എന്തോ തിരയുകയായിരുന്നു.

എന്തോ… അല്ലെങ്കിൽ ആരെയോ.

ആ കൂടിക്കാഴ്ചയും ഒന്നും സംഭവിക്കാതെ അവസാനിച്ചു.

പിന്നീടൊരിക്കൽ അവളെ ഞാൻ ഒരു വെള്ളച്ചാട്ടത്തിനരികിൽ കണ്ടു.

വെളിച്ചം പൂർണ്ണമായി പരക്കുന്നതിന് മുമ്പുള്ള ഒരു പുലർച്ചെ.

ഒരു ക്ഷേത്രപ്പടവിന് അരികിലായിരുന്നു അവൾ.

അന്ന് ആദ്യമായാണ് ഞാൻ അവളുടെ അടുത്തേക്ക് ചെന്നത്.

അവിടെ എല്ലാവരും തിരക്കിലായിരുന്നു.

ക്ഷേത്രത്തിന്റെ ഭംഗി കാണാനും ഫോട്ടോകളെടുക്കാനും വീഡിയോകൾ പകർത്താനും എല്ലാവരും ഓടിനടന്നു.

വെയിൽ ഉദിക്കുന്നതിന് മുമ്പുള്ള കാഴ്ച ക്യാമറയിൽ പകർത്തണമല്ലോ.

പക്ഷേ അവൾ…

അവൾ ആ ക്ഷേത്രത്തിലേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല.

അവളുടെ കണ്ണുകൾ മറ്റെന്തിനെയോ കാത്തിരിക്കുകയായിരുന്നു.

അവിടെ ഉണ്ടായിരുന്ന അവസാന മനുഷ്യനും തന്റെ ആവശ്യം കഴിഞ്ഞ് തിരികെപ്പോയി.

പെട്ടെന്ന് പ്രകൃതിയാകെ മാറിത്തുടങ്ങി.

ആകാശം ഇരുണ്ടു.

മഴ വരാനിരിക്കുന്നതുപോലെ.

പക്ഷേ അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു.

അവൾ അവിടെത്തന്നെ ഇരിക്കുന്നത് കണ്ടാണ് ഞാൻ അവളുടെ അടുത്തേക്ക് ചെന്നത്.

“എത്ര പെട്ടെന്നാണ് കാലവസ്ഥ മാറുന്നത്, അല്ലേ?”

അവൾ എന്റെ മുഖത്തേക്ക് നോക്കി.

ആ കണ്ണുകളിൽ പെട്ടെന്ന് തെളിഞ്ഞ സന്തോഷം അടുത്ത നിമിഷം തന്നെ മാഞ്ഞുപോയി.

അപ്പോഴേക്കും ചാറ്റൽമഴ തുടങ്ങി.

“വരൂ… നമുക്ക് അങ്ങോട്ട് കയറി നിൽക്കാം.”

“ഇല്ല.”

“നല്ല മഴ വരാൻ പോകുന്നുണ്ടെന്ന് തോന്നുന്നു.”

അവൾ ചെറുതായി പുഞ്ചിരിച്ചു.

“ഇല്ല… ഞാൻ ഇവിടെ ഇരുന്നോളാം.”

മഴ ശക്തമായി.

ഞാൻ അടുത്തുള്ള ഒരു ഷെഡിനടിയിൽ നിന്നു.

അവൾ മഴയത്ത് തന്നെയിരുന്നു.

അവളുടെ മുഖത്തുകൂടി ഒലിച്ചിറങ്ങിയത് മഴത്തുള്ളികളാണെന്ന് എനിക്ക് തോന്നിയില്ല.

അത് കണ്ണുനീരാണെന്ന് തോന്നി.


മഴ അവസാനിച്ചപ്പോൾ ഞാൻ വീണ്ടും അവളുടെ അരികിൽ ചെന്നിരുന്നു.

അവൾക്കും ആരോടോ എന്തൊക്കെയോ പറയാനുണ്ടെന്ന് എനിക്ക് തോന്നി.

“നിങ്ങൾ കാത്തിരിക്കുന്ന ആൾ വന്നില്ലല്ലേ?”

അവൾ ഒരുപാട് സങ്കടത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

പതുക്കെ തലകുലുക്കി.

“ഇല്ല.”

“സാരമില്ല.”

അവൾ വീണ്ടും തലയാട്ടി.

അവൾ പ്രതീക്ഷിക്കുന്ന ആൾ ഒരിക്കലും വരില്ലെന്ന് അവൾക്കും അറിയാമായിരുന്നോ?

