Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കോഡ് ഓഫ് മർഡർ - 3

വിറയ്ക്കുന്ന കൈകളോടെ രാജേഷ് CI പ്രതാപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചു സമയം റിങ് ചെയ്ത ശേഷം അയാൾ ഫോൺ എടുത്തു. 

"എന്താടോ രാജേഷേ രാവിലെ തന്നെ "CI ചോദിച്ചു. 

"സർ ആ സൈക്കോ കില്ലർ അടുത്ത കൊലപാതകം ഇന്ന് രാത്രി നടത്തും "രാജേഷ് പറഞ്ഞു. 

"അതെങ്ങനെ തനിക്ക് അറിയാം "പ്രതാപ് സംശയത്തോടെ ചോദിച്ചു. 

   രാജേഷ് അത് വരെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പ്രതാപിനോട് പറഞ്ഞു. ഒരു മുട്ടൻ ചീത്ത ആയിരുന്നു അതിനു മറുപടി. 

"ഇഡിയറ്റ്. താൻ ഒക്കെ എന്തിനാടോ പിന്നെ ഈ കാക്കി ഇട്ടു നടക്കുന്നത്. അവൻ തന്റെ മൂക്കിന്റെ തുമ്പിൽ വന്നിരുന്നു പറഞ്ഞിട്ടും തനിക്ക് അത് മനസിലായില്ലലോ. അങ്ങനെ താൻ മനസിലാക്കി അന്നേ എല്ലാം കൃത്യം ആയി ചെയ്തിരുന്നു എങ്കിൽ ഈ സമയം ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. താൻ ആദ്യത്തെ ആ കത്ത് കണ്ടു പിടിച്ചു വെയ്ക്ക്. ഞാൻ ഇരുപത് മിനുട്ടിനുള്ളിൽ തന്റെ മുൻപിൽ എത്തുമ്പോൾ ആ രണ്ടു കത്തുകളും അവിടെ ഉണ്ടായിരിക്കണം. അല്ലെങ്കിൽ താൻ പിന്നെ സർവീസിൽ കാണില്ല ഫൂൾ "അതും പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു. 

    ഫോൺ കട്ട്‌ ആയതും രാജേഷ് ദേഷ്യത്തോടെ ഗോപാലേട്ടനെ നോക്കി പല്ല് കടിച്ചു. രംഗം പന്തി അല്ല എന്ന് കണ്ട അയാൾ പതിയെ അവിടെ നിന്നും പിൻ വലിഞ്ഞു. 

   കുറച്ചു സമയത്തിനുള്ളിൽ തന്നെ CI പ്രതാപ് സ്റ്റേഷനിൽ എത്തി. 
"എവിടെ ആടോ ആ ലെറ്റേഴ്സ് "അയാൾ ചോദിച്ചു. 

"ദാ സർ. ഇത് ആദ്യം വന്നത്. ഇത് ഇന്ന് രാവിലെ വന്നത്. ഇതിനുള്ളിൽ ആയിരുന്നു റെനിൽ സാറിന്റെ ഫിംഗർ."അതും പറഞ്ഞു രാജേഷ് രണ്ടു കത്തുകളും പ്രതാപിന് കൈമാറി. 
പ്രതാപ് രാജേഷിനെ രൂക്ഷമായി നോക്കിയ ശേഷം ആദ്യത്തെ കവർ തുറന്നു. അതിൽ R എന്ന അൽഫബെറ്റിക് ലെറ്ററും കാക്കി കളർ കഷ്ണവും എടുത്ത് മുൻപിൽ വെച്ചു. അടുത്ത കവർ തുറന്നതും അഴുകി തുടങ്ങിയ വിരലിന്റെ ദുർഗന്ധം സഹിക്കാൻ ആകാതെ അയാൾ മൂക്ക് പൊത്തിയ ശേഷം ടിഷ്യു ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിലേക്കായി മാറ്റി വെച്ചു. 
"ഗോപാൽ സെൻറ് ദിസ്‌ ഇമ്മീഡിയറ്റ്ലി ടു ഫോറെൻസിക് ഡിപ്പാർട്മെന്റ് "

    അതിനു ശേഷം E എന്ന അൽഫബെറ്റിക് ലെറ്ററും ചോരയിൽ കുതിർന്ന കറുപ്പ് കളർ തുണിക്കഷ്ണത്തിലേക്കും അയാൾ മാറി മാറി നോക്കി. 
"രാജേഷ് താൻ എന്ത് ഫൂളിഷ്നെസ് ആണ് കാണിച്ചത്. അങ്ങനെ ഒരു വാണിംഗ് തനിക്ക് ലഭിച്ചിട്ടും താൻ എന്ത് കൊണ്ട് ആണ് അത് കാര്യം ആയി എടുക്കാഞ്ഞത്? -CI ചോദിച്ചു. 

