അജയ് തന്റെ മനസ്സിലെ ചിന്തകളുടെ വലയിൽ നിന്ന് മുക്തനായി. മുഖത്ത് ഒരു ഗൗരവത്തിന്റെ മൂടൽ, പാദങ്ങളിലെ ചുവടുകൾ അളന്നുനീങ്ങി അവൻ കോൺഫറൻസ് ഹാളിന്റെ വാതിലിലേക്ക് എത്തി
വാതിൽക്കൽ കാത്തുനിന്നിരുന്ന സെക്യൂരിറ്റി ഹെഡ്, കുറച്ചു മുന്നോട്ട് വന്ന് പറഞ്ഞു:
“നിങ്ങൾ ഇവിടെ ഇരിക്കുക. അല്പസമയത്തിനകം മാനേജ്മെന്റ് ടീം ചർച്ചയ്ക്കായി എത്തും.”
അത് പറഞ്ഞവൻ ഒന്ന് ചുറ്റും നോക്കി, പിന്നെ ശാന്തമായി മാറി നടന്നു പോയി.
പുറത്ത്, അന്തരീക്ഷം മുഴുവനും മാറിക്കൊണ്ടിരുന്നു. പോലീസ് സംഘത്തിന്റെ വലിയ വാഹനവ്യൂഹം ഫാക്ടറിക്ക് മുന്നിൽ വലയം തീർത്തിരുന്നു. വാഹനങ്ങളുടെ നീലചുവപ്പ് ലൈറ്റുകൾ മിന്നിമറഞ്ഞു.
അതിനിടെ, സമരക്കാരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയവരിൽ ഒരാൾ, നെഞ്ച് നിറയെ വായുവെടുത്ത് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു തുടങ്ങി. ആദ്യം അടുത്തിരുന്നവർ, പിന്നെ അകലെയുള്ളവർ മുദ്രാവാക്യത്തിന്റെ ചൂട് തിരയെന്ന പോലെ ജനക്കൂട്ടത്തിലേക്ക് പടർന്നു.
ആ ജനക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ശിവ, കണ്ണുകളിൽ കൃത്യമായ ഒരുദ്ദേശവുമായി, കൈ ഉയർത്തി തന്റെ ആളുകൾക്ക് സിഗ്നൽ നൽകി.
ഒരു നിമിഷം പോലും വൈകാതെ, അവന്റെ അനുയായികൾ പ്രവർത്തനത്തിലേക്ക് കടന്നു. അവർ നിലത്തു കിടന്നിരുന്ന കല്ലുകൾ പോലീസിന്റെ നിരകളിലേക്ക് ശക്തിയായി എറിയാൻ തുടങ്ങി.
അത്തരം ഒരു കല്ലേറിന്റെ നടുവിൽ, പെട്ടെന്ന് ഒരു പോലീസ് വാഹനത്തിനു തീപ്പിടിച്ചു. ആദ്യം ചെറിയൊരു പുക, പിന്നെ ചുവപ്പും ഓറഞ്ചും കലർന്ന തീയുടെ നാവുകൾ, വാഹനത്തെ പതിയെ വിഴുങ്ങി തുടങ്ങി. തീയുടെ ചൂട് വായുവിൽ പരന്നപ്പോൾ, മുദ്രാവാക്യങ്ങളുടെ ശബ്ദം കൂടുതൽ ഉഗ്രമായി മാറി
കല്ലേറ് തുടർന്നുകൊണ്ടേയിരുന്നു — പോലീസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചുവെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.
പുറത്ത് പടർന്നു പിടിച്ച കലാപത്തിന്റെ ചൂട്, നിയന്ത്രണാതീതമായിരുന്നു. ജനക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങൾക്കും കല്ലേറിനും മറുപടിയായി, പോലീസ് ലാത്തികൾ ഉയർത്തി.
ഒരു കഠിനമായ ശബ്ദത്തോടെ — “ചാർജ്!” — എന്ന ആജ്ഞ പുറപ്പെട്ടു.
നിമിഷങ്ങൾക്കകം, ലാത്തികളുടെ മുഴക്കം വായുവിൽ വീശിമാറി. ജനങ്ങൾക്കിടയിൽ ഓട്ടപ്പാച്ചിലുണ്ടായി; ചിലർ വേദനയുടെ നിലവിളികളോടെ നിലത്ത് വീണു, ചിലർ കൈകൾ തലയിൽ വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, കലാപത്തിന്റെ ചൂട് പിന്നോട്ടടിയാൻ തയ്യാറല്ലായിരുന്നു മുദ്രാവാക്യങ്ങൾക്കിടയിൽ ഇപ്പോഴും ഉഗ്രമായ കോപത്തിന്റെ തീ കത്തിക്കൊണ്ടിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് തിരിച്ചറിഞ്ഞ പോലീസ്, കൂടുതൽ സേനയെ വിളിച്ചു വരുത്തി അവർ വാഹനങ്ങളിൽ നിന്നും ചാടിയിറങ്ങി. അവരുടെ കാൽച്ചുവടുകളുടെ ഒരേ താളം, വായുവിൽ ഒരു ഭീതിജനകമായ ആവേശം സൃഷ്ടിച്ചു.