എന്നിട്ടും അവൾ കാത്തിരിക്കുകയായിരുന്നു.

“നിങ്ങൾക്ക് സംസാരിക്കാൻ ഒരുപാട് ഉണ്ടെന്ന് എനിക്കറിയാം. എന്തിനാണ് ഒന്നും ആരോടും പറയാതെ ഇങ്ങനെ ഇരിക്കുന്നത്?”

അവൾ എന്നെ നോക്കി.

“ഒന്നും മിണ്ടാതിരുന്നാലും പ്രാന്തിയാകുമല്ലോ?”

“നമുക്ക് പരസ്പരം അറിയില്ല. പക്ഷേ… നിങ്ങൾക്ക് എന്നോട് സംസാരിച്ചുകൂടേ?”

ഞാൻ ചോദിച്ചു 

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

പിന്നെ ചോദിച്ചു.

“നിങ്ങളെ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ?”

ഞാൻ തലയാട്ടി.

“ പ്രണയം.”

അവൾ പതുക്കെ പറഞ്ഞു.

“അത് സന്തോഷം മാത്രം തരില്ല. സങ്കടങ്ങളും തരും.”

അവൾ ദൂരേക്ക് നോക്കി.

“പക്ഷേ അതുകൊണ്ട് നമ്മൾ പ്രണയത്തെ വെറുക്കേണ്ടതില്ല.”

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയലുണ്ടായിരുന്നു.

“എനിക്കൊരു പ്രണയമുണ്ടായിരുന്നു.”

അവൾ ഒന്ന് പുഞ്ചിരിച്ചു.

“ഞാൻ പോലും അറിയാതെ എന്നിൽ വേരുറച്ചുപോയ ഒരു ഇഷ്ടം.”

“ഒരുപാട് തവണ എന്റെ മനസ്സ് പറഞ്ഞു… ഇത് ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലെന്നു .”

“ചുറ്റുമുള്ളവരും പറഞ്ഞു.”

“പക്ഷേ അതൊന്നും ആ ഇഷ്ടത്തെ ഇല്ലാതാക്കാനുള്ള കാരണമായി എനിക്ക് തോന്നിയില്ല.”

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു.

“എനിക്ക്  അവനോട് ‘പ്രണയം’ എന്ന് പറയണമെന്നല്ല തോന്നിയിട്ടുള്ളത്.”

“അവനോട് എനിക്ക് ഇഷ്ടമാണ്.”

അവൾ ചെറുതായി ചിരിച്ചു.

“ഭയങ്കര ഇഷ്ടം.”

ആ വാക്ക് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.

ആ പുഞ്ചിരിയിൽ സങ്കടവും സന്തോഷവും ഒരുമിച്ചുണ്ടായിരുന്നു.

“അവന് പ്രകൃതി കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു.”

അവൾ ചുറ്റും നോക്കി.

“ക്യാമറയിൽ അതിന്റെ ഭംഗി പകർത്താനും.”

പെട്ടെന്ന് അവൾ എന്തോ ഓർത്തതുപോലെ ചിരിച്ചു.

“ഒരു പൂവിനെപ്പോലും ഫോട്ടോ എടുക്കുന്നതിന് മുമ്പ് ഒരുപാട് നേരം നോക്കിനിൽക്കും.”

“‘ഫോട്ടോ എടുക്കുന്നതിന് മുമ്പ് അതിനെ കണ്ടാസ്വദിക്കണം’ എന്നാണ് അവൻ പറയാറ്.”

അവൾ നിശ്ശബ്ദയായി.

അപ്പോഴാണ് എനിക്ക് മനസ്സിലായത്.

ഞാൻ അവളെ കണ്ടിരുന്ന ഓരോ സ്ഥലത്തും അവൾ എന്തിനെയാണ് തിരഞ്ഞിരുന്നതെന്ന്.

അവൾ പ്രകൃതിയെ കാണാൻ വന്നതല്ല.

പ്രകൃതിയെ സ്നേഹിച്ചിരുന്ന ഒരാളെ ഓർക്കാനായിരുന്നു.

“അവൻ?”

ഞാൻ പതുക്കെ ചോദിച്ചു.

“അറിയില്ല.”

അവളുടെ ശബ്ദം നേർത്തു.

“തിരിച്ച് വരുമെന്ന് പറഞ്ഞിട്ടാണ് പോയത്.”

“വന്നില്ലേ ഇതുവരെ?”

“ഇല്ല.”

