Read my daughter by ശശി കുറുപ്പ് in Malayalam Short Stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

എൻ്റെ മകൾ

ഇസ
🌍🌍🌍🌍🌍🌍🌍🌍🌍

കഥ
രചന: ശശി കുറുപ്പ്.
**********************

അവിശ്വസിക്കേണ്ട വാർത്തയല്ല ; ശാരദ നേരിട്ട് കണ്ടതാ .
അമ്മുക്കുട്ടി വാരസ്യാരെ വീട്ടുജോലിയിൽ സഹായിക്കുന്നത് അവളാണല്ലോ ?

വാമദേവൻ ഒരു ഫിലിപ്പൈൻസ് കാരി പെണ്ണിനെ ഷാരോത്ത് കൊണ്ടുവന്നു. ഒപ്പം ഒരു കൊച്ചു പെൺകുട്ടി യും ഉണ്ട്.
യാഹൂ വിൽ ചാറ്റ് ചെയ്യുമ്പോഴാണ് അവിചാരിതമായി ലോല യെ പരിചയപ്പെടുന്നത്. കേരളം അവൾ കേട്ടിട്ടു പോലുമില്ലാത്ത പേര്.
ദിവസവും മണിക്കൂറുകൾ ലോലയുമായി സംസാരിക്കുമ്പോൾ , നാട്ടിൽ പോകാത്തതിന്റെ വിരക്തി ശമിച്ചു.
ഗൾഫിൽ , പ്രത്യേകിച്ചും ദുബായിൽ ഒരു ജോലി ലഭിക്കുക ഫിലിപ്പൈൻസിലെ ഏത് യുവാവിനും യുവതിക്കുമുള്ള സ്വപ്നമായിരുന്നു.
ലോല അതിയായ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ
സന്ദർശന വിസയിൽ ദുബായിൽ എത്തിച്ചു.

നേരിട്ടു കണ്ടപ്പോൾ , കംപ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞ രൂപത്തേക്കാൾ അതിസുന്ദരി .

ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ആദ്യത്തെ മുഖാമുഖത്തിൽ തന്നെ ലോലക്ക് ജോലി ലഭിച്ചു.

അവളുടെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു.

മന:പൂർവ്വമല്ലെങ്കിലും, ഒരു പെൺകുട്ടിയുമായി പ്രണയ സല്ലാപങ്ങൾ പങ്കിട്ടതിന്റെ പരിണാമം ദുരന്തമായി രണ്ട് ജീവിതങ്ങൾ മാറ്റിമറിക്കുമെന്ന് ഓർത്തില്ല.

ലോല ഗർഭിണി ആയത് ഞെട്ടലോടെ കേട്ടു. ഉറക്കം കെടുത്തിയ ദിനങ്ങൾ . നിയമത്തിന്റെ ദൃഷ്ടി പതിഞ്ഞാൽ വധശിക്ഷ. സ്ത്രീ വധശിക്ഷയിൽ നിന്ന് ഒഴിവാകുമെങ്കിലും ആജീവനാന്ത തടവ്. കുഞ്ഞിനെ വേർപെടുത്തും. അശാന്തി കോശങ്ങളിൽ നിന്ന് കോശങ്ങളിലേക് ക്യാൻസർ പോലെ പെരുകി . ഒടുവിൽ അവളയും കൂട്ടി
ബോംബെയിൽ പോയി രജിസ്റ്റർ വിവാഹം ചെയ്തു. തിരികെ ദുബായിൽ എത്തി. പിന്നീട് എംബസി യുടെ സഹായത്താൽ ലോലക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇസക്ക് അഞ്ചു വയസാകുമ്പോഴേക്കും തറവാട്ടിലേക്ക് മടങ്ങി.

"ദേവാ, ഈ കല്ലിനെ എന്തിനാ വിളക്ക് കൊളുത്തി പൂജിക്കുന്നത്."
വെടി വെക്കുന്നതും, പൂക്കൾ കൊണ്ട് മാല കെട്ടുന്നതും, എഴുന്നെള്ളതും കൊടി യും ജീവത യും ലോല ആദ്യമായിട്ടാണ് കാണുന്നത്.