"സോറി സർ. ഇവിടെ ജനമൈത്രി പോലീസ് സ്റ്റേഷന്റെ പരാതിപെട്ടി വെച്ചപ്പോൾ മുതൽ എല്ലാ ദിവസവും അനാവശ്യമായ ഇത്തരത്തിൽ എന്തെങ്കിലും കാര്യങ്ങൾ ആൾക്കാർ പെട്ടിയിലിടാറുണ്ട്. ഇതും അങ്ങനെ തന്നെ ആണ് ഇത് വരെ വിചാരിച്ചിരുന്നത്. പക്ഷെ ഇത്തവണ വിരൽ കണ്ടപ്പോൾ ആണ് ഇതിനു പിന്നിൽ അയാൾ ആണെന്ന് മനസിലായത്. ഇത്തവണ എന്തായാലും തെറ്റ് പറ്റില്ല സർ. ഇനി ഒരു കൊലപാതകം അത് നടക്കാൻ ഞാൻ അനുവദിക്കില്ല "രാജേഷിന്റെ സ്വരത്തിൽ കൊലയാളിയോടുള്ള രോഷം മുഴുവൻ അടങ്ങിയിരുന്നു. 

"ഇത്തവണ അവന്റെ ലക്ഷ്യം  ആരായിരിക്കും എന്നാണ് താൻ കരുതുന്നത്? "

"സർ ഇതിൽ കറുപ്പാണ് നിറം. അത്തരത്തിൽ ഒരു യൂണിഫോം കൈകാര്യം ചെയ്യുന്ന നിയമത്തിനോട് അടുത്ത് ഇടപഴകുന്ന ഒരേ ഒരു വിഭാഗം അഡ്വക്കേറ്റ്സ് ആണ്. തീർച്ചയായും അവന്റെ അടുത്ത ഇര ഒരു അഡ്വക്കേറ്റ്  ആണ്. "രാജേഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു. 
"എക്സാക്ട്ലി രാജേഷ്. E യിൽ തുടങ്ങുന്ന അഡ്വക്കേറ്റ്സ് നമ്മുടെ ഈ നഗരത്തിൽ കുറഞ്ഞത് ഒരു 20പേരെങ്കിലും കാണും. അവരിൽ ആരായിരുന്നാലും അത്രയും ആൾക്കാരെ നമ്മൾ നേരിൽ പോയി അലെർട് ചെയ്യുമ്പോഴേക്കും അവൻ അവന്റെ കൃത്യം ചെയ്തിരിക്കും. നമുക്ക് മുന്നിൽ നഷ്ടപ്പെടുത്താൻ സമയം ഇല്ല. സോ ബാർ കൗൺസിലിൽ നിന്നു ഉടൻ തന്നെ E യിൽ ആരംഭിക്കുന്ന അഡ്വക്കേറ്റ്സിന്റെ ഡീറ്റെയിൽസ് എടുക്കണം. ഇപ്പോൾ മുതൽ നാളെ നേരം വെളുക്കുന്ന വരെ അവരെ നമ്മുടെ ആൾക്കാർ ഷാഡോ ചെയ്യണം. ഇത്തവണ  അവൻ നമ്മുടെ കെണിയിൽ പെടും. മാത്രം അല്ല നാളെ രാവിലെ വരെ സിറ്റിയിൽ പോലീസ് പെട്രോളിംഗ് ശക്തം ആക്കണം. ജന വാസം ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതൽ ശ്രെദ്ധ വേണം. എല്ലാ ഇടങ്ങളിലെയും സിസിടിവി ക്യാമെറകൾ ആക്റ്റീവ് ആണെന്നും ഉറപ്പ് വരുത്തണം. എന്ത് വില കൊടുത്തും ഇത്തവണ അവനെ നമ്മൾ പിടിച്ചിരിക്കണം. "CI പറഞ്ഞു. 