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

“ആദ്യം ഒരുപാട് കരഞ്ഞിരുന്നു.”

“ആ കരച്ചിൽ ചുറ്റുമുള്ളവർക്ക് ശല്യമായി തുടങ്ങിയപ്പോൾ… ഞാൻ കരച്ചിൽ നിർത്തി.”

“അവനെ അന്വേഷിച്ചില്ലേ?”

“ഇല്ല.”

“എന്താ?”

അവൾ താഴേക്ക് നോക്കി.

“തിരിച്ച് വരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ…”

“എന്നാലും… അന്വേഷിക്കാമായിരുന്നില്ലേ?അവനെക്കുറിച്ച് ഒന്നും അറിയില്ലേ?”

അവൾ എന്നെ നോക്കി.

“എല്ലാം അറിയാം.”

“എന്നിട്ടും അന്വേഷിച്ചില്ല?”

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

“പേടിയാണ്.”

“എന്തിന്?”

അവൾ കണ്ണുകൾ അടച്ചു.

“അവൻ എന്നോട് പറഞ്ഞിട്ടുണ്ട്…”

“കുറച്ച് സമയം എടുത്താലും, ജീവനോടെ ഭൂമിയിൽ ഉണ്ടെങ്കിൽ തിരിച്ച് വരുമെന്ന്.”

അവൾ പതുക്കെ കണ്ണുതുറന്നു.

“അവൻ വരില്ലെന്ന് ഒരിക്കൽ ഉറപ്പായാൽ…”

അവളുടെ ശബ്ദം ഇടറി.

“അത് സഹിക്കാൻ എനിക്ക് കഴിയുമോ എന്നറിയില്ല.”

അവൾ കണ്ണുനീർ തുടച്ചു.

“അതുകൊണ്ട്… ഞാൻ കാത്തിരിക്കുകയാണ്.”

അവൾ കരഞ്ഞു.

അവളുടെ കണ്ണുനീർ കണ്ടപ്പോൾ ഞാനും ഒന്നും പറയാനാകാതെ നിന്നു.

പിന്നെയും അവൾ ഒരുപാട് സംസാരിച്ചു.

ഒടുവിൽ അവൾ എന്നോട് പറഞ്ഞു:

“ഒരാളിൽ തന്നെ നമ്മുടെ സന്തോഷവും സങ്കടവും മുഴുവൻ ഒതുക്കിവെക്കാതിരിക്കാൻ ശ്രദ്ധിക്കണം.
എപ്പോഴും അതിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെ ഉണ്ടാകണം.”

ഞാൻ കുറച്ചുനേരം അവളെ നോക്കി.

പിന്നെ ചോദിച്ചു:

“ഇങ്ങനെ ആയിപ്പോയതിൽ… നിങ്ങൾക്ക് എപ്പോഴെങ്കിലും തെറ്റ് പറ്റിയെന്ന് തോന്നിയിട്ടുണ്ടോ?”

“ഇല്ല.ഒരിക്കലും അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല.”

അവൾ ദൂരേക്ക് നോക്കി.

“കാരണം ഒരാളെ നമ്മൾ സ്നേഹിക്കുമ്പോൾ… ചില കാര്യങ്ങൾ നമ്മുടെ കൈയിൽ നിൽക്കില്ല.
അവരെ സ്നേഹിക്കണമോ വേണ്ടയോ എന്ന് പോലും ചിലപ്പോൾ നമ്മൾ തീരുമാനിക്കുന്നതല്ല.”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ തുടർന്നു.

“പിന്നെ അതിന്റെ പേരിൽ അവരെ നമുക്ക് കുറ്റപ്പെടുത്താൻ പറ്റുമോ?”

“ഇല്ല. ഒരിക്കലുമില്ല.”

“ചില ഇഷ്ടങ്ങൾ  തിരിച്ചറിഞ്ഞാലും… അത് തിരിച്ച് തരാൻ അവരുടെ സാഹചര്യങ്ങൾ അവരെ അനുവദിച്ചെന്നുവരില്ല.”

“അപ്പോൾ നമ്മൾ എന്ത് ചെയ്യും?
ആരോടും പരാതി പറയാതെ…എല്ലാം നമ്മളിൽ തന്നെ ഒതുക്കിവയ്ക്കും.”

അവൾ ദൂരേക്ക് നോക്കി പറഞ്ഞു 

“ചിലപ്പോൾ…അതിനും ഈ ലോകം ഒരു പേരിടും.”

“പ്രാന്ത്.”