ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉടനെ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് ഗൗരിയുടെ വിവരങ്ങൾ തിരക്കണമെന്നവൾക്ക് തോന്നി.
സിസ്റ്റർ മിനിക്ക് ഡയൽ ചെയ്യുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു.
"ഹലോ"
"ഹലോ മാഡം"
"മിനീ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയാനുണ്ട്, അതാ ഞാൻ തിരക്കിട്ട് നിങ്ങളെ വിളിച്ചേ"
"പറഞ്ഞോളൂ മാഡം"
"ആ ആക്സിഡൻ്റ് കേസ് നിങ്ങൾ ഓർക്കുന്നില്ലേ, ഗൗരിയുടെ"???
"ങാ, അതെങ്ങനെ മറക്കാനാ മാഡം, ഒരു പുലിവാല് പിടിച്ച കേസായിരുന്നു"
"അവരുടെ കാര്യങ്ങളൊന്ന് അറിയണമായിരുന്നു, I mean ഗൗരിയോ ഗൗരീടെ റിലേറ്റീവ്സോ ഡിസ്ചാർജിനു ശേഷം ഹോസ്പിറ്റലിൽ വന്നിരുന്നോ"??
"അത്..... ങാ, കഴിഞ്ഞയാഴ്ച്ച അവരുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ അവരുടെ അമ്മാവൻ്റെ മകളും ഹസ്ബൻഡും വന്നിരുന്നു".
"ഓ..., അപ്പൊ ഗൗരി വന്നിരുന്നില്ലല്ലേ"??
" ഇല്ല മാഡം, എന്താ കാര്യം"??
"ഒന്നുമില്ല, ഞാൻ ചുമ്മാ അവരുടെ കാര്യം അറിയാൻ വിളിച്ചതാ"
ഫോൺ വെച്ച ശേഷം അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് താഴേക്ക് ചെന്നു.
ലിവിംഗ് റൂമിൽ മമ്മയും റോണിയും ഇരിപ്പുണ്ടായിരുന്നു.
"റോണി, നീ നാളെ ഫ്രീയാണോ"??
എന്താ കാര്യമെന്ന മട്ടിൽ റോണി പുരികം ഉയർത്തി.
"നാളെ എൻ്റെ ഒരു ഫ്രണ്ടിനെ കാണാനുണ്ട്, ഈരാറ്റുപേട്ടയിലാ വീട്"
"നീ ഫ്രീയാണെങ്കി നമുക്ക് നാളെ പോവാം".
"നിക്കീ, അതേതാ ഞാനിതുവരെയറിയാത്ത ഫ്രണ്ട്"??
"അതെൻ്റെയൊരു പേഷ്യൻ്റായിരുന്നു, സമയം കിട്ടുവാണെങ്കി അവളെ ഒന്ന് കാണാൻ വരാൻ പറഞ്ഞിരുന്നു".
മനപ്പൂർവ്വം ഒരു കള്ളം മമ്മയോട് പറഞ്ഞതെന്തിനെന്നോർത്തവൾ അദ്ഭുതപ്പെട്ടു.
അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കംവന്നില്ല.
ഒന്നുമില്ലെന്ന് അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിധി അവിടം മുതൽ അവൾക്കൊരുക്കി വച്ചത് നിഗൂഢതകളും ദുരൂഹതകളും മാത്രമായിരുന്നു.
രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്യുന്നത് മുതൽ അവളുടെ മനസ്സ് താളം തെറ്റിയിരുന്നു. അല്പം സ്വസ്ഥത കിട്ടാനായി അവൾ മമ്മയുടെ കൂടെ പള്ളിയിൽ പോയി.
കുർബാനയും കഴിഞ്ഞ് ഫാദറിനെയും കണ്ടശേഷമാണ് അവൾ വീട്ടിലേക്ക് മടങ്ങിയത്.
ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം അവൾ മുറിയിൽ വിശ്രമിക്കുകയായിരുന്നു. ഒരു 11:00 മണിയായപ്പോഴാണ് അവൾക്ക് ഗൗരിയുടെ അടുത്ത് പോകാനുള്ള ഓർമ വന്നത്.