"യെസ് സർ ഞാൻ ഇപ്പോൾ തന്നെ ഈ ഇൻഫർമേഷൻ എല്ലാടത്തേക്കും പാസ്സ് ചെയ്യാം. ബാർ കൗൺസിലിൽ നിന്നും അഡ്വക്കേറ്റിസിന്റെ ലിസ്റ്റ് എടുത്ത് അവരെ ഷാഡോ ചെയ്യാൻ ഉള്ള ടീമിനെയും ഉടൻ തന്നെ അയക്കാം "

"ഓക്കേ രാജേഷ്. വി ഡോണ്ട് ഹാവ് ടൈം. അത് ഓർമ വേണം. ആവശ്യം ഉള്ള ആൾക്കാർ ആര് തന്നെ ആയാലും തനിക്ക് യൂസ് ചെയ്യാം. ഇനി ഒരു കൊലപാതകം കൂടി ഈ സീരിസിൽ നടക്കാൻ പാടില്ല "CI പ്രതാപ് എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെ പറഞ്ഞു. അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങി. 

******************************************

റിട്ടയേർഡ് ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് ഏലിയാമ്മ ചാക്കോയുടെ വീട്, കടവന്ത്ര 11.30pm 
****************************************

    ഏലിയാമ്മ ചാക്കോ. പ്രായം 65വയസ്സ്. മക്കൾ ഒക്കെ അമേരിക്കയിൽ സെറ്റിൽഡ് ആണെങ്കിലും നാട് വിട്ടു താൻ എവിടേക്കും ഇല്ല എന്ന വാശിയിൽ ആണ് ഏലിയാമ്മ. അമ്മച്ചിയുടെ വാശിയിൽ കീഴടങ്ങേണ്ടി വന്ന മക്കൾ വർഷത്തിൽ 2മാസം എല്ലാ തിരക്കുകളും മാറ്റി വെച്ചു കുടുംബ സമേതം അമ്മച്ചിയെ കാണാൻ നാട്ടിൽ എത്തും. രാത്രി കാവലിന് സെക്യൂരിറ്റി ഉണ്ടെന്നുള്ളത് ഒഴിച്ചാൽ ബാക്കി സമയം ഏലിയാമ്മ  കൊട്ടാരം പോലെ ഉള്ള ആ വീട്ടിൽ തനിച്ചാണ്. 

      അയാൾ തന്റെ വാഹനം  ആൾ വാസം അധികം ഇല്ലാത്ത സ്ഥലത്ത് നിർത്തിയ ശേഷം പുറത്തേക്കു ഇറങ്ങി. ഇരയെ വേട്ടയാടാൻ പോകുന്ന ഒരു വേട്ടക്കാരന്റെ ലഹരി അയാളുടെ കണ്ണുകളിൽ എങ്ങും പടർന്നിരുന്നു. തന്റെ വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം അയാൾ തോളിൽ ബാഗും ആയി ഏലിയാമ്മയുടെ വീടിനു മുൻ ഭാഗത്തേക്കായി നടന്നു. തന്റെ മുഖം ഒരു കർചീഫ് കൊണ്ട് മറച്ച ശേഷം അയാൾ ഗേറ്റിനടുത്തേക്കു നടന്നു. പെട്ടന്ന് ഗേറ്റിനടുത്തു എന്തോ അനക്കം കേട്ട സെക്യൂരിറ്റി അങ്ങോട്ട്‌ തിരിഞ്ഞതും അയാളുടെ മുഖത്തിന്‌ നേരെ എന്തോ ഒരു ദ്രാവകം വന്നു പതിച്ചതും ഒരുമിച്ച് ആയിരുന്നു. അയാൾ ബോധം മറഞ്ഞു താഴേക്കു വീണു.ശേഷം കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും ലാപ്ടോപ് എടുത്ത ശേഷം അതിൽ എന്തോ ചെയ്തു കൊണ്ട് അത് തിരികെ ബാഗിലേക്കു വെച്ചു.  ബോധം മറഞ്ഞു കിടക്കുന്ന സെക്യൂരിറ്റിയെ നോക്കി ഒന്ന് ചിരിച്ച ശേഷം തന്റെ കയ്യിൽ കരുതിയിരുന്ന കത്തി  സെക്യൂരിറ്റിയുടെ കഴുത്തിലേക്ക് കുത്തി ഇറക്കി. ആ കത്തി വീണ്ടും വീണ്ടും അയാൾ ആ മുറിവുകളിലൂടെ പായിച്ചു. സെക്യൂരിറ്റിയുടെ  തല  ഉടലിൽ നിന്നും വേർപെടുന്നത് വരെ അയാൾ തന്റെ പ്രവർത്തി ആവർത്തിച്ചുകൊണ്ടേ ഇരുന്നു. സെക്യൂരിറ്റിയുടെ ചോരയുടെ മണം അയാളിലെ മൃഗത്തെ ഉണർത്താൻ പോന്നതായിരുന്നു. തന്റെ മുഖത്ത് വെച്ചിരുന്ന കർചീഫ് അഴിച്ചു മാറ്റിയ ശേഷം സെക്യൂരിറ്റിയുടെ  ചോര പുരണ്ട കൈ ഭാഗം തന്റെ നാവു കൊണ്ട് നക്കി തുടച്ചു. തന്റെ ചുണ്ടിൽ പറ്റിയിരുന്ന ചോര അയാൾ നാവുകൊണ്ട് നക്കി എടുത്ത ശേഷം വീടിനു പിന്നിലേക്ക് നടന്നു. 


