സൂര്യനെല്ലിയിലെ മലകൾക്കിടയിലൂടെ വളഞ്ഞു വളഞ്ഞ വഴികളിൽ കാർത്തിക്കിന്റെ ബൈക്ക് പാഞ്ഞു.
മൃദുലമായ കാറ്റ് മഞ്ഞിന്റെ കടുപ്പം കുറച്ചിരുന്നുവെങ്കിലും, മലകളുടെ ഇടയിലൂടെ നീളുന്ന കോടമഞ്ഞിന്റെ വെള്ള മറ ഇപ്പോഴും ഭൂമിയെ ചുറ്റിപറ്റിയിരുന്നു.
മാളിയേക്കൽ ബംഗ്ലാവിന്റെ ഇരുമ്പ് ഗേറ്റ് കടന്ന് ആ ബൈക്ക് മുൻവശത്തെ തുറസ്സായ മുറ്റത്ത് എത്തി നിന്നു. ബംഗ്ലാവിന്റെ ചുമരുകളിൽ വീണിരുന്ന സൂര്യന്റെ കിരണങ്ങൾ അവിടുത്തെ പഴക്കവും ഭാരവും കൂടുതൽ വിളിച്ചോതുന്നതുപോലെ.
ബൈക്കിന്റെ ശബ്ദം അടങ്ങിയപ്പോൾ വരാന്തയിൽ നിന്നു ശിവൻ മെല്ലെ ഇറങ്ങി മുന്നോട്ടു വന്നു.
കാർത്തിക് ഹെൽമെറ്റ് കൈയിൽ പിടിച്ചു ഒരു ദീർഘശ്വാസം വിട്ടു.
“ശിവേട്ടാ…”
അവന്റെ ശബ്ദത്തിൽ അല്പം ക്ഷീണവും അല്പം ഉറപ്പും ചേർന്നിരുന്നു.
ശിവൻ അടുത്തേക്ക് ചുവടുവെച്ചു, കണ്ണുകൾ നേരെ കാർത്തിക്കിന്റെ കണ്ണുകളിൽ പതിച്ചു.
“ഇത്രയും നേരത്തെ തന്നെ വന്നോ?.ഞാൻ അറിഞ്ഞിരുന്നു നീ വരുമെന്ന്…”അതാ തിരിച്ചു പോക്ക് വൈകിപ്പിച്ചത്.
ശിവനും കാർത്തിക്കും തമ്മിലുള്ള സംഭാഷണം ഒരു മധുരമായ ഓർമ നർമ്മരസത്തിൽ നീണ്ടുനിന്നുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് വരാന്തയിൽ നിന്നു കേട്ട ശബ്ദം അന്തരീക്ഷം കഠിനമാക്കി.
അശോകൻ അയാൾ പതുക്കെ മുന്നോട്ട് നടന്നു വന്നു. മുഖം പഴയതിലും കഠിനമായിരുന്നു കണ്ണുകളിൽ തെളിഞ്ഞ ക്രോധം ആർക്കും കാണുവാൻ ആകും.
“ആഹാ… നിങ്ങൾ ഇങ്ങനെ കളിച്ചു ചിരിച്ചു നടക്കുവാണ് അല്ലേ?” അശോകന്റെ ശബ്ദം പൊട്ടിത്തെറിച്ച ശില മുഴങ്ങി.
അവന്റെ വാക്കുകളിൽ കുത്തുകളുണ്ടായിരുന്നു.
“അവൻ… അജയ്!”
അവൻ പല്ലുകൾ കുരുർത്തുകൊണ്ട് പറഞ്ഞു.
“ഫാക്ടറിയിൽ കടന്നു കളിച്ചു. നിന്റെ ഏട്ടൻ ശിവന്റെ എസ്റ്റേറ്റിലേയ്ക്കും കടന്നിരുന്നു. അവൻ അവിടെ ഉള്ളവരെ ഒതുക്കി രാജയെ രക്ഷിച്ചുകൊണ്ട് പോയി..നാളെ അവൻ നേരെ ഇങ്ങോട്ട് തന്നെ കയറിവരും.”
അശോകന്റെ കൈ വരാന്തയിലെ തൂണിൽ പതിച്ചു.
“അപ്പോഴും… എന്റെ സ്വന്തം മക്കൾ… ഇങ്ങനെ കളിച്ചു ചിരിച്ചു നടക്കണം. എന്റെ കണ്ണ് മുന്നിൽ!”
