Read Palaswami by ശശി കുറുപ്പ് in Malayalam Short Stories | മാതൃഭാരതി

Featured Books
  • SEE YOU SOON - 3

    ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉട...

  • പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)

    ️ ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട...

  • ആ കത്തുകൾ part -1

    ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം...

  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

വിഭാഗങ്ങൾ
പങ്കിട്ടു

പാളസ്വാമി

പാളസ്വാമി

കഥ

രചന : ശശി കുറുപ്പ്

🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️

കുണ്ടും കുഴികളും നിറഞ്ഞ ദുഷ്കരമായ പാത അവസാനിക്കുന്ന ഭീമൻ പാറ മുക്കിൽ സുബേദാർ മേജർ ജോസഫ് തമ്പാൻ അംബാസ്സിഡർ ടാക്സി കാറിൽ വന്നിറങ്ങിയത് കണ്ട് ചായക്കടയിലിരുന്നവർ അമ്പരുന്നു. 

പുൽതൈലം വാറ്റുന്ന എഴുങ്കണ പുല്ലു കൊണ്ട് ചായക്കടയുടെ മുകൾ ഭാഗം മേഞ്ഞിട്ടുണ്ട്. വസന്തം ഇണ ചേർന്ന് നിറയെ പൂക്കളെ പ്രസവിച്ച അപ്പൂപ്പൻ താടി മരം പേറ്റുകുളി കഴിഞ്ഞു സുന്ദരിയായി ഭീമൻ പാറമുക്കിൽ നിലകൊണ്ടു. മരക്കൊമ്പിലിരുന്ന പക്ഷികൾ കാറിന്റെ ഡോർ അടയ്ക്കുന്ന ശബ്ദം കേട്ട് ചില്ലകൾഅനക്കി ചിറകിട്ടടിച്ച് പറന്നു. അപ്പൂപ്പൻ താടി കാറ്റത്ത് ഒഴുകി തമ്പാന്റെ മിലിട്ടറി കുപ്പായത്തിൽ തലോടി.

കാറിൽ വന്നിറങ്ങിയ ആളിനെ ആർക്കും മനസ്സിലായില്ലെങ്കിലും

"അയ്യോ ഇത് തമ്പാൻ സാറല്ലേ " എന്ന് പറഞ്ഞ് ഉത്തമൻ ഓടി അടുത്തെത്തി.

"തമ്പാൻ കുഞ്ഞെ, വന്നാട്ടെ , ഒരു ചായ കുടിച്ചിട്ടു പോ " കടക്കാരൻ കമ്മാരു .

ടാക്സിക്കാരന്റെ പണം കൊടുത്ത് കമ്മാരുവിനോട്

 "കമ്മാരേട്ട എല്ലാവർക്കും ചായയും കഴിക്കാനും കൊടുത്തേക്കൂ."

ട്രങ്ക് പെട്ടി തുറന്ന് ഒരു ത്രിപ്പിൾ എക്സ് റമ്മും 100 രൂപയും കാമ്മാരുവിന്റെ കയ്യിൽ കൊടുക്കുമ്പോൾ എല്ലാവരും അന്തം വിട്ടു.

 

 മിശിഹാ തമ്പുരാന്റെ സുവിശേഷം ഗ്രാമങ്ങളിൽ വിളംബരം ചെയ്ത് തന്റെ ദൗത്യം പൂർത്തിയാക്കിയ വറുഗ്ഗീസ് പുണ്യവാളൻ , ഭീമൻ പാറയിൽ മുട്ടി നില്ക്കുന്ന ആകാശത്തിലെ സ്വർഗ്ഗത്തിലേക്ക് ഏണിചാരി കയറി പോയ മർത്തമറിയപ്പാറ മുകളിൽ കണ്ട മാത്രയിൽ കുരിശു വരച്ച് തമ്പാൻ യാത്ര തുടർന്നു.

ഉത്തമൻ പെട്ടി തലയിൽ വെച്ച് തമ്പാനെ അനുഗമിച്ചു.

" ഏലിപ്പെമ്പിളയുടെ കൂടെ മൂക്കളാ ഒലുപ്പിച്ച് നടന്നചെക്കനാ. അത് നിങ്ങൾ ആരെങ്കിലും ഓർക്കുന്നുണ്ടോ ? കാമ്മാരു പതിയെ ചോദിച്ചു. "ഇപ്പോൾ പട്ടാളത്തിലെ ഇൻസേട്ടറാ. പതിനായിരം രൂപ ശമ്പളമാ പോലും. രണ്ട് പെട്ടി നെറച്ച് കുപ്പി ആയിരിക്കും. 

എന്തോ ഉണ്ടായാലെന്തവാ? "

മിലിട്ടറിയിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു ജോസഫ് തമ്പാൻ . തമ്പാൻ വീടു വെക്കാൻ അയച്ചു കൊടുത്ത പണം മുഴുവൻ പെങ്ങളും ജാരനും സ്വന്തമാക്കി .