     ഏലിയാമ്മ തന്റെ മുറിയിലെ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടന്ന് ഹാളിൽ നിന്നും എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ട അവർ തന്റെ ജോലി പകുതി വെച്ചു നിര്തിക്കൊണ്ട് മുറിയിൽ നിന്നും ഹാളിലേക്ക് ചെന്നു. സംശയ കരം ആയ ഒന്നും തന്നെ കാണാൻ സാധിക്കാഞ്ഞ അവർ തിരികെ റൂമിലേക്ക്‌ പോകാൻ ആയി പിന്നിലേക്ക് തിരിഞ്ഞതും തോട്ടു മുൻപിൽ പാതി വെന്ത മുഖവും ആയി ഒരു രൂപം നിൽക്കുന്നത് കണ്ട അവർ ഭയന്നു പിന്നിലേക്ക് വീണു. 

"ആരാ നിങ്ങൾ... എന്താ വേണ്ടത് "ഭയത്തിൽ അവർ ചോദിച്ചു. 

   മറുപടി ആയി ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ അയാൾ ഗ്ലൗസ് ഇട്ട തന്റെ കയ്യിലിരുന്ന സിറിഞ്ചു അവരുടെ കഴുത്തിലേക്ക് കുത്തിയിറക്കി. ബോധം മറഞ്ഞു വീണ അവരെ തന്റെ തോളിൽ എടുത്തിട്ട ശേഷം അയാൾ വീടിനു പിന്നിൽ ഉള്ള വാതിലിൽ കൂടി പുറത്തിറങ്ങിയ ശേഷം തന്റെ വണ്ടിയിൽ ഇരുന്ന ബോക്സുകൾ മാറ്റി അതിനു താഴെ ഉള്ള അറയിലേക്ക് അവരുടെ ശരീരം വെച്ച ശേഷം വീണ്ടും ആ ബോക്സുകൾ ശരിയായി എടുത്തു വെച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. 

    അയാളുടെ വണ്ടി ആ റോഡിൽ നിന്നും പുറത്തിറങ്ങിയ ശേഷം ലെഫ്റ്റ് എടുത്ത് കടവന്ത്ര സിഗ്നൽ ജംഗ്ഷനിലേക്കു തിരിഞ്ഞു. 

  ഇതേ സമയം കടവന്ത്ര സിഗ്നൽ ജംഗ്ഷൻ 
******************************************

"എത്ര നേരം ആയി ഈ കൊതുക് കടിയും കൊണ്ട് നിൽക്കുന്നു. അവൻ ഇനി ഈ വഴിക്കു എങ്ങാനും വരുമോ? "ഡ്യൂട്ടിയിൽ നിന്ന ഒരു പോലീസുകാരൻ കൂടെ ഉള്ള ആളോട് ചോദിച്ചു. 

"ഇത്രയും പോലീസുകാർ ഉറക്കമളച്ചു കാവൽ നിൽക്കുമ്പോൾ നമ്മുടെ കണ്ണ് വെട്ടിച്ചു ഒന്നും ചെയ്യാൻ ഒരുത്തനും ധൈര്യപ്പെടില്ല "അയാൾ പറഞ്ഞു. 

  "എടൊ ദ ഒരു കാർ വരുന്നു നിർത്തി ചെക്ക് ചെയ്തിട്ട് വിട്ടാൽ മതി "അയാൾ ആ കാറിനു കൈ കാണിച്ചുകൊണ്ട് പറഞ്ഞു. കാറിൽ മൂന്ന് പയ്യന്മാർ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. 