പുക, പൊടി, തീ എല്ലാം അന്തരീക്ഷത്തിൽ കലർന്നിരുന്നു. കല്ലുകൾ നിലത്തു ചിതറികിടക്കുന്നു.എവിടെയൊക്കെയോ, ആരോ വീണു കരയുന്ന ശബ്ദം കേൾക്കാമായിരുന്നു; അതിന് മുകളിൽ, ലാത്തികൊണ്ടുള്ള അടിയുടെ പൊട്ടിത്തെറിയും ജനക്കൂട്ടത്തിന്റെ ശ്വാസംമുട്ടുന്ന ഓട്ടവും.
അതിനിടെ, കോൺഫറൻസ് ഹാളിനുള്ളിൽ ഇരുന്ന അജയ്, പുറത്തുനിന്നുള്ള ആ കലഹത്തിന്റെ മുഴക്കം കേട്ടുകൊണ്ട്, മുഖത്ത് ഗാഢമായ ഗൗരവത്തോടെ ജനലിനരുകിലേക്ക് നടന്നു നീങ്ങി.
അതേ സമയം, കലാപത്തിന്റെ മുഴക്കം പുറത്തുനിന്ന് ഉയരുമ്പോൾ, ടോണി തന്റെ ഇരുണ്ട പദ്ധതിയുമായി പഴയ ഓഫീസ് റൂമിലേക്ക് കടന്നു.
കൈയിൽ കരുതിയ കാനിൽ നിന്ന് ഡീസലിന്റെ കനത്ത ഗന്ധം, പഴകിയ അലമാരകളിലും മഞ്ഞപിടിച്ച ഫയലുകളിലും ഒഴുകി. മരച്ചട്ടകളും പേപ്പർ കെട്ടുകളും അതിന്റെ ദാഹത്തിൽ മുങ്ങിപ്പോയി.
ഒരു നിമിഷം പോലും വൈകാതെ, ടോണി തീപ്പെട്ടി ഉരച്ച്, തിളങ്ങുന്ന തീയുടെ ചെറു നാവ് പേപ്പറുകൾ തൊടിച്ചു. ആദ്യത്തെ പുകയും ചെറിയ തീനാളങ്ങളും ഉടൻ തന്നെ വലിയ തീയുടെ കരഞ്ഞൊഴുക്കുകളായി മാറി.
തീയുടെ പ്രകാശം അലമാരകളെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ, ടോണി വേഗത്തിൽ റൂമിൽ നിന്ന് ഇറങ്ങി, ഫാക്ടറിയുടെ പുറകിലുള്ള പഴയ വഴിയിലൂടെ അവന്റെലക്ഷ്യത്തിലേക്ക് നീങ്ങി.
ഫാക്ടറിയുടെ ഉള്ളിൽ നിന്ന് ഉയരുന്ന പുക കണ്ട ശിവൻ, ഒരു കനത്ത ശ്വാസം വിട്ട് തന്റെ ആളുകളെ കൈകൊണ്ട് വിളിച്ചു, പിന്നെ പതുക്കെ അവിടെനിന്നും പിൻവാങ്ങി.
അതേ സമയം, കോൺഫറൻസ് ഹാളിൽ നിന്നിരുന്ന അജയ്, പുറത്ത് പഴയ ഓഫീസ് ഭാഗത്ത് നിന്ന് ഉയരുന്ന കറുത്ത പുക കണ്ടപ്പോൾ, മുഖം കടുപ്പിച്ചു. അവൻ പെട്ടെന്ന് ഓടി അങ്ങോട്ട് ചെന്നു പക്ഷേ, തീ ഇതിനകം പടർന്നിരുന്നു.
“സമയം കഴിഞ്ഞു…” — അവൻ മനസ്സിൽ പറഞ്ഞു.
പെട്ടെന്ന് അവൻ നിഖിലിനെ ഉറക്കെ വിളിച്ചു:
“നിഖിൽ! വേഗം പുറത്തേക്ക് പോകൂ! എല്ലാവരും ഇപ്പോൾ തന്നെ പുറത്തിറങ്ങണം!”