അവിടെ പെട്ടന്നൊരു മൗനം വീണു.
ശിവൻ പതുക്കെ മുഖം ഉയർത്തി. വാക്കുകളില്ലാതെ അവൻ അശോകന്റെ കണ്ണിലേക്ക് നോക്കി.
അച്ഛാ ഈ കണ്ട എസ്റ്റേറ്റും മറ്റു സ്വത്തുക്കളും പിന്നെ നമ്മൾ അനുഭവിക്കുന്ന ഈ സുഖ സൗകര്യങ്ങളും എല്ലാം അച്ഛൻ നേടിയെടുത്തതല്ലേ? ഞങ്ങൾ മക്കൾ… ഇതിന്റെ കാവൽക്കാരാണ്.ഇതൊക്കെ ആരെകൊണ്ടും തൊടാൻ ഞങ്ങൾ അനുവദിക്കില്ല.
കാർത്തിക് പല്ലുകൾ ഞെരിച്ചുകൊണ്ട് പറഞ്ഞു.അവന്റെ കണ്ണുകളിൽ കോപത്തിന്റെയും പ്രതിജ്ഞയുടെയും ജ്വാല തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
കാർത്തിക് വാക്കുകൾ അവസാനിപ്പിച്ചപ്പോൾ, വരാന്തയിലെ അന്തരീക്ഷം ഒരു നിമിഷം സ്തബ്ധമായി അവൻ അശോകനെ നോക്കികൊണ്ട് തുടർന്നു.
“പിന്നെ അച്ഛാ ഇന്ന് വൈകുന്നേരത്തെ ഡിന്നർ പാർട്ടിയുടെ പ്രാധാന്യം മറക്കരുത്. ഈ പാർട്ടിയിലൂടെ നമുക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാവു.കാർത്തിക്കിന്റെ ശബ്ദത്തിൽ ആത്മവിശ്വാസം നിറഞ്ഞിരുന്നു.
ശിവൻ ഒരു ദീർഘശ്വാസം വിട്ട് തുടക്കം കുറിച്ചു:
“വരാനിരിക്കുന്നവരെ എങ്ങനെയും നമ്മുടെ പക്ഷം ആക്കണം. ഒരാൾ പോലും കൈവിട്ടുപോകാൻ പാടില്ല. പ്രത്യേകിച്ച് മേഘയെ അവൾ നമ്മുടെ പക്ഷത്ത് നിന്നാൽ അജയ് എന്ന ശല്യം പൊടിപോലെ പറന്നു പോകും. അവളുടെ പിന്തുണയോടെ അവനെ നിസാരമായി മുട്ടുകുത്തിക്കാം.”
പെട്ടെന്നൊരു സ്ത്രീസ്വരം അവിടെ മുഴങ്ങി.
ശബ്ദം കേട്ടതോടെ എല്ലാവരുടെയും കണ്ണുകൾ വാതില്പടിയിലേക്ക് തിരിഞ്ഞു.
അവിടെ, കൈയിൽ ആരതിയുമായി, തന്റെ മകനെ വരവേൽക്കാൻ ജാനകി നിന്നു.
കാർത്തിക്ക് മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.
ജാനകി കണ്ണുകളിൽ നിറഞ്ഞ സ്നേഹത്തോടെ മകന്റെ നെറ്റിയിൽ ആരതി ഉഴിഞ്ഞു.
അവൻ വലതുകാൽ വെച്ച് അകത്തു കയറിയതും ജാനകിയുടെ അധരങ്ങളിൽ നിന്നു വാക്കുകൾ പൊഴിഞ്ഞു:
“കാർത്തി… പുതിയ കളക്ടർ പെൺകുട്ടി വലിയ സുന്ദരി ആണെന്നാ കേട്ടത്.
അവളെ പോലുള്ള ഒരാൾ നമ്മുടെ കുടുംബത്തിലേക്ക് വന്നാൽ, നമ്മുടെ ശക്തി പലമടങ്ങ് കൂടി ഉയരും…”
ജാനകിയുടെ വാക്കുകൾ കാർത്തിക്കിന്റെ ഉള്ളിൽ ഒരു തീപ്പൊരി വീഴ്ത്തി.
ഇതുവരെ അവന്റെ ഹൃദയത്തിൽ പോലും തെളിഞ്ഞിട്ടില്ലാത്തൊരു മോഹം പെട്ടെന്ന് മുളച്ചു.