"നീയൊക്കെ ഈ രാത്രിയിൽ ആരെ കൊല്ലാൻ പോയിട്ട് വരുവാടാ "അയാൾ ചോദിച്ചു. 

"ഏഹ് കൊല്ലാനോ. ഞങ്ങൾ ഇവിടെ രാജഗിരി കോളേജിലെ സ്റ്റുഡന്റസ് ആണ് സർ. ഇവിടെ അടുത്ത് സെക്കന്റ്‌ ഷോക്ക് പോയതാണ്. "അവരിൽ ഒരാൾ മറുപടി പറഞ്ഞു. 

"എതായിരുന്നു സിനിമ "

"ഷൈലോക്ക്. കിടു പടം ആയിരുന്നു സാറേ "അടുത്തവൻ സിനിമയുടെ ഹാങ്ങ്‌ ഓവർ മാറാത്ത ആവേശത്തിൽ പറഞ്ഞു. 

"മമ്മുക്ക എങ്ങനെ ഉണ്ടായിരുന്നെടാ "അടുത്ത പോലീസുകാരൻ ചോദിച്ചു. 

"പുള്ളി പൊളിച്ചടുക്കി സാറേ. ഈ പ്രായത്തിലും എന്നാ ഒരിതാ "

  "കിടന്നു കറങ്ങാതെ വേഗം വീട്ടിൽ പോകാൻ നോക്കടാ "അതും പറഞ്ഞു അയാൾ ആ കാർ പറഞ്ഞു വിട്ടു. 

അവർ പോയതും പോലീസുകാർ തങ്ങളുടെ സംസാരം വീണ്ടും തുടർന്നു. 

"സർ പോണുണ്ടോ സിനിമയ്ക്ക് "അയാൾ ചോദിച്ചു. 

"ഏയ്‌ ഞാൻ ഒന്നും ഇല്ലെടോ സിനിമയ്ക്ക്. "

"അതെന്താ സാറേ സർ ആരുടെ ഫാൻ ആണ് "അയാൾ വീണ്ടും ചോദിച്ചു. 

"ലാലേട്ടൻ. ദാ ഒരു ഇറച്ചിക്കോഴിയേം കൊണ്ട് വണ്ടി വരുന്നുണ്ട്. കൈ കാണിക്കടോ "

     അയാൾ പറഞ്ഞതും മറ്റയാൾ വണ്ടി കൈ കാണിച്ചു നിർത്തി. വണ്ടി ഓടിച്ചിരുന്ന ആളുടെ മുഖത്തേക്ക് ടോർച് അടിച്ചു നോക്കിയ അയാൾ ഞെട്ടി. പാതി വെന്ത മുഖം കാട്ടി അയാൾ ചിരിച്ചു. 

"താൻ ഈ മുഖം കാണിച്ചു ആളെ പേടിപ്പിച്ചു കൊല്ലുമോ "അയാൾ ചോദിച്ചു. 

മറുപടി ആയി വണ്ടി ഓടിച്ചിരുന്ന ആൾ വീണ്ടും ചിരിച്ചു കാണിച്ചു. 

"എടൊ അയാളുടെ മുഖത്ത് നോക്കി നിൽക്കാതെ വണ്ടിയിൽ എന്താണ് എന്ന് നോക്ക് "

"എങ്ങോട്ടേക്കാ ലോഡ് "പോലീസുകാരൻ ചോദിച്ചു. 

"സർ ഇവിടെ അടുത്ത് പാലാരിവട്ടത്തെ ഒരു ഇറച്ചി കടയിലേക്കാണ്. നാടൻ കോഴി ആണ് സാറേ. സാറിനു വേണോ "അയാൾ ചോദിച്ചു. 

"സാറേ വണ്ടി മുഴുവൻ കോഴി മാത്രമേ ഉള്ളു "പരിശോദിച്ചു ഇറങ്ങിയ പോലീസുകാരൻ പറഞ്ഞു. 