നിഖിൽ ഉത്തരവാദിത്തത്തോടെ തന്റെ ആളുകളെ കൂട്ടി, എല്ലാവരെയും വേഗത്തിൽ പുറത്തേക്ക് കൊണ്ടുപോയി.
പുറത്ത്, കലാപത്തിന്റെ ചൂട് കുറയാൻ തുടങ്ങിയിരുന്നു. പോലീസ് അധിക സേനയുടെ സഹായത്തോടെ സാഹചര്യം നിയന്ത്രണത്തിലാക്കി. പക്ഷേ, തീയുടെ പുക അന്തരീക്ഷത്തെ കനത്ത ഭീഷണിയിൽ മുക്കിയിരുന്നു.
അഗ്നിശമന സേനയുടെ സൈറൻ മുഴങ്ങി കേൾക്കാമായിരുന്നു.ചുവന്ന നിറത്തിലുള്ള ആ വണ്ടി ഫാക്ടറിക്ക് ഉള്ളിൽ വന്നു നിന്നു.അതിൽ നിന്ന് ഇറങ്ങി വന്നവർ കർമനിരതർ ആയി.അവർ തീയണയ്ക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
അതേസമയം അജയ് പുറത്തേക്ക് വന്നപ്പോൾ, സെക്യൂരിറ്റി ഹെഡ് ഉറക്കെ അലറി
“ഇവനാണ് ഫാക്ടറിയ്ക്ക് തീ വെച്ചത്! അവനെ പിടിക്കൂ!”
അത് കേട്ടതും അടുത്തു നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥർ അജയ്‌ക്കു നേരെ ചാടിവന്നു.
ഒരു ലാത്തി അവന്റെ മുഖത്തേക്ക് പാഞ്ഞു വന്നു പക്ഷേ അജയ് പെട്ടന്ന് അതിൽ നിന്നും ഒഴിഞ്ഞുമാറി നിന്നു.
ലാത്തി വായുവിൽ ഉയർന്ന് അവനിൽ നിന്ന് ഒഴിഞ്ഞു പോയി അടുത്ത നിമിഷം, അജയ് തിരിച്ചടിച്ചു.
ആദ്യ ഇടി പൊലീസുകാരന്റെ നില തെറ്റിച്ചു.
രണ്ടാമത്തെ ഇടി അവനെ നിലത്ത് വീഴ്ത്തി.
നിലത്ത് വീണ പോലീസുകാരൻ എഴുനേൽക്കുവാൻ കഴിയാതെ കിടന്ന് പിടഞ്ഞു. പെട്ടന്ന് പിന്നിൽ നിന്ന് മൂന്നു പേരോളം ആയുധങ്ങളുമായി അജയ്‌ക്കു നേരെ പാഞ്ഞു വന്നു.
അവരുടെ ചുവടുകളുടെ ഗർജ്ജനത്തിൽ പൊടി ഉയർന്നു.
അതുകണ്ട നിഖിൽ, പല്ലുകൾ കടിച്ച്, കൈ ഉയർത്തി വിളിച്ചു:
“ആക്രമിക്കൂ!”
അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി, പിന്നാലെ വിശ്വസ്തരുടെ തിരക്കുള്ള ചുവടുകൾ, ഇരുമ്പിന്റെ അടികൾ, കോപത്തിന്റെ ചൂടാർന്ന വിളികൾ.
അവിടെ ഉടൻ ഒരു സംഘട്ടനം പൊട്ടിത്തെറിച്ചു ലാത്തികളുടെ പൊട്ടിത്തെറി, അടികൾ തടിക്കുന്ന ശബ്ദം, നിലത്ത് വീഴുന്നവർ, ആരുടേയോ വേദനയുടെ നിലവിളി എല്ലാം ഒരുമിച്ച് ചേർന്ന് ഒരു ഭീതിജനകമായ സംഗീതം പോലെ വായുവിൽ നിറഞ്ഞു.
അതേ സമയം, ഒരു പോലീസുകാരൻ അജയ്‌യെ ലക്ഷ്യം കണ്ടുകൊണ്ട് ലാത്തി കൈയിൽ ചുറ്റിക്കറക്കി പതുക്കെ ഭീഷണിപകരുന്ന ചുവടുകളോടെ അജയ്‌ക്ക് നേരെ നടന്നു വന്നു.
അജയ്, തോളുകൾ നേരെ നീട്ടി, മുഖത്ത് ഒരുതരം സമാധാനത്തോടൊപ്പം പോരാട്ടത്തിന് തയ്യാറായി നിലകൊണ്ടു.