എങ്കിലും പാപ്പിച്ചായാ, തമ്പാൻ വീടുണ്ടാക്കാൻ അയച്ച പണം കൊണ്ട് നമ്മൾ രണ്ടുനിലയിൽ പുതിയ കെട്ടിടം പണിയുന്നത് കർത്താവിന് ബോധിക്കുന്ന കാര്യമാണോ, ദീനാമ്മ ചോദിച്ചു.

 

" നീ പോടീ " പാപ്പച്ചൻ ആക്രോശിച്ചു.

" മഠത്തീന്ന് ഒളിച്ചോടിയ പെങ്ങൾക്ക് സ്ത്രീധനം കൊടുത്തതാന്നങ്ങ് വിചാരിച്ചാൽ മതി "

പത്തു വർഷത്തെ ഇടവേളക്കുശേഷം വന്ന തന്നെ പുത്തൻ വീട് സ്വീകരിക്കുന്ന നിമിഷങ്ങൾ ഓർത്ത് പുളകിതനായി തമ്പാൻ .

ഏലിപെമ്പിള മകൾ ദീനാമ്മയെ പതിനഞ്ചാമത്തെ വയസ്സിൽ മഠത്തിൽ ചേർക്കുന്നതിന്മുമ്പേ മകൻ തമ്പാൻ വീടു വിട്ടു പോയിരുന്നു. പട്ടാളത്തിൽ ചേർന്നെന്നും ചിലർ പറയുന്നു. തമ്പാൻ എല്ലാ മാസവും മണിയോടറായി പണം അമ്മയ്ക്ക് അയക്കുമായിരുന്നു.

വലിയ മോഹങ്ങളെ ഒപ്പം കൂട്ടിയാണ് ദീനാമ്മ കന്യാസ്ത്രീ മഠത്തിൽ ചേർന്നത്. . ക്രിസ്തുയേശുവിന്റെ തിരുസന്നിധിയിൽ ബിഷപ്പ് തിരുമേനിക്കും മറ്റ് പുരോഹിത 

ശ്രേഷ്ഠർക്കുമൊപ്പം നില്കുന്ന ദിനങ്ങളെ ഓർത്താണ് ഏലി പെമ്പിള തിരികെ പോകുമ്പോൾ ദീനാമമയുടെ കണ്ണുകൾ 

സന്തോഷം കൊണ്ട് നിറഞ്ഞത്.

നാലു വർഷം ദാരിദ്രവും അനുസരണയും പഠിക്കാൻ പട്ടിണിക്കിട്ടതും പാതിരാത്രിവരെ ജോലി ചെയ്യിപ്പിച്ചതും ദീനാമ്മ ഒരളവു വരെ ക്ഷമിച്ചു.

ഇറച്ചിവെട്ടുകാരൻ പാപ്പച്ചൻ ചന്ത പിരിഞ്ഞു കഴിഞ്ഞ് എല്ലും കഷണങ്ങളും കൊണ്ടുവരുമ്പോൾ , ഏലി പെമ്പിളില്ലാത്ത അവസരങ്ങളിൽ മുത്തം വെയ്ക്കാറുണ്ടായിരുന്ന തന്റെ ശരീര ഭാഗങ്ങളിൽ മരിക്കും വരെ ബ്രഹ്മചര്യം കെട്ടിവെക്കണമെന്ന് മദർ സുപ്പീരിയർ പറഞ്ഞപ്പോൾ ദീനാമ്മ ഉറപ്പിച്ചു , ഇത് സ്വർഗ്ഗത്തിലെക്കുള്ള വഴിത്താരയല്ല.

അന്നൊരു നാൾ ഏലി പെമ്പിള മോളെ കാണാൻ മഠത്തിൽ ചെന്നപ്പോൾ ദീനാമമ കെട്ടിപ്പിടിച്ച് കരഞ്ഞു ,

"അമ്മാമ്മെ , അമ്മാമ്മെ എനിക്കിവിടെ തുടരാൻ വയ്യ. കർത്താവ് ക്രിസ്തുവിന്റെ മണവാട്ടി ആക്കുമെന്ന് പറഞ്ഞ് , അച്ചൻ മാരുടെ മണവാട്ടി ആകാൻ എനിക്ക് വയ്യ. "

ശനിയാഴ്ച രാവിലെ മദർ സുപ്പീരിയറെ കാണുവാൻ ജേക്കബ് അച്ചൻ വന്നപ്പോൾ എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു. ദീനാമ്മ കതക് തുറന്ന് അച്ചനെ സ്വീകരിച്ച് കാലിൽ തൊട്ടു വന്ദിച്ചു.