"അവന്റെ കോഴി. എടുത്തുകൊണ്ടു പോടാ നിന്റെ ഈ പാട്ട വണ്ടി. അല്ലെങ്കിൽ തന്നെ മനുഷ്യൻ തലയ്ക്കു ഭ്രാന്ത് പിടിച്ചു നിൽക്കുവാണ് "

    അവിടെ നിന്നും അയാളുടെ വണ്ടി മുന്നോട്ട് നീങ്ങിയതും ചുണ്ടിൽ ക്രൂരമായ ചിരി വിടർന്നു. കുറെ ദൂരം എത്തിയ ശേഷം അയാൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിന് മുൻപിൽ തന്റെ വണ്ടി നിർത്തി. കോഴികൾ ഇരിക്കുന്ന ബോക്സ് മാറ്റിയ ശേഷം അതിനടിയിലെ ഭാഗം തുറന്നു ഏലിയാമ്മയെ എടുത്ത് തന്റെ ചുമലിൽ ഇട്ട ശേഷം ഇരുട്ട് നിറഞ്ഞ മുറിയുടെ അകത്തേക്ക് കയറി. അവരെ അവിടെ കിടന്ന മേശയ്ക്ക് മുകളിലായി കയ്യും കാലും കെട്ടിയിട്ട ശേഷം വായിൽ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ആയി പ്ലാസ്റ്റർ ഒട്ടിച്ചു. അയാൾ തന്റെ പിന്നിലെ അലമാര തുറന്നു അതിൽ ഇരുന്ന മരുന്ന് സിറിഞ്ചിൽ ആക്കിയ ശേഷം അവരുടെ കഴുത്തിൽ വീണ്ടും കുത്തിയിറക്കി. ഒരു ഞരക്കത്തോടെ ഏലിയാമ്മ കണ്ണ് തുറന്നു. തന്റെ കയ്യും കാലും അനക്കാൻ കഴിയാത്ത വിധം കെട്ടിയിട്ടിരിക്കുകയാണ് എന്ന് അവർ അപ്പോൾ ആണ് തിരിച്ചറിഞ്ഞത്. 

"വെൽക്കം ടു ഹെൽ"തന്റെ അടുത്ത് നിന്ന രൂപം പറയുന്നത് കേട്ടു അവർ അയാളുടെ മുഖത്തേക്ക് നോക്കി. പാതി വെന്ത ആ മുഖം കണ്ടു അവരെ വീണ്ടും ഭയം വരിഞ്ഞു മുറുക്കാൻ തുടങ്ങി. 

"ഹേയ്  ബി കൂൾ. അവസാന നിമിഷങ്ങളിൽ ആശ്വാസത്തോടെ വേണം മരിക്കാൻ. ഈ മുഖം ആണോ പ്രശ്നം "അതും പറഞ്ഞു കൊണ്ട് അയാൾ തന്റെ മുഖത്ത് ഒട്ടിചിരുന്ന മാസ്ക് ഊരി മാറ്റി. 
"ദാ കണ്ടില്ലേ. ഇത്രയും ഉള്ളു. സോ നൗ യു ക്യാൻ ഡൈ പീസ്ഫുൾ " അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ഒരു രക്തകൊതി പൂണ്ട പിശാചിന്റെ ഭാവം  കൈവന്നിരുന്നു. 

  അവരുടെ കണ്ണുകൾ തന്നെ ഒന്നും ചെയ്യരുത് എന്ന് അയാളോട് യാചിച്ചു. പക്ഷെ ഈ സമയം അയാൾ തന്റെ ഇരയെ കൊല്ലുന്നതിനുള്ള തയാറെടുപ്പുകളിൽ ആയിരുന്നു. 

   അവരുടെ ശരീരത്തിലെ വസ്ത്രം അയാൾ വലിച്ചുകീറി നിമിഷങ്ങൾക്കുളിൽ അവരെ നഗ്നയാക്കി മാറ്റി. അതിനു ശേഷം തന്റെ കയ്യിൽ ഇരുന്ന ട്രിമ്മർ ഉപയോഗിച്ച് അവരുടെ ശരീരത്തിലെ രോമങ്ങൾ എല്ലാം തന്നെ മാറ്റി. തലയിലെ മുടിയും ട്രിം ചെയ്ത് മാറ്റിയ ശേഷം അവരെ നോക്കി. അവരുടെ കണ്ണിൽ അപ്പോൾ കാണാൻ കഴിഞ്ഞത് തന്നെ നഗ്ന ആക്കിയത് കൊണ്ടുള്ള വിഷമം ആണോ അതോ തന്നെ കൊല്ലാൻ പോകുന്നതിൽ ഉള്ള ഭയം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം ആയിരുന്നു. അയാൾ ബ്ലേഡ് എടുത്ത് അവരുടെ വയറിൽ ആഴത്തിൽ വരഞ്ഞു. അതിന്റെ വേദന കൊണ്ട് അവർ പുളയുന്നത് അയാൾ നോക്കി രസിച്ചു. അവർ എന്തോ പറയാൻ ശ്രെമിച്ചു എങ്കിലും വായ മൂടി വെച്ചിരിക്കുന്നത് കൊണ്ട് വെക്തമായി കേൾക്കുന്നില്ലായിരുന്നു 