കസവു മുണ്ടുടുത്ത് പനങ്കുലപോലെ മുടിയുള്ള സൗന്ദര്യത്തിന്റെ നിറകുടങ്ങളായ സ്ത്രീകളെ ലേല ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

ചുറ്റു വിളക്കുകൾ ഓരോന്നായി അണഞ്ഞു. ആൽമരത്തിൽ ചേക്കേറിയ കിളികളുടെ കലപില ശബ്ദം അപ്പോഴും അമ്പലമുറ്റത്തെ മുഖരിതമാക്കി.

നട അടച്ച് വെളിയിൽ വന്ന വാസുദേവൻ പോറ്റി നൽകിയ പാൽപായസം കുടിച്ചു ലോല പറഞ്ഞു
" ഇതുപോലെ ഒരു സ്വീറ്റ് ഞാൻ കഴിച്ചിട്ടില്ല. Delicious "

" ലോല മോളെ, നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവർ മത്സ്യ മാംസഭക്ഷണം കഴിക്കാറില്ല.
മോൾക്ക് വേണമെങ്കിൽ വാമദേവന്റെ കൂടെ പുറത്തുപോയി കഴിക്കാം. " അമ്മുക്കുട്ടി പിഷാരസ്യാർ.

" വേണ്ട അമ്മെ, ഇവിടുത്തെ ഭക്ഷണം മതി "
ഒരിക്കലും വശംവദമാകത്ത ഭാഷ.
മനംപുരട്ടുന്ന ഭക്ഷണം, ജനിച്ച മണ്ണിൽ ഒരിക്കൽ പോലും പോകാൻ പറ്റാതെ, മാതാപിതാക്കളെ പിരിഞ്ഞ്
പത്തുവർഷം ലോല ഷാരോത്ത് കഴിഞ്ഞു.
പിതാവ് രോഗശയ്യയിൽ കിടക്കുന്നതറിഞ്ഞ് ഫിലിപൈൻസിലേക് ലോലക്ക് പോകേണ്ടി വന്നു.
യാത്ര പറയും മുമ്പ് ഇസയെ വാരിയെടുത്തവൾ കെട്ടിപിടിച്ച് നെറുകയിൽ മുത്തം നൽകി.

അമ്മയെ വേർപെട്ട പശുക്കിടാവിനെപ്പോലെ ഇസ തേങ്ങി.

ഒന്നിനോടും പൊരുത്തപ്പെടാതെ ലോല മനിലയിൽ പോയിട്ട് പത്ത് വർഷം കഴിഞ്ഞു.

തിരികെ കേരളത്തിൽ മകളുടെ അടുത്ത് എത്തുവാൻ വിമാനയാത്ര യ്ക്കുള്ള പണം സമാഹരിക്കാൻ ലോല ക്ക് ആയില്ല. ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾക്ക് പൂക്കളും മാലകളും കൊടുക്കുന്നതു കൊണ്ടോ ചെറിയൊരു പൂക്കട നടത്തിയതു കൊണ്ടോ വാമദേവനും അവളെ സഹായിക്കാനായില്ല.

മനില യിലെ ചെറിയ വീടിൻ്റെ
ജാലകം ലോല തുറന്നു. ഭരണകൂടത്തിനെതിരെയുള്ള കമ്മ്യുണിസ്റ്റ് കാരുടെ പ്രകടനം കടന്നു പോകുന്നു.
അമേരിക്കൻ സാമ്പത്തിക നയങ്ങൾക്കെതിരെ , അഴിമതിക് എതിരെ പോരാടിയ കമ്യൂണിസ്റ്റ്കാരെ ഉന്മൂലനം ചെയ്ത മാഗ്സസെയുടെ പേരിലുള്ള അവാർഡ് പണം ഏറ്റുവാങ്ങാൻ ജനാധിപത്യ ഇന്ത്യയിലെ മാന്യർക്ക് ഒരു മടിയും തോന്നിയിട്ടില്ല.