പെട്ടെന്ന് എവിടുന്നോ ആരുടെയോ നിയന്ത്രണത്തിലായ പോലെ കാറ്റിൽ പറന്ന് ഒരു വെളുത്ത തുണിക്കഷണം അവന്റെ മുഖത്ത് വന്നു പതിച്ചു.
അത് നിലത്തു വീണപ്പോൾ, അജയ് പതുക്കെ അത് കൈകളിൽ എടുത്തു.
ഒരു നിമിഷം അവന്റെ വിരലുകൾ അതിന്റെ തുമ്പുകൾ സ്പർശിച്ചു കണ്ണുകൾ അതിന്റെ ഓരോ ചുരുളുകളിലും വീണു.
ആ തുണിയുടെ കാഴ്ചയിൽ അവന്റെ ഉള്ളിൽ അടിച്ചമർത്തി വച്ചിരുന്ന ഒരുപാട് വർഷങ്ങളുടെ ഓർമ്മകൾ ദുഖങ്ങളും നഷ്ടങ്ങളും ഒരു തിരയെന്നപോലെ ആഞ്ഞടിച്ചു.
അവന്റെ മനസ്സിൽ കാർമേഘം വന്നുമൂടുവാൻതുടങ്ങി.അതിന്റെ ഫലം എന്നോണം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
അജയ് ആ തുണി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു മുഴുവൻ വേദനയും പുറത്തുവിട്ട് അവൻ ഉറക്കെ നിലവിളിച്ചു
“ആആആഹ്!”
ആ നിലവിളി അവന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് വന്നതായിരുന്നു.അത് അവിടെ നിന്നവരുടെ ആത്മാവിൽ വരെ അടിച്ചു.
പോരാട്ടം പോലും ഒരു നിമിഷം നിശ്ചലമായി അവരെല്ലാവരും അജയ്‌യെ മാത്രം നോക്കി.
പക്ഷേ ആ അവസരം മുന്നോട്ട് വന്നിരുന്ന പോലീസുകാരൻ പാഴാക്കിയില്ല.
ഒരു കഠിനമായ ചലനത്തിൽ അവൻ ലാത്തി ചുഴറ്റി അജയ്‌യുടെ തലയിൽ ആഞ്ഞടിച്ചു.
അടിയുടെ ഭാരം ഒരു ഇരുണ്ട തിരമാല പോലെ അവന്റെ ബോധത്തെ വിഴുങ്ങി.അജയ് നിലത്തു വീണു.
കാഴ്ച മെല്ലെ മങ്ങിപ്പോകുമ്പോൾ അവന്റെ മുന്നിൽ പതിഞ്ഞ അവസാന ദൃശ്യം അവന്റെ അടുത്തേക്ക് വരികയായിരുന്ന പോലീസുകാരുടെത് ആയിരുന്നു.
അതിനുശേഷം അവനിൽ എല്ലാം കറുപ്പായി.
തലയിൽ അടിയുടെ ഭാരവും, ചെവികളിൽ എവിടെയോ നിന്നു കേൾക്കുന്ന മങ്ങിയ ശബ്ദങ്ങളും…
അജയ് ബോധത്തിന്റെ അറ്റത്ത് ഒറ്റുനിന്നു.
കണ്ണുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ, ഒരു ഭാരമുള്ള ഇരുട്ട് ഇപ്പോഴും അവനെ പിടിച്ചു വലിക്കുകയായിരുന്നു.
ഒരു നിമിഷം
തണുത്ത വെള്ളത്തിന്റെ തുള്ളി അവന്റെ മുഖത്ത് വീണു.
ശ്വാസം അല്പം വേഗത്തിൽ വന്നപ്പോൾ അവൻ പതുക്കെ കണ്ണുകൾ തുറന്നു.
മങ്ങിയ വെളിച്ചം മാത്രം.
ഒരു പഴകിയ മേൽക്കൂര, ഇരുമ്പ് ബീമുകളിൽ തൂങ്ങിക്കിടക്കുന്ന തുണിത്തിരകൾ.
ചുറ്റും, ശൂന്യമായ ചുവർ, പഴയ എണ്ണയുടെ ഗന്ധം, എങ്ങും പടർന്നിരുന്ന പൊടിയും.
അവൻ നിലത്ത് കിടക്കുകയായിരുന്നു.
കണ്ണുകൾ സാവധാനം ചുറ്റും തിരിഞ്ഞപ്പോൾ, അവന്റെ മുമ്പിൽ ഒരു പഴയ ഇരുമ്പ് വാതിൽ, പുറത്തുനിന്ന് ആരോ നടക്കുന്നതിന്റെ ഭാരം നിറഞ്ഞ ചുവടുകൾ അടുത്തേക്ക് വരികയാണ്.