"ഞാൻ ആരെന്ന് ആണോ നിനക്ക് അറിയേണ്ടത് ഏലിയാമ്മേ "

അവർ അതെ എന്നാ അർഥത്തിൽ തല ആട്ടി. 
"ഞാൻ... ഞാൻ നിന്നെ യമപുരിക്ക് അയക്കുന്ന കാലൻ "അതും പറഞ്ഞു അയാൾ വീണ്ടും വീണ്ടും അവരുടെ ശരീര ഭാഗങ്ങളിൽ തന്റെ കൊതി തീരുവോളം മുറിവുകൾ ഉണ്ടാക്കികൊണ്ടേ ഇരുന്നു. ആ മുറിവുകളിൽ നിന്നും രക്തം ധാരാളമായി ഒഴുകിക്കൊണ്ടേ ഇരുന്നു. അതിന്റെ കൂടെ അവരുടെ കണ്ണുകളും മയങ്ങാൻ തുടങ്ങിയിരുന്നു. 
"ഉറങ്ങിക്കോളൂ ഏലിയാമ്മ. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു നിന്നെ ഞാൻ പറഞ്ഞയക്കും "അതും പറഞ്ഞു കൊണ്ട് അയാൾ മേശക്കു കീഴെ വെച്ചിരുന്ന കൂർത്ത ആയുധം എടുത്ത ശേഷം അവരുടെ കഴുത്തിന്റെ ഭാഗത്തായി കുത്തി ഇറക്കിക്കൊണ്ട് നേരെ താഴേക്കു കുത്തിക്കീറി. അവരുടെ ശരീരത്തിൽ നിന്നും കൊഴുത്ത രക്തം മേശയ്ക്കു മുകളിലേക്കു പടർന്നു തുടങ്ങിയിരുന്നു. ചൂട് ചോരയുടെ ഗന്ധം അയാളെ മത്തുപിടിപ്പിക്കാൻ തുടങ്ങി. ഒരു ഭ്രാന്തനെ പോലെ പൊട്ടിചിരിച്ചുകൊണ്ട് അയാൾ ഗ്യാസ് കട്ടർ എടുത്ത ശേഷം അവരുടെ മുഖത്തേക്കു അത് ഉപയോഗിച്ചു മാസം കരിച്ചു തുടങ്ങി. വെന്തു തൂങ്ങിയ മുഖത്തെ മാസം താഴേക്കു വീഴുന്ന  കാഴ്ച കണ്ടു അയാൾ പൊട്ടിച്ചിരിച്ചു. ആ മുറി എങ്ങും പച്ച മാംസം കരിയുന്ന മണവും ചോരയുടെ ഗന്ധവും കൊണ്ട് നിറഞ്ഞു തുടങ്ങി.  അവരുടെ ശരീരം കണ്ടാൽ അത് മനുഷ്യൻ തന്നെ ആണോ എന്ന്  സംശയിക്കത്തക്ക വിധത്തിൽ അയാൾ ആ ശരീരം വികൃതമാക്കി തീർത്തു. അയാൾ തന്റെ ദേഷ്യം മുഴുവൻ ആ ശരീരത്തിൽ കാണിച്ചു. ഗ്യാസ് കട്ടർ മാറ്റി വെച്ച ശേഷം  തറയിൽ നിന്നും അറുക്ക വാൾ എടുത്തുകൊണ്ടു അവരുടെ തല ഭാഗം കഴുത്തിൽ നിന്നും മുറിച്ചു മാറ്റി. അവരുടെ ശരീരം മുഴുവൻ ചോരയിൽ കുതിർന്നു തുടങ്ങി. അയാൾ അവരുടെ തല അറുക്കവാൾ കൊണ്ട് വീണ്ടും വീണ്ടും തുണ്ടം തുണ്ടം ആയി മുറിച്ചു തുടങ്ങി. ആ മുറിച്ചുമാറ്റിയ പാതി കരിഞ്ഞ മാസ കഷ്ണങ്ങൾ മറ്റൊരു പ്ലാസ്റ്റിക് ബാഗിലേക്കു 
മാറ്റി. ഉടൽ ആരുടേയെന്ന് പോലും തിരിച്ചറിയാൻ ആകാത്ത ആ രൂപത്തെ നോക്കി അയാൾ പൊട്ടിചിരിച്ചു. തന്റെ പിന്നിൽ 7പേരുടെ ഫോട്ടോ ഒട്ടിച്ച ചുമരിലെ ഏലിയാമ്മയുടെ ഫോട്ടോയ്ക്ക്  നേരെ അയാൾ ചുവന്ന മഷി ഉപയോഗിച്ച് വെട്ടിയിട്ടു. 