റോണിയെയും കൂട്ടി പെട്ടെന്ന് തന്നെ അവൾ ഈരാറ്റുപേട്ടയിലേക്ക് പോകാനൊരുങ്ങി.
റോണിയുടെ കാറായതുകൊണ്ട് തന്നെ അവൻ ഡ്രൈവ് ചെയ്യാമെന്നേറ്റിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ കാർ മെയിൻറോഡിലേക്ക് തിരിഞ്ഞു.
ഇതേ സമയം കോട്ടയം ഫോറൻസിക് ലാബിൽ തൻ്റെ തിരക്കിട്ട ജോലിയിലായിരുന്നു ഡേവിഡ്.
"ഡെവീ"
പുറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് അവൻ ചെയറിൽ പിന്നോട്ട് തിരിഞ്ഞു.
ഡേവിഡിൻ്റെ colleague ആയ ടെസ്സയായിരുന്നു അത്.
അവൾ തിടുക്കത്തിൽ അകത്തേക്ക് വന്ന് തൻ്റെ ലാപ് അവന് മുമ്പിൽ തുറന്നുവെച്ചു.
"ഇപ്പോഴുള്ള ലീഡിങ് കേസിലെ സംശയിക്കപ്പെടുന്ന ആളുകളുടെ പരിശോധിച്ച ബ്ലഡ് സാംപിൾസ് ആണ് ഇത്".
അതിലേക്ക് നോക്കി അവനൊന്ന് തലയാട്ടി.
"Suspicious ആയ വല്ലതും"??
ഇല്ലെന്ന മട്ടിൽ അവൾ തലവെട്ടിച്ചു.
"ഇതൊന്ന് വാട്ട്സ്ആപ്പ് ചെയ്യ്, എനിക്ക് ഡീറ്റൈലായിട്ടൊന്ന് നോക്കണം".
"ശെരി"
"പിന്നെ ഡെവീ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്"
"പറ, അതിനിപ്പോ പ്രത്യേകിച്ച് ഫോർമാലിറ്റി ഒന്നും വേണ്ടല്ലോ".
താടക്ക് കൈകൊടുത്ത് അവനവളുടെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം അവളവൻ്റെ കണ്ണിലേക്ക് നോക്കിനിന്നു.
"അത്......ഈയടുത്ത കാലത്തൊന്നും നീ കല്യാണം കഴിക്കില്ലേ"??
അവനാശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
"അതെന്താ അങ്ങനൊരു ചോദ്യം"??
"ചുമ്മാ അറിയാൻ വേണ്ടി, സെറ്റിലായലേ അതിനെപറ്റി ആലോചിക്കയൊള്ളൂ എന്ന് പണ്ട് നീ പറഞ്ഞിരുന്നില്ലേ"??
"ഹാ, തൽക്കാലത്തേക്കില്ല"
ഒരു ചെറുചിരിയോടെ അവൻ പറഞ്ഞു.
കുറച്ച് സമയത്തിനു ശേഷം ഉച്ചയോടെ അന്നയും റോണിയും ഗൗരിയുടെ വീട്ടിലെത്തി.
കാർ പാർക്ക് ചെയ്ത ശേഷം അവർ പുറത്തിറങ്ങി.
ആ വീട് പുറമെ നിന്ന് നോക്കുമ്പോൾ പുരാതനമായ ഒരു വസ്തുവിനെപ്പോലെ തോന്നിച്ചു.
ബെൽസ്വിച്ചിൽ വിരലമർത്തിയിട്ടും അകത്ത് നിന്ന് പ്രതികരണമൊന്നും കണ്ടില്ല.
നിരാശയോടെ റോണിയും അന്നയും റോഡിലേക്കിറങ്ങി.
ആൾപ്പെരുമാറ്റമൊന്നും തോന്നാത്ത സ്ഥലമായിരുന്നു അത്.