അപ്പോൾ അവൻ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്ന തുണിയിലേക്ക് നോക്കി ഇരുന്നു. അവൻ വീണ്ടും ചിന്തകളുടെ ലോകത്തേക്ക് വീണുകൊണ്ട് ഇരിക്കുകയായിരുന്നു.
പെട്ടന്ന് ഇരുമ്പഴികൾ തുറന്നു.
മങ്ങിയ വെളിച്ചത്തിൽ, ഒരാൾ കൈയിൽ ലാത്തിയുമായി അകത്തേക്ക് കടന്നുവന്നു.
നിന്നോട് നല്ലരീതിയിൽ പറഞ്ഞാൽ അതൊന്നും നീ കേൾക്കുകയില്ല അല്ലെ.നിന്നെ കുറച്ച് അനുസരണ പഠിപ്പിക്കാൻ ആണ് ഞാൻ വന്നിരിക്കുന്നത്. അവൻ പറഞ്ഞു നിറുത്തി...
അജയ് ഒന്നും പറയാതെ അവനെ നോക്കി നിന്നു.
അയാൾ ഒരു ചെറു ചിരിയോടെ ലാത്തി കാറ്റിൽ ചുറ്റി, വായുവിൽ നിന്നു പൊട്ടിത്തെറിക്കുന്ന ശബ്ദം ഉണ്ടായി
ഷ്വ്വ്പ്പ്!
അത് നേരെ അജയ്‌യുടെ മേൽ വീണു.
വേദനയുടെ ആഘാതം, ശരീരമാകെ തൊടിപ്പിച്ചു പക്ഷേ അജയ് ഒരു നിലവിളിയും പുറപ്പെടുവിച്ചില്ല.
അവൻ കണ്ണുകൾ നേരെ ഉയർത്തി, അടിച്ചയാളെ നോക്കി
അടിയൊന്നു കൊണ്ട് മാത്രമേ നീ മാറു.നിന്നെ ഞാൻ അയാൾ അതും പറഞ്ഞ് വീണ്ടും ലാത്തി ഉയർത്തി.
ഈ പ്രാവശ്യം അത് തലക്ക് നേരെയായിരുന്നു.
പെട്ടെന്ന്, അജയ് നിൽക്കുന്ന നിലയിൽ നിന്നുതന്നെ, ശരീരം വലത്തേക്ക് ചെരിച്ച് അടിയെ ഒഴിവാക്കി.
ലാത്തി ചുവരിൽ ഇടിച്ചു ആ മുഴക്കം മുറിയിലാകെ പടർന്നു.
“നീ…”
അയാൾ കോപത്തിൽ കണ്ണുകൾ ചുവപ്പിച്ചു, വീണ്ടും അടിക്കാൻ മുന്നോട്ടു വന്നു.
അവസരം കണ്ട അജയ് തന്റെ കാലുകൾ കൊണ്ട് അയാളുടെ മുട്ടിന് വേഗത്തിൽ ചവിട്ടി.
അടി കിട്ടിയ ഉടൻ അയാൾ മുന്നോട്ട് തെന്നി ലാത്തി കൈയിൽ നിന്ന് വഴുതി നിലത്തുവീണു.
അജയ് തന്റെ മുഴുവൻ ഭാരവും
തലയാൽ അയാളുടെ നെഞ്ചിൽ ഇടിച്ചിറക്കി ഇരുവരും നിലത്തുവീണു.
ഇപ്പോൾ ലാത്തി അവരുടെ ഇടയിൽ, നിലത്തിന്റെ പൊടിയിൽ കിടക്കുകയാണ്…
അത് ആരുടെ കയ്യിൽ എത്തും എന്നതാണ് അടുത്ത നിമിഷം തീരുമാനിക്കുന്നത്.
ലാത്തി, ഇരുവരുടെയും ഇടയിൽ പൊടിയിൽ കിടന്നു.
മങ്ങിയ വെളിച്ചത്തിൽ അതിന്റെ ഇരുമ്പ് മിനുക്കിയ ഭാഗം തിളങ്ങിയത് പോലെ തോന്നി
ആ വെളിച്ചം അവരുടെ കണ്ണുകളിൽ ഒരു പോലെ വീണു.
അയാൾ ആദ്യം പ്രതികരിച്ചു.
വേദന മറികടന്ന്, കൈ നീട്ടി ലാത്തി പിടിക്കാൻ ശ്രമിച്ചു.