പിടിച്ചെഴുന്നേൾപ്പിക്കുമ്പോൾ അച്ചൻ കൈപ്പത്തികൾ മാറിൽ മാറി മാറി അമർത്തിയത് ദീനാമ്മക്ക് നല്ല വേദനയുണ്ടാക്കി .

ഞയറാഴ്ച രാവിലെ മറ്റുള്ളവർ പ്രാർത്ഥനയിൽ മുഴുകിയപ്പോൾ അതിസാഹസികമായി ദീനാമ്മ കന്യാസ്ത്രീ മഠം ഉപേക്ഷിച്ചു പോയി.

ഏലി പെമ്പിള മകളെ വാത്സ്യല്യത്തോടെ സ്വീകരിച്ചു , ഞയറാഴ്ച വൈകുന്നേരം . ഭീമൻ പാറയുടെ മുകളിൽ പെയ്യാൻ വിമുഖത കാട്ടി കടുപ്പിച്ച് നിലയുറപ്പിച്ച കാർമേഘങ്ങൾ മൃദുലമായി വൈകാരിക വെടിഞ്ഞ് മഴയായി പെയ്തപ്പോൾ ദീനാമ്മ മഴ നനഞ്ഞ് പാടി :

യഹോവ കൽപ്പിച്ചു :

ആകയാൽ നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക

"തിരുപ്പുറപ്പാട് തിരുത്തിയല്ലോ , മോശയുടെ ഭാര്യ സിപ്പോറയെ യഹോവ കാമിച്ചല്ലോ ! 

കിട്ടാതെ വന്നേ അവളെ , പിന്നെ പത്തു കൽപ്പനകൾ മോശക്ക് കൊടുത്തല്ലോ !"

" ദീനാമ്മെ , ദീനാമ്മെ , കർത്താവിന് നെരക്കാത്ത പോഴത്തം പറയാതെ . " ഏലി വിലപിച്ചു.

മഠത്തിൽ നിന്ന് ഒളിച്ചോടിയ ദീനാമ്മയെ വേളി കഴിക്കാൻ ആരും തയ്യാറിയില്ല. ഇറച്ചിവെട്ടുകാരൻ പാപ്പച്ചൻ അവളെ ചേർത്തുപിടിച്ചു. പാപ്പച്ചന്റെ ഭാര്യയും മക്കളും എതിർത്തെങ്കിലും അയാൾ ദീനാമ്മയെ മണവാട്ടിയാക്കി.

ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് ദീനാമ്മയെ വെപ്പാട്ടിയാക്കി ചെലവിനു നൽകാതെ തങ്ങളെ പട്ടിണിയിലാക്കിയ പാപ്പച്ചനെ ആദ്യ ഭാര്യയും മക്കളും സന്ധ്യാ പ്രാർത്ഥനയിൽ ശപിച്ചു.

ഉത്തമൻ അവ്യക്തമായി കഥകൾ പറഞ്ഞു. തമ്പാന് നില്ക്കുന്ന ഭൂമി പിളർന്ന് താഴേക്ക് പതിക്കുന്ന പോലെ തോന്നി.

കൂരയിൽ കരീല തീകത്തിച്ച് കഞ്ഞി വെക്കുന്ന അമ്മയെ കണ്ട തമ്പാൻ അന്ന് വീടുവിട്ടിറങ്ങി ഭീമൻ പാറയിൽ താമസമാക്കി.

ഏലി പെമ്പിള ഭക്ഷണം ഉണ്ടാക്കി ഉത്തമൻ വശം പാറമുകളിൽ എത്തിച്ചു.

ഏഴാന്നാൾ സ്വപ്നത്തിൽ മാലാഖ പ്രത്യക്ഷപ്പെട്ട് തമ്പാനോട് പറഞ്ഞു,

" ജോസഫേ, ഇനിയും പത്തു നാൾ കഴിഞ്ഞാൽ കർത്താവ് നിന്നെ പരീക്ഷിക്കും. നിനക്ക് ബുദ്ധിഭ്രമം സംഭവിച്ച് ജഡാധാരിയായി അലഞ്ഞ് നടക്കേണിവരും. പാളയിൽ ആഹാരം വാങ്ങി ഭിക്ഷ എടുക്കും. കർത്താവിന്റെ പരീക്ഷണങ്ങൾ കഴിഞ്ഞാൽ വർഗ്ഗീസ് പുണ്യാളൻ ഭീമൻ പാറയുടെ മുകളിൽ ഏണി വെച്ച് സ്വർഗ്ഗത്തിൽ പോയ വഴി നിനക്ക് വെളിപ്പെടും."

മാലാഖ അപ്രത്യക്ഷയായി.