ഒരു ദുർബല നിമിഷം ജീവിതം മാറ്റിമറിച്ചത് യൗവനത്തിൻ്റെ വസന്തോത്സവങ്ങൾക്കിടയിൽ അവൾ അറിഞ്ഞില്ല. തന്റെ യൗവ്വനം യാഹൂ വിൻെറ വാതലിൽ അണിയിച്ചൊരുക്കി അവൾ കാത്തിരുന്നു ആരെങ്കിലും സ്വീകരിക്കാൻ വേണ്ടി.

വളരെ ദൂരെ, ഒരു മുൻപരിചയം ഇല്ലാത്ത, ഒരിക്കലും കേട്ടിട്ടില്ലാത്ത നാട്ടിലെ പുരുഷനുമായി വിവാഹം. അന്ന് ഇതൊന്നും ഓർത്തില്ല.

മകളെ കണ്ടിട്ട് പത്ത് സംവത്സരങ്ങൾ കൊഴിഞ്ഞുപോയി.
അക്ഷന്ത്യവ്യമായ തീരുമാനമാണെടുത്തത്. അതിന്റെ നഷ്ടം ഏറെയാണ്...
തിരുത്തിയെഴുതാൻ കഴിയില്ലൊരിക്കലും.
അത് ജീവിതകാലം മുഴുവൻ ഒരു നീറ്റലായ് നെഞ്ചിലുണ്ടാകും..
മെച്ചപ്പെട്ട ജോലി കിട്ടിയിട്ടും ഇസക്ക് വിവാഹ ആലോചന ഒന്നും തരമായില്ല. ഫിലിപ്പൈൻസ് പെൺകുട്ടി യെ വിവാഹം കഴിക്കാൻ പയ്യന്മാർ തയ്യാറായില്ല. യുവാക്കൾക്ക് പ്രണയ സല്ലാപത്തിനുള്ള ഒരു ഇടത്താവളം ഇസ നൽകിയില്ല.

"ഇസ മനിലായിൽ വരട്ടെ.
ദേവൻ അവളോടൊപ്പം വരേണ്ട. "
ലോല അറിയിച്ചു. അവളുടെ പുതിയ കൂട്ടാളി ക്ക് ഇഷ്ടപ്പെടില്ല.

ജീവൻ പകുത്ത് നൽകി അമ്മയുടെ അടുത്ത് പോകാൻ ഇസക്ക് അനുവാദം കൊടുത്തു വാമദേവൻ

" നിങ്ങളെ നനക്കാത്ത, തലോടാത്ത ഒരു ദിവസവും എനിക്ക് ഇല്ലായിരുന്നു. "
പൂന്തോട്ടത്തിലെ ചെടികൾ ഇസ പറഞ്ഞത് കനിവോടെ കേട്ടു.
വാടി നിന്ന ചെണ്ടുമല്ലിക്ക് ഇസ കനിവോടെ ദാഹജലം നൽകി. പറമ്പിൽ കിളികൾക്ക് കുടിക്കാൻ വെള്ളം നിറച്ചു വെച്ചു.
നാളെ മുതൽ താനില്ലല്ലോ എന്ന ദുഃഖ സത്യം അവൾ കടിച്ചമർത്തി.
ഇസ ചിലങ്കകൾ അണിഞ്ഞു. എന്നും പൂന്തോട്ടത്തിലെ കൂട്ടുകാർക്കൊപ്പം പാടിയിരുന്ന കീർത്തനം ചുവടുകൾ വെച്ച് ആലപിച്ചു.
" തകതരി കുകുംതന കിടതകധീം തകതരി കുകുംതന കിടതകധീം... "

വാടി നിന്ന ചെണ്ടുമല്ലി ഉശിരോടെ ഉയർത്തെഴുന്നേറ്റു.