അതിനുമുമ്പ്, അജയ് തന്റെ ശരീരം മുഴുവൻ തള്ളി മുന്നോട്ട് നീങ്ങി, കൈ മുട്ടുകൊണ്ട് അയാളുടെ കൈയിൽ അഞ്ഞിടിച്ചു.
“ആഅ!” —
അയാൾ വേദനയിൽ കൈ പിന്‍വലിച്ചു.
അത് മതിയാവാതെ, അജയ് അയാളുടെ മുഖത്ത് ഇടിച്ചു.
ഇടി കിട്ടിയ അയാൾ പിൻവാങ്ങി, എന്നാൽ കണ്ണുകളിൽ അപ്പോഴും പ്രകോപനം കത്തിക്കൊണ്ടിരുന്നു.
ഇരുവരും ഒരേസമയം ലാത്തിയിലേക്ക് വീണ്ടും ചാടിപ്പോയി.
അജയ്ക്ക് അത് കൈഎത്തി പിടിക്കാൻ കഴിഞ്ഞു
പക്ഷേ അയാളും മറുവശത്ത് നിന്ന് ശക്തിയായി പിടിച്ചു വലിച്ചു.
ഭാരമുള്ള ശ്വാസം, പൊടിയിൽ ചുരണ്ടുന്ന കാലുകൾ —
മുറിയുടെ അന്തരീക്ഷം കൊടുങ്കാറ്റിന് മുമ്പുള്ള സമ്മർദ്ദം പോലെ മാറി.
ഒരു നിമിഷം, അയാൾ തന്റെ മുഴുവൻ ഭാരം ഉപയോഗിച്ച് വലിച്ചു.
അജയ് അതിനെ വിട്ടുകളയാതെ അപ്രതീക്ഷിതമായി മുന്നോട്ട് ചാടി തന്റെ തല കൊണ്ട് അയാളുടെ വായ്ക്ക് നേരെ ഇടിച്ചു.
രക്തത്തിന്റെ രുചി വായുവിൽ പടർന്നു.
ലാത്തി അജയ്‌യുടെ കയ്യിൽ ആയി.
അവന്റെ കണ്ണുകളിൽ തീർച്ചയായൊരു തീരുമാനത്തിന്റെ കഠിനമായ പ്രകാശം.
അയാൾ പിൻവാങ്ങാൻ ശ്രമിച്ചു.
പക്ഷേ അജയ് എഴുന്നേറ്റ്
ലാത്തി ഉയർത്തി അടിക്കാൻ തയ്യാറായി.
ഇത് നടക്കുന്നതിനു അൽപ നേരങ്ങൾക്ക് മുൻപ്
വളരെ വേഗത്തിൽ ഒരു ജീപ്പ് ദേവികുളം ടൗൺ കടന്ന് പോയി.
റോഡിന്റെ ഇരുവശത്തുമുള്ള കടകളുടെ വിളക്കുകൾ വേഗത്തിൽ പിന്നിലേക്ക് ഒഴുകുന്ന പോലെ തോന്നി.
സ്റ്റിയറിംഗ് ഉറച്ചുപിടിച്ചിരുന്ന സുരേഷ് കണ്ണുകൾ റോഡിൽ പതിഞ്ഞിരുന്നതെങ്കിലും മനസ്സ് സംഘർഷത്തിലായിരുന്നു.
വണ്ടിയുടെ എൻജിൻ മുഴക്കം അവന്റെ ഹൃദയമിടിപ്പിനേക്കാൾ ശാന്തമായിരുന്നത് പോലെ അവന് തോന്നി.
അയാൾഅല്പം മന്ദഗതിയിൽ തല തിരിച്ച് തന്റെ അടുത്തിരുന്ന ആളിനെ നോക്കി
ഒരു ഫയൽ ബാഗ് മുട്ടിന്മേൽ വച്ചിരുന്നു കനത്ത കണ്ണടയുള്ള അയാളുടെ മുഖത്ത് ഒരുതരം ആലോചനാപരമായ ഭാവമായിരുന്നു.
രഘുവിന്റെ വിശ്വസ്തനായ വക്കീലായിരുന്നു.
“നമ്മൾ എത്തുമ്പോഴേക്കും കാര്യങ്ങൾ… മാറിയേക്കാം,”
സുരേഷ്, ശബ്ദം താഴ്ത്തി പറഞ്ഞു.
“അത് ഞാൻ മനസ്സിലാക്കുന്നുണ്ട്,”.വക്കീൽ മറുപടി നൽകി ശബ്ദം തണുത്തതും ഉറച്ചതും ആയിരുന്നു.
ജീപ്പ് വളവുകൾ മുറിച്ചു കടന്ന് മുന്നോട്ട് നീങ്ങി.അൽപസമയത്തിന് ഉള്ളിൽ ജീപ്പ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തി നിന്നു.
