Read Suite No. 101 by ശശി കുറുപ്പ് in Malayalam Short Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സ്യൂട്ട് നമ്പർ 101

സ്യൂട്ട് നമ്പർ 101
⛱️⛱️⛱️⛱️⛱️⛱️⛱️
കഥ
🌾🌾
രചന : ശശി കുറുപ്പ്
🙏🙏🙏🙏🙏🙏🙏🙏

വിസിറ്റിങ് കാർഡ് മൂസയ്ക്ക് നൽകി ഒമാൻ പൗരൻ ജുമാ സായിദ് പറഞ്ഞു.
" എന്റെ സഹായം എന്നെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കു "
ഉഴുതു മറിച്ച മേനി പർദ്ദ കൊണ്ട് മറച്ച ആ സ്ത്രീയും അറബിയും യാത്രയായി .
"മൂസ സർ , 101 ലെ സ്ത്രീ ആ അറബിയുടെ ഭാര്യയല്ല. കൊങ്കണി അറിയാം. ഞങ്ങടെ നാട്ടുകാരിയാ "
തെല്ലൊരഭിമാനത്തോടെയാണ്
റും സർവീസ് സൂപ്രവൈസർ കെവിൻ ഡിസിൽവ പറഞ്ഞത്.
ജുമാ സായിദ് റൂം ചെക്കൗട്ട് ആയപ്പോൾ ഹോട്ടൽ ഫോട്ടോഗ്രാഫർ എടുത്ത വീഡിയോ ചിത്രങ്ങളും ചീഫ്ഹൗസ് കീപ്പർ സ്റ്റെല്ല ഹാജരാക്കിയ സാധനങ്ങളും മൂസ പരിശോധിച്ചു..
പൊട്ടിച്ച ഒരു ഷുമുഖ് അത്തറിന്റെ ബോട്ടിൽ, അരബോട്ടിൽ ലൂയിസ് XIII ഡി റെമി മാർട്ടിൻ ബ്രാൻഡി , ഒരു കന്തുറ*, ഒരുകെട്ട് കറൻസി നോട്ടുകൾ , കുറെ ഈന്ത പഴം ഇത്രയുമാണ് വീഡിയോയിൽ .

" എല്ലാവർക്കുമായി
സ്നേഹപൂർവ്വം,
ജൂമാ സായിദ് അൽ ഖുറേഷി "
എന്ന കുറിപ്പോടെ ചിത്രത്തിൽ കണ്ട കറൻസി നോട്ടുകെട്ട് സ്റ്റെല്ല ഹാജരാക്കിയില്ല.

നോട്ടുകെട്ട് കണ്ടിട്ടില്ല എന്ന് ഹൗസ് കീപ്പിംഗ് സ്റ്റാഫും സ്റ്റെല്ലയും തറപ്പിച്ച് പറഞ്ഞു.

നൈമിഷകമായ ഗൃഹപാഠപദ്ധതിയിൽ ആരോ നടത്തിയ മോഷണം മൂസയെ കുറ്റബോധത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ടു.

സ്റ്റെല്ല എടുക്കില്ല. പിന്നെ ആരാകും?

അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സമർപ്പിക്കുമ്പോൾ എം.ഡി. വരദരാജൻ സമ്മതിച്ചില്ല
"മൂസ , എന്നമാ , നീങ്ക കവലപ്പെടാതെ ധൈര്യമായി ഇരിങ്ക തമ്പീ , അറബിയുടെ പണം ആരും മോഷ്ടിച്ചില്ല. നമുക്ക് തന്നത് നമ്മൾ മോഷ്ടിച്ചു. അങ്ങനെ കരുതിയാൽ മതി."

ഏകനായി റൂഫ് ടോപ്പിലെ ഉദ്യാനത്തിന് മുകളിൽ നക്ഷത്രങ്ങൾ ഉണർന്നു വരുന്നത് നോക്കിയിരുന്നു മൂസ -
റും സർവീസിൽ വിളിച്ച് രണ്ട് ബക്കാർഡി ലമൺ ആവശ്യപ്പെട്ടു.
മുത്തുപ്പാണ്ടി പാനിയവും പറങ്ങേണ്ടിയും കൊണ്ടുവന്നു.
"മുത്തു, നീ ഉക്കാറുങ്കേ "
വേണ്ട സർ
"നാളെ നമ്മൾ കണ്ടില്ലെന്നു വരും. നീ ഇരിക്ക്."
എനിക്കു വേണ്ടി
തനിത്തിരുന്ത് വാഴും ... തവമണിയേ...'' പാട് .

മുരുകനെ ധ്യാനിച്ച് മുത്തു പാടി .