കുറച്ച് സമയത്തിന് ശേഷം റോഡിലൂടെ ഒരാൾ തിരക്കിട്ട് നടന്ന് പോകുന്നതവർ കണ്ടു.
"ഇവിടെ ആളുകളൊന്നുമില്ല്യേ"??
അയാളെ തടഞ്ഞുനിർത്തിക്കൊണ്ട് റോണി ചോദിച്ചു.
തൻ്റെ വഴിയിൽ തടസ്സം സൃഷ്ടിച്ചതിൻ്റെ അരിശം മറച്ചു വെച്ച് അയാളവൻ്റെ നേരെ തിരിഞ്ഞു.
"ങാ, ഇത് റിട്ടയേർഡ് കേണൽ പ്രഭാകർ സാറിൻ്റെ വീടാണല്ലോ, അല്ലാ നിങ്ങളാരാ"??
"ഞങ്ങൾ ഒരത്യാവശ്യത്തിന് വന്നതാ, അല്ലാ അപ്പോ ഈ ഗൗരി"??
അന്നയുടെ ചോദ്യഭാവം കണ്ട് അവളെ തുറിച്ചുനോക്കി അയാൾ തുടർന്നു.
"ഗൗരി സാറിൻ്റെ ഒരേയൊരു മോളാ, അവരിവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോയിട്ട് വർഷങ്ങളായി".
"ങാ, ഞങ്ങൾക്ക് അവരെ കോണ്ടാക്ട് ചെയ്യാൻ എന്തേലും വഴിയുണ്ടാവോ"??
നിരാശയോടെ അവരുടെ നേരെ നോക്കി അയാൾ പറഞ്ഞു.
"സാറിൻ്റെ മോളെ കല്യാണശേഷം വല്ലപ്പോഴുമൊക്കെ സാറും വൈഫും ഇവിടെ വന്നിരുന്നൊള്ളു, പിന്നെ കേട്ടു അവരവിടെ സെറ്റിലായെന്ന്". "അതോടെ ഇങ്ങോട്ടുള്ള വരവും നിന്നു".
"ഇപ്പൊ കുറച്ചുവർഷങ്ങളായി ആർക്കും അവരെപ്പറ്റി അറിഞ്ഞൂട".
"ആദ്യം നാട്ട്കാരൊക്കെ അതിനെപറ്റി പറയുമായിരുന്നു, പിന്നെപ്പിന്നെ പുതിയവിഷയങ്ങൾ കടന്നുവന്നപ്പോൾ എല്ലാവരും സാറിനെയും ഈ വീടിനെയും മറന്നു".
അയാൾ കുറ്റബോധത്തോടെ തലകുനിച്ചു.
അയാളോട് യാത്രപറഞ്ഞ് തിരിച്ചുവരുമ്പോൾ അന്ന തീർത്തും സന്തോഷമില്ലാത്തവളെപ്പോലെ കാണപ്പെട്ടു.
ഉച്ചക്കുള്ള ഭക്ഷണം ഹോട്ടലിൽ നിന്ന് കഴിക്കാമെന്ന് റോണി പറഞ്ഞെങ്കിലും വീട്ടിൽ നിന്ന് മതിയെന്ന് അവൾ നിർബന്ധം പിടിച്ചു.
വീട്ടിലെത്തിയശേഷം അവളുടെ പെരുമാറ്റം കണ്ട് റോണിക്കും മമ്മക്കും അസ്വാഭാവികത തോന്നിത്തുടങ്ങിയിരുന്നു.
പിറ്റേന്ന് റോണിയോടും മമ്മയോടും യാത്രപറഞ്ഞ് ലഗേജുമായി അവൾ വൈക്കം സിറ്റി ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു.
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞുവീണു.
അപ്പോഴേക്കും ഗൗരിയേയും അവളുടെ മരണം സംബന്ധിച്ച വാർത്തയും എല്ലാം അവൾ മറന്നിരുന്നു.
പതിവുപോലെയുള്ള ഒരു ദിവസം.