ഒരു അപ്രതീക്ഷിത കുളിർ മനസ്സിൽ മുളയിട്ട് അവനെയാകെ വ്യാപിച്ചു.
അതിന്റെ മധുരത്തിൽ അവൻ കുറച്ചു നിമിഷങ്ങൾ മുഴുകി നിന്നു.
പിന്നെ… ആ മോഹത്തിന്റെ വഴികളും അതിന്റെ സാധ്യതകളും അവന്റെ ചിന്തകളിൽ അനിയന്ത്രിതമായി അലഞ്ഞുതുടങ്ങി.
അതേ സമയം,
ദേവികുളം സബ് കലക്ടർ ഓഫീസിൽ
മേഘ തന്റെ മേശപ്പുറത്ത് കൂട്ടിക്കെട്ടിയിരുന്ന ഫയലുകൾ തുറന്ന്, ഒന്നു വീതം പഠിച്ചും ഒപ്പുവെച്ചും കൊണ്ടിരിക്കുകയായിരുന്നു
പേപ്പർവർക്കിന്റെ ഭാരം അവളെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും മുഖത്ത് കരുത്തിന്റെ തെളിച്ചം നിലനിന്നിരുന്നു.
മേഘയുടെ ശ്രദ്ധ പെട്ടെന്ന് മേശമേലിരുന്ന ഫോണിന്റെ ശബ്ദത്തിൽ വഴുതി.
പുരികം അൽപം അല്പം ഉയർത്തി തെല്ലു നീരസത്തോടെ അവൾ സ്ക്രീനിലേയ്ക്ക് നോക്കി.
കാർത്തിക് എന്ന പേര് അതിൽ തെളിഞ്ഞു കണ്ടപ്പോൾ
ഒരു നിമിഷം മുൻപ് വരെ അവളുടെ മുഖത്ത് നിറഞ്ഞിരുന്ന ആ നീരസം പതിയെ ഇല്ലാതെ ആയി.അവളുടെ അധരങ്ങളിൽ ചെറുതായി ഒരു ചിരി പടർന്നു.
അവൾ ഫോണെടുത്ത് കാതിൽ ചേർത്തു.
“ഹലോ, കാർത്തിക്…”
അവളുടെ ശബ്ദം കാർത്തിക്കിന്റെ ചെവികളിൽ പതിഞ്ഞതും,
അവന്റെ ഹൃദയമിടിപ്പ് ഒരുവേളയ്ക്ക് താളം തെറ്റി.
ആ സ്വരം തന്നെ ഒരു സംഗീതം പോലെ തോന്നി
ഒരു നിമിഷം ലോകം മുഴുവൻ അപ്രത്യക്ഷമായി
കേൾക്കുന്നത് മേഘയുടെ സ്വരത്തിന്റെ താളം മാത്രം.
ശ്വാസം ഒന്ന് വലിച്ചെടുത്തതിന് ശേഷം കാർത്തിക് മെല്ലെ പറഞ്ഞു:
“ഹലോ, മേഘാ മാം… ഇന്ന് രാവിലെ ഞാൻ ദേവികുളം സ്റ്റേഷനിൽ ചാർജ് ഏറ്റെടുത്തു.
നാളെ മുതൽ ഞാൻ ഔദ്യോഗികമായി ഡ്യൂട്ടിയിൽ ഉണ്ടാകും.”
ആഹാ…? ഇത് എങ്ങനെയാ സാധിച്ചത്?”
മേഘയുടെ കണ്ണുകളിൽ അത്ഭുതത്തിന്റെ തെളിച്ചം പടർന്നിരുന്നു.
“ഇന്നലെ തന്നെ അല്ലേ കാർത്തിക്ക് പറഞ്ഞത് അടുത്ത ആഴ്ച ചാർജ് എടുക്കുമെന്ന്?
ഇങ്ങനെ പെട്ടെന്ന് ഇതെങ്ങനെ കാർത്തിക്?”
അവളുടെ സ്വരത്തിൽ അത്ഭുതം വിടർന്നു.
പറഞ്ഞ വാക്കുകളിൽ ചോദ്യം മാത്രമല്ല,
അവന്റെ വരവിൽ കൗതുകം കൂടി നിറഞ്ഞിരുന്നു.
അതെ… ഒരുവിധം ഞാൻ അത് ശരിയാക്കി മേഘാ മാം,”
കാർത്തിക് പുഞ്ചിരിയോടെ പറഞ്ഞു.