മുറിയുടെ അരികിലെ ജനലഴിയിലൂടെ ഹെഡ് കോൺസ്റ്റബിൾ വാതിൽക്കൽ എത്തിയ ജീപ്പ് കണ്ട് കഴിഞ്ഞു.
വണ്ടിയുടെ മുൻവശത്തെ ഹെഡ്‌ലൈറ്റുകൾ മുറിയിലേക്ക് വെളിച്ചത്തിന്റെ രണ്ട് കത്തിപോലെ കുത്തി വീണു.
അവിടെ നിന്ന് ഇറങ്ങിയ രണ്ട് പേരെ കണ്ടപ്പോൾ ഹെഡ് കോൺസ്റ്റബിൾ അല്പം ഞെട്ടി.
ഒരാൾ ഒരിക്കൽ സ്വന്തം ശക്തിയും സ്വാധീനവും കൊണ്ടു ഭയപ്പെടുത്തി നടന്നിരുന്ന സുരേഷ്.
മറ്റെയാൾ പ്രശസ്ഥനായ വക്കീൽ അയാളെ അറിയാത്തവർ ഇവിടെ ഇല്ല.
അവനെ കൊണ്ടുപോകാനാണ് വന്നത്.
സുരേഷ് വാതിൽക്കൽ നിന്നുകൊണ്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
അവർ വന്നതിന്റെ ഉദ്ദേശം മനസ്സിലാക്കിയ ഹെഡ് കോൺസ്റ്റബിൾ, ഒരു നിമിഷം പോലും വൈകാതെ സ്റ്റേഷന്റെ അകത്തെ കോണിൽ ഉള്ള മുറി ലക്ഷ്യമാക്കി നടന്നു.
അതേസമയം അജയ് മുറിക്കുള്ളിൽ തന്റെ എതിരാളിക്ക് നേരെ ലാത്തി വീശി അടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു.
അപ്പോൾ ആയിരുന്നു സെക്യൂരിറ്റി ഹെഡ് അങ്ങോട്ട് കടന്നു വന്നത്.
അവന്റെ കഠിനമായ ശബ്ദം സംഘർഷത്തിന്റെ ചൂടിൽ ഒരു ഇടിമിന്നലുപോലെ വീണു.
അത് കേട്ട അജയ് ചൂടാർന്ന കോപവുമായി കൈയിൽ പിടിച്ചിരുന്ന ലാത്തി അല്പം താഴ്ത്തി.
അവൻ അടിക്കാൻ പോയ പോലീസുകാരനെ നോക്കി
പോലീസുകാരൻ, ഇപ്പോഴും തലപിടിച്ച് ശ്വാസം വലിച്ചു നിൽക്കുകയായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ, അജയ്‌യോടടുത്ത് വന്ന് പറഞ്ഞു
“വേഗം…നിന്നെകാണുവാൻ ആളുകൾവന്നിരിക്കുന്നു എസ്ഐയെകണ്ട് സംസാരിക്കുകയാണ് അങ്ങോട്ട് പോവാം,”
അവൻ പറഞ്ഞു.
എസ് ഐ യുടെ അടുത്ത് സുരേഷും വക്കീലും അജയ്‌യെ കാത്തുനിന്നു.
മുറിയിലുണ്ടായിരുന്ന സംഘർഷത്തിന്റെ ചൂട് പുറത്തുള്ള തണുത്ത രാത്രിയോട് ചേർന്നില്ലാതായി.
പുറത്ത് വന്നപ്പോൾ അജയ് ആദ്യം കണ്ടത് സുരേഷിനെ ആയിരുന്നു.
അവൻ അവിടെ കൈകൾ കെട്ടി കണ്ണുകളിൽ തീപൊള്ളുന്ന ദേഷ്യവുമായി ഒരു കടുത്ത കാറ്റ് അടുക്കുന്നതിന് മുൻപുള്ള മൗനം പോലെ നിന്നു.
“നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?”
സുരേഷ് അജയ്‌യെ നോക്കി ചോദിച്ചു.
അജയ് മറുപടി പറയാതെ ആ കണ്ണുകളിലേക്കു നോക്കി നിന്നു.
വാക്കുകൾക്ക് പകരം, ഒരുവിധത്തിലുള്ള അന്യോന്യമായ മനസ്സിലാക്കൽ അവിടെ വീണിരുന്നു.
അവരുടെ പിറകിൽ നിന്നു വക്കീൽ മുന്നോട്ട് വന്നു.
“ഇവിടെ കൂടുതലായി നിന്നിട്ട് കാര്യമില്ല..പോവാം.”