ഒരു പേഷ്യൻ്റിൻ്റെ മെഡിക്കൽ റിപ്പോർട്ട് റാംഡോക്ടറെ കാണിക്കാൻ ക്യാബിനിൽ ചെന്നപ്പോൾ അന്ന കണ്ടത് തൻ്റെ അവസാന ചെക്കപ്പും കഴിഞ്ഞു ഡോക്ടറെ കാണുന്ന ഗൗരിയെയാണ്.
ഒരുനിമിഷത്തിനുള്ളിൽ അവളുടെ മനസ്സിലേക്ക് എല്ലാം ഓടിയെത്തി.
അവളെ കണ്ട് ഡോക്ടറുടെ ക്യാബിനിൽ നിന്ന് ഗൗരി പുറത്തുകടന്നു.
ഗൗരിയോട് സംസാരിക്കാൻവേണ്ടി വേഗത്തിൽ മെഡിക്കൽ റിപ്പോർട്ട് ഡോക്ടറെ കാണിച്ചശേഷം അവൾ ഗൗരിയുടെ നേരെ വച്ചുപിടിച്ചു.
വരാന്തയിലൂടെ ശാന്തമായി നടക്കുമ്പോഴാണ് അന്നയുടെ കൈകൾ ഗൗരിയുടെ ചുമലിലമർന്നത്.
"ഡോക്ടറോ"??
തിരിഞ്ഞു നോക്കിയ അവളുടെ മുഖം ശാന്തമായിരുന്നു.
പെട്ടെന്നാണ് എന്തുപറഞ്ഞ് താനവളെ അവിടെ നിർത്തും എന്ന ചിന്ത അന്നയിൽ ഉടലെടുത്തത്.
"ഗൗരീ, അത്... നമുക്കൊരു ചായ കുടിച്ചാലോ"??
അവളുടെ ചോദ്യം കേട്ട് ഗൗരി അന്ധാളിച്ചു.
ഒരു ഡോക്ടറും സാധാരണയായി വരുന്ന തൻ്റെ പേഷ്യൻ്റ്സിനോട് അങ്ങനെ ചോദിക്കില്ല എന്ന സത്യം മനസ്സിലാക്കി അവൾ വേഗം ഒരു നുണ തട്ടിവിട്ടു.
"ഇന്ന് ഈവനിംഗ് ഡോക്ടർ ആദ്യ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു, അപ്പൊ ചായക്ക് വേണ്ടി എനിക്കൊരു കമ്പനി തരാൻ"??
"ങാ, അതിനെന്താ ഡോക്ടർ വരൂ"
അവളുടെ ഉന്മേഷംകണ്ട് അവളാണോ തന്നെ ചായക്ക് ക്ഷണിച്ചതെന്ന് അന്ന സംശയിച്ചു.
ഫോർമലായിത്തുടങ്ങിയ അവരുടെ സംസാരം പതിയെ പല വിഷയങ്ങളിലേക്കും നീങ്ങി.
അനിയൻ റോണിയെക്കുറിച്ച് പറയുന്നതിനിടക്ക് അവൾ പതുക്കെ ആ വിഷയം എടുത്തിട്ടു.
"ഇത് ഗൗരിയല്ലേ"??
ചോദ്യഭാവത്തിൽ അവളുടെനേരെ newspaper ഉയർത്തിക്കൊണ്ട് അന്ന ചോദിച്ചു.
അങ്ങനെയൊരു രംഗം ഗൗരി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അവളാകെ വിളറിവെളുത്തു.
എങ്കിലും സമചിത്തത വീണ്ടെടുത്ത് അവൾ അന്നയുടെ നേരെത്തിരിഞ്ഞു.
"എനിക്കറിയാമായിരുന്നു, എല്ലാം എല്ലാം എനിക്കറിയാമായിരുന്നു"
എന്തൊക്കെയോ പുലമ്പുന്ന അവളുടെ നേരെ ദൃഷ്ടിയൂന്നി അന്നയിരുന്നു.
(തുടരും)
Guys, cmnt cheyyane ithuvare enikkoru review polum kittiyilla🥲