Featured Books
  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

  • ഡെയ്ഞ്ചർ പോയിന്റ് - 2

    ️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോ...

  • Exit 16

                            Part 1 സൗദിയിലെ നാഷണൽ ഡേ ദിവസത്തിൻ്റ...

  • കിരാതം - 1

    പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്ത...

വിഭാഗങ്ങൾ
പങ്കിട്ടു

കർമ്മം -ഹൊറർ സ്റ്റോറി (2)

🙏 ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു പിന്നെ വന്നവരെ അകത്തളത്തിലേക്ക് ക്ഷണിച്ചു... കടന്നുവരൂ...വയ്യാത്ത കുട്ടിയെ താഴെ പുല്ലുപായയിലേയ്ക്ക് കിടത്തിയേക്കു അച്ഛനും അമ്മയും സഹോദരനും അവർക്കരികിൽ ഇരുന്നോളൂ... വജ്രബാഹുവിന്റെ സ്വരം എത്ര സൗമ്യമായിരുന്നുവെന്ന് അവർ മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത് അവർ മൂവരും ബഹുമാനപുരസരം വജ്രബാഹുവിനെ തൊഴുതു... സ്വാമിജി  രക്ഷിക്കണം ഞങ്ങളുടെ മകൾ അപകടത്തിലാണ് അവർ കരയാൻ തുടങ്ങി... സഹോദരനാണെങ്കിൽ സങ്കടം കൊണ്ട് നീറി പുകയുകയാണ് എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ആ പാവം പയ്യൻ അവരുടെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണീർ കണങ്ങൾ നിപതിച്ചതോ വജ്രബാഹുവിന്റെ ഹൃദയസാനുക്കളിൽ അവരെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം സാവധാനം നടന്നു ചെന്ന് ഉദ്യാനത്തിൽ നിന്നും ഒരു തുളസി ദളം പറിച്ചെടുത്തു പിന്നെ സർവ്വലോകത്തിനധിപനാകും ശംഭോ മഹാദേവന്റെ പഞ്ചലോഹ വിഗ്രഹത്തിനു മുൻപിൽ നമ്രശിരസ്കനായി നിന്ന് തുളസീദളം ഇരു കരങ്ങളിലും ചേർത്തുപിടിച്ച് കൈകൂപ്പി ശിവ ധ്യാനത്തിലമർന്നു... ശാന്തം പത്മാസനസ്തം ശശിധരമകുടം...പഞ്ചവക്രതം ത്രിനേത്രം ശൂലം വജ്രം  ച ഖ ഡ് ഗം പരശുമഭയകം... ദക്ഷഭാഗേ വഹന്തം... നാഗം പാശം... ചഘണ്ടാം പ്രളയഹുതവഹം.. സാങ്കുശം വാമഭാഗേ നാനാലങ്കാര ദീപ്‌തം... സ്ഫടികമണി നിഭം പാർവതീശം നാമാമി... ശിവ ധ്യാനം പൂർത്തീകരിച്ച് കയ്യിലിരുന്ന തുളസീദളം ശിവ പാദത്തിങ്കൽ അർപ്പിച്ചു... അതിനുശേഷം മരണാസന്നയായി കിടന്നിരുന്ന പെൺകുട്ടിയുടെ അരികിലെത്തി പിന്നെ പതിയെ പറഞ്ഞു... ഈ പെൺകുട്ടിക്ക് നിങ്ങളുടെ പ്രദേശവാസിയായ ഒരാൾ കടുത്ത ഒരു ക്ഷുദ്ര പ്രയോഗം ചെയ്തു വച്ചിട്ടുണ്ട് ഈശ്വരാധീനം