“പക്ഷേ, ഞാൻ ഇപ്പോൾ വിളിച്ചത് അതുകൊണ്ടല്ല.
ഇന്ന് രാത്രി മാളിയേക്കൽ ബംഗ്ലാവിൽ
ഒരു ഡിന്നർ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.
മാം, അതിൽ നിങ്ങളും പങ്കെടുക്കണം
കാർത്തിക് ഒരു നിമിഷം നിശബ്ദമായി പിന്നെ തുടർന്നു.
“മാം നിങ്ങൾ ആണ് ഞങ്ങളുടെ മുഖ്യ അതിഥി.”
കാർത്തിക്കിന്റെ വാക്കുകൾ കേട്ടപ്പോൾ
മേഘ ഒരു നിമിഷം മൗനമായി.
അവൾ ചിന്തിച്ചു
“ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിലേക്ക്.
വന്നിട്ട് ഇതുവരെ പുറത്തേക്ക് ഒന്നും പോയിട്ടില്ല.
കാർത്തിക്കിനെ തനിക്ക് അഞ്ചു മാസത്തെ പരിജയം ഉണ്ട്.
ശൂന്യതയെ നോക്കി ഇരിക്കുന്നതിലും
ഈ ക്ഷണം സ്വീകരിക്കുന്നത് നല്ലതായിരിക്കും.”
അൽപ നിമിഷം മൗനമായി നിന്ന ശേഷം
മേഘ ശ്വാസം എടുത്തു പറഞ്ഞു:
ശരി, കാർത്തിക്.
ഡ്യൂട്ടി കഴിഞ്ഞ് ഞാൻ വരാം.
അപ്പോൾ മറക്കണ്ട മാളിയേക്കൽ ബംഗ്ലാവിലാണ് പാർട്ടി നടക്കുന്നത്,
ഡിന്നർ ടൈം എട്ടര.”
കാർത്തിക്ക് സൗമ്യമായി അവളെ ഓർമിപ്പിച്ചു.
“ശരി, കാർത്തിക്. ഞാൻ അവിടെ എത്തും.
ബൈ.”
അതും പറഞ്ഞ്
മേഘ ഫോൺ മേശപ്പുറത്ത് വച്ചു.
ഒരുനിമിഷം കണ്ണുകൾ അടച്ചു,
ഒരു വിചിത്രമായ ചിന്തയുടെ ഇടിവിളി
അവളുടെ മനസിലൂടെ കടന്നുപോയി.
പിന്നെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ
അവൾ വീണ്ടും പേപ്പറുകളിലേക്ക് തിരിഞ്ഞു,
പേനയുടെ മൃദുവായ ശബ്ദം അവിടെ വീണ്ടും കേട്ടുതുടങ്ങി.
ആ സമയം രാജ പൂപാറയിൽ എത്തിയിരുന്നു
അവന്റെ വരവ് കേട്ടറിഞ്ഞ തൊഴിലാളികൾ അവന് അവിടെ വലിയൊരു സ്വീകരണം ഒരുക്കി.
പൂപാറ മുതൽ ചിന്നകനാൽ വരെയുള്ള
എല്ലാ തൊഴിലാളി യൂണിയനുകളെയും
ഒരു കുടക്കീഴിൽ കൊണ്ടുവരാൻ
രാജയ്ക്കായി.
അവൻ അവിടെ നിന്നപ്പോൾ,
തൊഴിലാളികളുടെ കണ്ണുകളിൽ കാണപ്പെട്ടത്
രക്തവും വിയർപ്പും നിറഞ്ഞ വർഷങ്ങളുടെ കഥകളായിരുന്നു.
പക്ഷേ, ഇന്ന് അവയിൽ ഒളിഞ്ഞിരുന്നത്
ഭയമല്ല,
ഒരു പൊട്ടിത്തെറി പോലെ ഉയർന്നുവരുന്ന
വീര്യവും വിശ്വാസവും.
രാജയുടെ ലക്ഷ്യം വ്യക്തമായിരുന്നു
തോട്ടം മേഖല ഇന്നുവരെ കണ്ടിട്ടുള്ളതിലുപരി
വലിയൊരു സമരമാണ്
നാളെ മുതൽ അരങ്ങേറേണ്ടത്.
അത് തൊഴിലാളികളുടെ മാത്രം പോരാട്ടമല്ല,
കാലത്തിന്റെ തന്നെ പ്രഖ്യാപനം ആകുമായിരുന്നു.