ആ ദിവസം പ്രഭാതമായി വന്നെത്തി പത്തു മണി പൂക്കൾ വിരിയിച്ചു.
അമ്മുക്കുട്ടി പിഷാരസ്യാർ
ഇനി ഒരിക്കലും തിരികെ വരാത്ത മകളുടെ വേർപാടിൽ മോഹാത്സ്യപ്പെട്ടു വീണു.
വൃക്ഷങ്ങള്‍ മാത്രമല്ല കിളികളും പക്ഷികളും അവൾക്ക്
യാത്രാനുമതി നൽകി. എരുത്തിലിൽ നിന്ന് ചാടി എഴുന്നേറ്റ സുന്ദരി പശു അലറി വിളിച്ച് കരഞ്ഞു. അവളുടെ കിടാവ് സംഭവിക്കുന്നതെന്തെന്നറിയാതെ അമ്മയെ ഉറ്റുനോക്കി.
എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ട്.
അമ്മയുടെ ചാരെ എത്തി അവളും വിലപിച്ചു.

", ലളിത ഉരുവിട്ടോളു. "
എയർപോർട്ട് ലേക്ക് പോകുമ്പോൾ വാമദേവൻ ഓർമ്മിപ്പിച്ചു.

അവസാന അറിയിപ്പ് വന്നു.
മനിലക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് AS 129 ലേക്കുള്ള യാത്രക്കാർ ഇമിഗ്രേഷൻ കൗണ്ടറിൽ ഉടനെ റിപ്പോർട്ട് ചെയ്യണം.

"എൻ്റെ പ്രിയപ്പെട്ട അച്ഛാ " വാമദേവന്റെ കാലിൽ വീണു വിങ്ങിപ്പൊട്ടി കരഞ്ഞു , ഇസ.

"അങ്ങ് എൻ്റെ അമ്മയും കൂടിയാണ്."
"ഇനി ഞാൻ ഈ ജന്മത്ത് എൻ്റെ അച്ഛനെ കാണില്ലല്ലോ."

അവളുടെ വിലാപം കേട്ട് അടുത്തു നിന്ന യാത്രക്കാരുടെ കണ്ണുകൾ നിറഞ്ഞു.
വാമദേവൻ അവളെ എഴുന്നേൽപ്പിച്ചു മാറോടു ചേർത്തു.
"എൻ്റെ മകളെ"
അയാള് വിലപിച്ചു.

വിലാപം പുറത്തേക്ക് പ്രവഹിചില്ല, എങ്കിലും ഗദ്ഗദ കണ്ഠത്തിൽ ഞെരുങ്ങിയമർന്ന വിലാപം നിലാവും നക്ഷത്രങ്ങളും കേട്ടു.

റൺവേ വിട്ട് പറന്നുയർന്ന വിമാന തിന് പിറകെ അസംഖ്യം നക്ഷത്രങ്ങൾ ഒഴുകുന്നത് വാമദേവൻ കണ്ടൂ. അവക്കൊപ്പം പറക്കുവാനയി വാമദേവൻ കൈകളുയർത്തി, പ്രജ്ജയറ്റ് നിലത്തുവീണു.

ഷാരോത്ത് , ഇസ താലോലിച്ചു നട്ടു വളർത്തിയ മംഗോസ്റ്റിന്റെ സങ്കടം അണപൊട്ടി ഒഴുകി . അവളുടെ ഇലകളും പഴങ്ങളും പൊഴിഞ്ഞു വീണു.
ഇലഞ്ഞിമരത്തിൽ കൂടു കെട്ടിയ മഞ്ഞക്കിളി ഉച്ചത്തിൽ വിളിച്ചു
"ഇസ , ഇസ "
ഓലഞ്ഞാലി കിളിയുടെ കൂട് താഴെ വീണു മുട്ടകൾ പൊട്ടി. അമ്മ കിളി വാവിട്ടു കൂകി.
ഇസ ക്ക് പാട്ടുപാടി കേൾപ്പിച്ചിരുന്ന കുഞ്ഞികുരുവി കൂടിനുള്ളിൽ ഇരുന്നു .
പെയ്യാനിരുന്ന മേഘങ്ങൾ പെയ്യാതെ മോഹാലസ്യപ്പെട്ടു വിണ്ണിൽ തങ്ങി നിന്നു.