ഒന്നുകൊണ്ടുമാത്രമാണ് തക്കസമയത്ത് തന്നെ നിങ്ങൾ ഇവിടെ എത്തിച്ചേരാൻ ഇടവന്നത് കുടുംബം നശിച്ചു പോകുവാനും കടം കയറി മനസ്സമാധാനം നഷ്ടപ്പെട്ടു ജോലിയും കൂലിയും ഒന്നുമില്ലാതെ നട്ടം തിരിഞ്ഞു എല്ലാവരാലും വെറുക്കപ്പെട്ട് നിത്യ രോഗത്തിന്റെ പിടിയിൽ അമർന്ന് ഒടുവിൽ നിങ്ങൾ എല്ലാവരും തന്നെ സ്വയം ജീവിതം അവസാനിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് എത്തിച്ചേരുന്ന അതിക്രൂരമായ പ്രയോഗം... മനസ്സാക്ഷിയുള്ള ഒരു മാന്ത്രികനും ഇത്തരം കർമ്മങ്ങൾ ചെയ്യില്ല... കരിങ്കല്ലിനേക്കാൾ കാഠിന്യമുള്ള മനസ്സും ക്രൂരതയും കൈമുതലാക്കിയ ആസുര ഭാവം പൂണ്ട രാക്ഷസ ജന്മങ്ങളും മാത്രമേ ഇത്തരം കൊടുംപാതകങ്ങൾ ചെയ്യു.. ഈ കർമ്മം  ഒരു കുടുംബത്തെ ഇല്ലായ്മ ചെയ്യലാണ് എന്നു വച്ചാൽ വജ്രബാഹു പീഠത്തിൽ ഒന്ന് അമർന്നിരുന്നു പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി ഇഹലോകത്തിൽ നമ്മുക്ക് ജീവിതം തന്നത് ഈശ്വരനാണ് ജന്മം നൽകിയ അതേ ഈശ്വരന് മാത്രമേ മരണം നൽകി  നമ്മെ തിരിച്ചു വിളിക്കാൻ അവകാശമുള്ളൂ... അങ്ങിനെയുള്ള മനുഷ്യജന്മം ആര് അവസാനിപ്പിക്കുന്നുവോ  അവൻ ഈശ്വരന്റെ ശത്രുവായിരിക്കും... ആ ഈശ്വരന്റെ  നീതി ന്യായ കോടതിയിലെ ശിക്ഷ വളരെ വലുതായിരിക്കും അത് താങ്ങാനുള്ള കരുത്ത് ഇത്തരം കപട ജന്മങ്ങൾക്ക് ഉണ്ടായിരിക്കില്ല... വജ്രബാഹുവിന്റെ ശബ്ദം ഒന്ന് കനത്തു... അൽപ്പനേരം ധ്യാനത്തിൽ ഇരുന്ന്  അദ്ദേഹം ശിവഭജനം ചൊല്ലാൻ തുടങ്ങി.. ശംഭു നാമ ചന്ദ്രചൂഡ സാമഗാനപ്രിയ വിഭോ സർവ്വ ദേവ സ്തോത്രപുനിത... സർപ്പ ഭൂഷണാലങ്കാര കാമദഹന ലലാട നേത്ര... കാരുണ്യ കപാല പാത്ര നീലകണ്ഠ കൈലാസവാസ ഗൗരി കാന്താ... പ്രിയ വിഭോ... ശിവഭജനം ചൊല്ലി തീർന്ന ശേഷം  അദ്ദേഹം സാവധാനം എഴുന്നേറ്റു... എല്ലാവരും തന്നെ അപ്പോഴും തൊഴുകൈയോടെ വജ്രബാഹുവിനെ സാകൂതം നോക്കിയിരിക്കുകയായിരുന്നു... കുറഞ്ഞ സമയം കൊണ്ടു തന്നെ  അദ്ദേഹം അവരുടെ കാണപ്പെട്ട ദൈവമായി മാറിക്കഴിഞ്ഞിരുന്നു... എല്ലാവരും പോയി ഭഗവാനെ പ്രാർത്ഥിച്ചു വന്നോളൂ.. വജ്രബാഹു അവരെ നോക്കി പറഞ്ഞു... അല്ല മോന്റെ നക്ഷത്രം ഏതാ  ഉത്രം തന്നെയല്ലേ... പെൺകുട്ടിയുടെ സഹോദരനെ നോക്കി അദ്ദേഹം ചോദിച്ചു... അതെ സ്വാമിജി ഏറെ അമ്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും അവർ പറഞ്ഞു... ഇനി നിങ്ങളുടെ എല്ലാവരുടെയും