"ഇനി അഞ്ച്  . " ആ ഫോട്ടോകളിലേക്കു നോക്കി ക്രൂരമായി ചിരിക്കുമ്പോഴും അയാളുടെ ഉള്ളിലെ  രക്തദാഹി ആയ മൃഗത്തിന്റെ വിശപ്പ് അടങ്ങിയിരുന്നില്ല. 

******************************************


  പിറ്റേന്ന് രാവിലെ 7a.m നോർത്ത് പോലീസ് സ്റ്റേഷൻ, കലൂർ 
******************************************
"വെൽഡൺ രാജേഷ് ഇന്ന് ഈ സമയം വരെ E എന്ന അൽഫബെറ്റിക് ലെറ്റെറിൽ തുടങ്ങുന്ന ഒരു അഡ്വക്കേറ്റും മിസ്സ്‌ ആയിട്ടില്ല. അവനു ഏറ്റ ആദ്യത്തെ തോൽവി "CI പ്രതാപ് പറഞ്ഞു. 

"ശെരിയാണ് സർ നമ്മുടെ ഫോഴ്സ് ഇന്നലെ നൈറ്റ്‌ മുഴുവൻ ഉറങ്ങാതെ എല്ലായിടത്തും പെട്രോളിംഗ് നടത്തി. എല്ലാ വാഹനങ്ങളും നന്നായി ചെക്ക് ചെയ്ത് തന്നെ ആണ് വിട്ടയച്ചതും. നമ്മുടെ പോലീസ് ഷാഡോ ചെയ്ത E എന്ന ലെറ്ററിൽ തുടങ്ങുന്ന 12അഡ്വക്കേറ്റ്സും സുരക്ഷിതർ ആണ്. ഈ തോൽവിയിൽ ഉടൻ തന്നെ അവൻ അവന്റെ അടുത്ത സ്റ്റെപ് വെയ്ക്കും എന്ന കാര്യം ഉറപ്പ് ആണ്. അതിൽ അവനു അണുവിട പിഴക്കാതെ ഇരിക്കില്ല. അവനെ നമ്മൾ പിടിക്കും സർ. ഉറപ്പ് "SI രാജേഷ് ആത്മ വിശ്വാസത്തോടെ  പറഞ്ഞു. 

   പെട്ടന്ന് രാജേഷിന്റെ ഫോൺ റിങ് ചെയ്തു. അത് അറ്റൻഡ് ചെയ്ത അയാളുടെ മുഖത്ത് ഉണ്ടായ ഭാവ വെത്യാസം അവിടെ കൂടിയിരുന്ന എല്ലാവരെയും ഒരുപോലെ കുഴച്ചു. ഫോൺ വെച്ചതും അവൻ തന്റെ സീറ്റിൽ തളർന്നിരുന്നു. 
"വാട്ട്‌ ഹാപ്പെൻഡ് രാജേഷ് "CI ചോദിച്ചു. 
  അവൻ മറുപടി പറയാൻ കഴിയാതെ നിസ്സഹായതയോടെ അയാളുടെ മുഖത്തേക്ക് നോക്കി പിന്നീട് കുറ്റബോധം കൊണ്ട് തല താഴ്ത്തി. 
"എന്തുപറ്റി  രാജേഷ് എന്താണ് എങ്കിലും വി ഹാവ് എ സൊല്യൂഷൻ "

"സോറി സർ. അടുത്ത ആളെയും അവൻ കൊണ്ട് പോയി. റിട്ടയേർഡ് ഹൈകോർട് ചീഫ് ജസ്റ്റിസ് ഏലിയാമ്മ ചാക്കോ -E" 


                                              തുടരും......