ഉത്തമനെ വിളിച്ച് തന്റെ ബാക്കി സമ്പാദ്യങ്ങൾ അമ്മയ്ക്കും മറ്റ് ദൈന്യർക്കും ദാനം ചെയ്യാൻ ഏൾപ്പിച്ച് പത്താം നാൾ തമ്പാൻ ഭീമൻ പാറ ഇറങ്ങി.

പോകുന്ന വഴിയിൽ പെങ്ങളെ കണ്ട തമ്പാൻ അടുത്തു ചെന്ന് അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പി.

തുപ്പുന്ന ശബ്ദം കേട്ട് മരത്തിലിരുന്ന കാക്ക പ്രാണഭയത്താൽ പറന്നു പോയി.

പിന്നീട് ചില സ്ത്രീകളെ കണ്ടാൽ തമ്പാൻ കാർക്കിച്ച് തുപ്പും .

പാളയിൽ ഭിക്ഷയായ് കിട്ടുന്ന ഭക്ഷണം കഴിച്ച് തമ്പാൻ തന്റെ ജീവിത നൗക തുഴഞ്ഞു.

സഹപാഠി ആയിരുന്ന ഹൈക്കോടതി റിട്ടേർഡ് ജഡ്ജ് വേലായുധൻസാർ നാട്ടിൽ വന്നപ്പോൾ തമ്പാന്റെ വിവരങ്ങൾ പലരും പറഞ്ഞറിഞ്ഞു. 

തമ്പാൻ ചായക്കടയുടെ പരിസരത്ത് ഉള്ള വിവരമറിഞ്ഞ്, കുട്ടി , അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവന്നു. ജഢ മുറിപ്പിച്ച് നല്ല ആഹാരങ്ങൾ നൽകി.

തമ്പാൻ, എന്താണ് ഈ ജീവിതത്തിന്റെ അർത്ഥം ?

വേലായുധൻ സാറിനെ ഞെട്ടിച്ചു കൊണ്ട് തമ്പാൻ ഗീത ഉദ്ദരിച്ചു.

" Everything happens for a reason. If you are going through a bad phase there must be a reason, and if you might be basking in glory, then also there is a reason."

തമ്പാൻ അവിടം വിട്ടു യാത്രയായി .

കളത്തട്ടിൽ അന്തിയുറങ്ങി. അയാൾ കുളിക്കുന്നതോ, പ്രഭാത കർമ്മങ്ങൾ നിർവഹിക്കുന്നതോ ആരും കണ്ടിട്ടില്ല. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് പാളയിൽ ഭക്ഷണം ചില വീടുകളിൽ നിന്നും വാങ്ങി നാറാണ പിള്ളയുടെ കാപ്പി ക്കടയിൽ നിന്നു മാത്രം ഒരു ഗ്ലാസ്സ് ചായ വാങ്ങി, നാട്ടുകാരുടെ നൊമ്പരമായി , വൈരാഗിയായി പാളസ്വാമി ആയി അർത്ഥമില്ലാത്ത ജീവിതം നയിച്ചു.

" വേലായുധൻ സർ, അയാൾ ഒരിക്കൽ പോലും ഇടവകയുമായി സഹകരിച്ചിട്ടില്ല. പള്ളി നിർമാണത്തിന് ആവശ്യമായ ഫണ്ട് സമാഹരണത്തിനായി വലിയ പിതാവ് നേരിട്ടെഴുതിയിട്ടും അയാൾ അവഗണിച്ചു. ഞാൻ സമ്മതിച്ചാലും പള്ളി കമ്മറ്റി എതിർക്കും "

 വികാരി പറഞ്ഞു.

വേലായുധൻ സാർ പള്ളി മുറ്റത്തെത്തി മറിയത്തിന്റെ മടിയിൽ രക്തമൊലിപ്പിച്ച് കിടക്കുന്ന ക്രിസ്തുദേവനെ വണങ്ങി.

തെമ്മാടി കുഴിയിൽ പോലും തമ്പാനെ അടക്കാൻ അവർ വിസമ്മതിച്ചു.

എന്റെ പറമ്പിൽ തമ്പാനെ ഞാൻ ദഹിപ്പിക്കും. വേലായുധൻ സാർ മുക്കവലയിൽ പരസ്യമായി പറഞ്ഞു.

പണിക്കാർ ദഹിപ്പിക്കുവാൻ കുഴിയെടുത്ത് , വിറകും തൊണ്ടും ശവക്കുഴിയിൽ എത്തിച്ചു.

ശൂന്യമായ ശവമഞ്ചലുമായി വന്ന പണിക്കാർ പറഞ്ഞു,

" ശവം കളത്തട്ടിൽ ഇല്ല."

 

ഭീമൻ പാറയിലെ മർത്തമറിയപ്പാറ മുകളിൽ  

ആകാശം മുട്ടിനില്ക്കുന്ന സ്വർഗ്ഗത്തിലേക്ക് ഏണിചാരി ആരും കയറിയില്ല.