നക്ഷത്രങ്ങൾ ഞാൻ പറയാം അമ്മയുടെ നക്ഷത്രം മകം... അച്ഛന്റെ നക്ഷത്രം വിശാഖം.. മകളുടെ രേവതി... എന്താ ശരിയല്ലേ... എല്ലാം ശരിയാണ് സ്വാമിജി... അവിടുത്തെ ഈ മഹാജ്ഞാനത്തിൽ  എന്തു ചെയ്യണം എന്തു പറയണം എന്നറിയാത്ത വല്ലാത്ത ഒരു അവസ്ഥയിലാണ് ഞങ്ങളിപ്പോൾ... അവർ വീണ്ടും അദ്ദേഹത്തിനു നേരെ കരങ്ങൾകൂപ്പി തൊഴുതു... അതുകണ്ട് വജ്രബാഹു മന്ദഹാസത്തോടെ പറഞ്ഞു  ഒട്ടും അതിശയോക്തി വേണ്ട എല്ലാം ഭഗവാന്റെ കൃപ.. അവർ മൂവരും മഹാദേവനെ കുമ്പിട്ടു പ്രാർത്ഥിച്ചു... ഭഗവാനെ എല്ലാം ശുഭമാക്കി തരണേ.. പ്രാർത്ഥന കഴിഞ്ഞ് തിരികെയെത്തിയ അവരോട് വജ്രബാഹു പറഞ്ഞു... മകന്റെ നക്ഷത്രം ഉത്രം ബഹുകേമാ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നക്ഷത്രം... ഈ ഉത്രം നക്ഷത്രക്കാരനാ നിങ്ങളുടെ കുടുംബത്തിന്റെ രക്ഷ ആ നക്ഷത്രത്തിന്റെ പിൻബലം ഒന്നുകൊണ്ടുമാത്രമാണ് നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ സാധിച്ചത്... ഓട്ടുമൊന്തയിലിരുന്ന തീർത്ഥജലം അല്പം പാനം ചെയ്ത ശേഷം വജ്രബാഹു തുടർന്നു... നിങ്ങൾ മൂന്നുപേരും ആ കസേരകളിൽ ഇരുന്നോളൂ... ശരി സ്വാമിജി  അവർ കസേരകളിൽ ഇരുന്നു.. ഇപ്പോൾ നിങ്ങളുടെ മകൾ അബോധാവസ്ഥയിൽ ആണല്ലോ ഇനി അവൾ ഉണരുന്നത് യാതൊരുവിധ ദോഷങ്ങളും ഇല്ലാത്ത ഒരു പുതിയ പെൺകുട്ടി ആയിട്ടായിരിക്കും... ഇതിനോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളൊന്നും  തന്നെ ഓർത്തെടുക്കുവാൻ ഇനി അവൾക്ക് കഴിയില്ല... ഓരോ നിമിഷം ചെല്ലുംതോറും ഈ മകൾ മരണത്തിലേക്ക് ചുവടുകൾ വച്ചുകൊണ്ടിരിക്കുകയായിരുന്നു... എന്നാൽ മഹാദേവ സന്നിധിയിൽ എത്തിച്ചേർന്നയുടൻ ആ സാധ്യതക്ക് കൂച്ചുവിലങ്ങ് വീണു.. അതായത് അന്തകനായി അവതരിച്ച ദുർമൂർത്തിയിൽ നിന്നും ഈ സഹോദരി രക്ഷ പ്രാപിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം.. നിങ്ങൾ ഓം നമശിവായ ജപിച്ചുകൊണ്ടിരുന്നോളു ഞാനിതാ വരുന്നു വജ്രബാഹു ഉദ്യാനത്തിനപ്പുറത്തുള്ള തൊടിയിലേക്ക് നടന്നു അവിടെ വളർന്നു നിൽക്കുന്ന രുദ്രാക്ഷമരത്തിനു താഴെ ഒരു വലിയ ചെടിച്ചട്ടി അത് വെറും ചെടിച്ചട്ടി അല്ല പിച്ചളയിൽ തീർത്ത അതിമനോഹരവും വളരെ വിസ്താരവും ഉള്ള ഒരു അത്ഭുത ചെടിച്ചട്ടി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തുടരും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