അവന്റെ ശബ്ദം മൃദുവായിരുന്നുവെങ്കിലും, അകത്ത് ഒരിനം അടിയന്തരതയുടെ ഉറച്ച ഭാവം ഉണ്ടായിരുന്നു.
സുരേഷ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി
അജയ് മുന്നിൽ കയറി വക്കീൽ പിന്നിൽ ഇരുന്നു.
ഡീസൽ എൻജിന്റെ ഗർജ്ജനം രാത്രിയിലെ നിശ്ശബ്ദതയെ തകർത്ത് പൊട്ടിത്തെറിച്ചു
ജീപ്പ് പതുക്കെ നീങ്ങി തുടങ്ങി.
സുരേഷ് റോഡിലേക്ക് കണ്ണുകൾ ഉറപ്പിച്ചു.
ഒരു വാക്കുപോലും പറയാതെ അവൻ വണ്ടി ഓടിച്ചുകൊണ്ട് ഇരുന്നു.
ജീപ്പ് കുത്തനെ കയറ്റങ്ങൾ കടന്നുപോകുകയായിരുന്നു.
ഹെഡ്‌ലൈറ്റുകൾ ഇരുണ്ട വഴികളെ കുത്തിപൊളിച്ച് മുന്നോട്ടു പാഞ്ഞുപോവുന്നു.
മൂന്നു പേരും മിണ്ടാതെ ഇരുന്നു.
എൻജിന്റെ ഗർജ്ജനത്തിനിടയിൽ സുരേഷിന്റെ ശ്വാസം പോലും കഠിനമായി കേൾക്കാമായിരുന്നു.
ഒടുവിൽ സുരേഷ് മൗനം ഭേധിച്ചു
“അജയ്… നീ പോയി നിന്റെ ജീവൻ കളയാൻ ആണോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഞാൻ പറഞ്ഞതൊന്നും കേട്ടില്ലല്ലോ.
രഘുവിനെ കണ്ട് വരുന്നത് വരെ ഒന്നും പ്രവർത്തിക്കരുത് എന്നല്ലേ ഞാൻ പറഞ്ഞത്.
അജയ്‌യുടെ കണ്ണുകൾ നേരെ സുരേഷിന്റെ മുഖത്തേക്ക് തിരിഞ്ഞു.
ചില കാര്യങ്ങൾക്ക് തുടക്കം കൊടുക്കുകയാണ് വേണ്ടത്.”ഇനി ഇതിന്റെ ബാക്കി നോക്കണം.അവർ എല്ലാം പ്ലാൻ ചെയ്താണ് പ്രവർത്തിക്കുന്നത്.അതും എല്ലാം ഒരേ സമയം നടപ്പിലാക്കുകയും ചെയ്യുന്നു....
വക്കീൽ ഇടയ്ക്കു മുന്നോട്ട് വന്ന് കൈ ഉയർത്തി,
“ഇപ്പോൾ ഇതിനെ പറ്റി സംസാരിക്കണ്ട മാളികയിൽ എത്തിയിട്ട് മതി ബാക്കിയൊക്കെ.
സമയം നീണ്ടുപോകെ അവർ മാളികയിൽ എത്തി ജീപ്പ് വാതിൽക്കൽ നിർത്തിയപ്പോൾ പഴയ കല്ലുവാതിലുകൾക്കിടയിൽ നിന്ന് രാജ പുറത്തേക്ക് നടന്നു വന്നു.
മുഖത്ത് ആശങ്കയും അസ്വസ്ഥതയും കലർന്ന ഭാവം.
“അജയ്… ഞാൻ പറഞ്ഞതല്ലേ, പോകരുതെന്ന്,” രാജയുടെ ശബ്ദം കഠിനമായി വിറച്ചു.
“അവർ ജയിക്കാൻ ഏത് മാർഗവും സ്വീകരിക്കും… നിയമമോ, ധർമ്മമോ, ഒന്നും അവർക്കില്ല. നീ അവിടേക്ക് പോയത്…”
രാജയുടെ വാക്കുകൾ പാതി മുറിഞ്ഞു പോയി.
“രാജ, ഇപ്പോൾ അതിൽ പ്രസക്തി ഇല്ല.എല്ലാത്തിനും ഒരു തുടക്കം അതാവാം.
അജയ് ഒരൊറ്റ നിമിഷം പോലും രാജയുടെ കണ്ണുകളിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.
നിശ്ശബ്ദമായി പിന്നീട് അവൻ മാളികയിലേക് കയറി അവനെ മറ്റുള്ളവരും അനുഗമിച്ചു.