" വെണ്ണീർ അണീൻട്രത് എന്നയെന്ന വേലൈപിടിത്തതു എന്നയെന്ന
കൺമൂടി നിൻട്രത് എന്നയെന്ന കാവിയുടുത്തത് എന്നയെന്ന ...."
.അകലെ ബോൾഗാട്ടി പാലസ്.
മനുഷ്യത്വരഹിതമായ ചാപ്പ ** എന്ന അനീതിക്കെതിരെ നടത്തിയ സമരത്തിൽ രക്തസാക്ഷികളായ സൈദ്, സൈദലവി, ആന്റണി എന്നിവർക്കൊപ്പം മർദ്ദനമറ്റ് മരിച്ച തന്റെ ബാപ്പ യേയും അർഹിക്കുന്ന പരിഗണന നൽകാതെ വിസ്മൃതിയുടെ ഗർത്തങ്ങളിൽ കാലങ്ങളായി മൂടിയിട്ട മട്ടാഞ്ചേരി, നിദ്രയെ പുൽകാൻ വെമ്പൽ കൊണ്ടു . ഉറങ്ങു, ശാന്തമായി സ്വപ്നങ്ങൾ കാണാതെ ഉറങ്ങു. ഇനി എന്നാണ് നമ്മൾ കണ്ടുമുട്ടുക ?
ബോൾഗാട്ടിയിലെ മൂന്ന് സെന്റ് ഭൂമിയിൽ നിർമ്മിച്ച സ്റ്റെല്ലയുടെ മനോഹരമായ ചെറിയ വീട് സന്ദർശിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെ തീവ്രപ്രവാഹം സ്റ്റെല്ലയുടെ നിന്മോന്നതങ്ങളെ പുൽകി നിർവൃതിയുടെ സായൂജ്യത്തിലെത്തിയ നിമിഷങ്ങൾക്കും ഗൃഹപാഠമില്ലായിരുന്നു. നൈമിഷികമായി വന്നു ചേർന്നത്.

എങ്കിലും ആരായിരിക്കും നോട്ട് കെട്ട് മോഷ്ടിച്ചത്? തമ്പുരാനായ റബ്ബേ, അവരെയും നീ കൈ വെടിയരുത്.
പ്രഭാതത്തിൽ പരമകാരുണീയനായ റസ്സൂലിന് നിസ്ക്കാരമർപ്പിച്ച് മൂസ , അമ്മൻ കോവിൽ റോഡിലെ വെള്ളാളരുടെ ഗണപതിക്കോവിലിൽ വിഘ്നേശരനെ കൈകൂപ്പി വന്ദിച്ചു. പൂജാരി നൽകിയ മോദകം ഭക്തിയോടെ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.
വിസിറ്റ് കാർഡിനൊപ്പം എന്നു വേണമെങ്കിലും പുതുക്കാവുന്ന സൗഹ്യദം കൂടി തന്നിട്ടാണ് ജുമാ സായിദ് ഒമാനിലേക്ക് യാത്രയായത്.
ഒമാനിലെ സീബ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ "മൂസ " എന്നെഴുതിയ പ്ലേ കാർഡ് പിടിച്ച അറബി ജൂമാ സായിദ് ന്റെ ഡൈവർ ആയിരുന്നു.
ഇരുപത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിക്കുമ്പോൾ വയസ്സ് അമ്പത് കഴിഞ്ഞിരുന്നു.
"എറണാകുളം നഗരത്തിലെ ഒട്ടിയ വയറുകൾക്ക് സ്വാന്തനമായി നീ ഭക്ഷണം നൽകുന്ന സൽക്കർമ്മത്തിന് അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകും "
വലിയ ഒരു സംഘ്യ എഴുതിയ ചെക്ക് മൂസക്ക് കൈമാറി ജുമാ
സായിദ് അൽ ഖുറേഷി എയർ പോർട്ടിൽ യാത്രാമൊഴി നൽകി. Bon voyage !

മറൈൻ ഡ്രൈവിലെ ഒരു ബഞ്ചിന് സമീപം ബ്രോഡ് വെയിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ ഒട്ടിയ വയറുകൾ വരിവരിയായി കാത്തു നിന്നു. ഉച്ച ദൗത്യത്തിന്റെ സമാപനമായി അവർക്കും ഭക്ഷണം നൽകി മൂസയും ഡ്രൈവറും തിരികെ ആഫീസ്സിലേക്ക് മടങ്ങി.

" മൂസ സർ , ഒരു സ്ത്രീ അങ്ങയെ കാണുവാൻ കാത്തിരിക്കുന്നു."
ഓഫീസ് നടത്തിപ്പുകാരൻ ദ്രവ്യം നടാർ .

സ്റ്റെല്ലയുടെ മുഖത്തെ സംഭ്രമം ശ്രദ്ധിച്ചതായി ഭാവിച്ചില്ല.
ഹ്രസ്വമായ സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പായി സ്റ്റെല്ല പറഞ്ഞു
" അങ്ങ് എന്നോട് ക്ഷമിക്കണം. 101 ലെ നോട്ട് കെട്ട് എടുത്തത് ഞാനാണ് . ഹൗസ് കീപ്പിങിലെ ജോലിക്കാരി ആയിരുന്ന അഖിലയുടെ വിവാഹ ചെലവുകൾക്കായി. നിർധനയായ പാവം അവളെ സഹായിക്കാൻ ആരുമില്ലായിരുന്നു."

തുറമുഖത്തു നിന്നും ഏതോ കപ്പൽ പുറപ്പെടുന്ന സൈറൻ മുഴങ്ങി.

വെൺ മേഘങ്ങൾ അറബിക്കടലും കടന്ന് മട്ടാഞ്ചേരിക്ക് മുകളിൽ കുട പിടച്ചു. ചന്ദ്രക്കല പോലെ ദേശാടനക്കിളികൾ കുട്ടം തെറ്റാതെ വൈപ്പിൻ ഭാഗത്തേക്ക് നീങ്ങി.

കൈലേസ്സെടുത്ത് കണ്ണീരൊപ്പി സ്റ്റെല്ല ഇടറിയ കാൽവെയ്പ്പോടെ നടന്നു മറയുന്നത് മൂസ നിർവികാരനായി നോക്കി നിന്നു

🌱🌱🌱🌱🌱🌱🌱🌱🌱
* അറബിയുടെ വസ്ത്രം .
* *മട്ടാഞ്ചേരിയിൽ നടന്ന " ചാപ്പ " സമരം വായിക്കുക.