മാധവൻ വീണ്ടും ഒരു ദീർഘശ്വാസം വിട്ടു.
“അജയ്… നീ ജയിലിൽ പോയതിനു ശേഷം ഇവിടെ എല്ലാം പതിയെ മാറിതുടങ്ങിയിരുന്നു. നിന്റെ അച്ഛൻ വിശ്വനാഥൻ… എല്ലാം കരുത്തോടെ കണ്ട് നിന്നവനായിരുന്നു, പക്ഷേ ഉള്ളിൽ… ഒറ്റപ്പെടലിന്റെ കഠിനതയിൽ തളർന്നുപ്പോയിരുന്നു.”
മാധവൻ സംസാരിക്കുമ്പോൾ, അവന്റെ കണ്ണുകൾ പഴയ ഓർമ്മകളിൽ പെട്ടുപോയി.
“ദീപികയെക്കുറിച്ചുള്ള കാര്യത്തിൽ… നിന്റെ അച്ഛനു ഒരിക്കലും മനസ്സുകൊണ്ട് വെറുപ്പ് തോന്നിയിരുന്നില്ല. മറിച്ച്, അവളെ തന്റെ സ്വന്തം മകളെ പോലെ കണ്ടിരുന്നു.അത് അയാൾ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല.അവളുടെ മരണം നിന്നെ ബാധിച്ചതിലും അധികം അവനെ ബാധിച്ചു.ആ ഷോക്കിൽ ആയിരുന്നു ആ സമയത്ത് വിശ്വാനാഥൻ.അത്കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അവനു അറിയില്ലായിരുന്നു.
ആ ഷോക്കിൽ നിന്നു അദ്ദേഹം പുറത്തു വന്നപ്പോൾ എല്ലാം കൈ വിട്ടു പോയിരുന്നു.
അജയ് അയാളെ ഉറ്റുനോക്കി . അവന്റെ ഹൃദയം വേഗം മിടിക്കുകയായിരുന്നു.
“പക്ഷേ അങ്കിൾ… പിന്നെ എങ്ങനെ ആണ് ജാനകി ചെറിയമ്മയ്ക്ക് എല്ലാം കൈവശം ആയത്? അച്ഛന്റെ സ്വത്ത്, ഭൂമി, ബിസിനസ്സ് എല്ലാം എങ്ങിനെ അവരുടെ കൈകളിൽ പോയി?”
മാധവന്റെ മുഖം മങ്ങിയിരുന്നു.
“അതെ… അതാണ് വേദനാജനകം. വിശ്വനാഥൻ മരിക്കുന്നതിന് മുൻപ്… അവനെ ഒറ്റപ്പെടുത്തി.അവന്റെ സുഹൃത്തുക്കൾക്ക് വീട്ടിലെത്താൻ പോലും അനുവാദം ഇല്ലാതെ ആയി.അവന്റെ തീരുമാനങ്ങൾ എല്ലാം ആരുടെയോ നിയന്ത്രണത്തിൽ ആയിരുന്നു.
മുറിയിലെ വായു ഭാരമേറിയതായി. മതിലുകൾക്കുപോലും ആ സത്യത്തിന്റെ ഭാരം സഹിക്കാനാകാത്ത പോലെ തോന്നി.
മാധവൻ അല്പനേരം തല താഴ്ത്തി നിന്നു. കണ്ണുകളിൽ ഒരു ദൃഢത തെളിഞ്ഞപ്പോൾ, അവൻ അജയിയെ നോക്കി പറഞ്ഞു:
“നിന്റെ അച്ഛൻ… ഒരിക്കലും എളുപ്പത്തിൽ തോൽക്കുന്ന ആളായിരുന്നില്ല മോനെ. തോറ്റുപോകുന്ന പോലെ തോന്നിയാലും ഉള്ളിൽ അവൻ എല്ലാം കരുതിവെച്ചിരുന്നു. അതുകൊണ്ടാണ് ഇന്നും അവന്റെ സത്യങ്ങൾ ജീവനോടെ നിൽക്കുന്നത്.”
അജയ് നിശ്ചലമായി കേട്ടുകൊണ്ടിരുന്നു.
“നിന്റെ അച്ഛന് വിശ്വസ്തനായ ഒരാൾ ഉണ്ടായിരുന്നു… വക്കീൽ മൂർത്തി. അദ്ദേഹം മാത്രമാണ് വിശ്വനാഥനെ പൂർണ്ണമായി മനസ്സിലാക്കിയിരുന്നത്. അവന്റെ എല്ലാ രേഖകളും, യഥാർത്ഥ അവകാശങ്ങളുടെ തെളിവുകളും, അച്ഛന്റെ കൈയ്യൊപ്പോടു കൂടിയ കരാറുകളും… എല്ലാം ഇപ്പോഴും മൂർത്തിയുടെ കൈവശം തന്നെ ഉണ്ട്.”
മാധവന്റെ ശബ്ദം മുറിയിലെ മതിലുകൾക്കിടയിൽ ഭാരം പോലെ വീണു.
“ജാനകിയുടേയും അവളുടെ ഭർത്താവിന്റെയും കണ്ണുകൾ ആ രേഖകളിലാണ്. അവർക്ക് ആ രേഖകൾ കിട്ടാൻ പാടില്ല അജയ്. കിട്ടിയാൽ...അവരുടെ പദ്ധതികൾ വിജയിക്കും.അത് കണ്ടെടുക്കുക അത് തന്നെയാണ് ഇപ്പോൾ നിന്റെ വഴി.”
അജയ്‌യുടെ ചോദ്യം അന്തരീക്ഷത്തെ വിറപ്പിച്ചു.
“മാധവേട്ട, ഈ മൂർത്തി വക്കീൽ ഇപ്പോൾ എവിടെയാണെന്ന്… എന്തെങ്കിലും അറിവുണ്ടോ?”
അവന്റെ ശബ്ദത്തിൽ സംശയത്തിന്റെ ഭാരം നിറഞ്ഞിരുന്നു.
മാധവൻ ഒന്നും പറഞ്ഞില്ല അവന്റെ മുഖത്ത് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ആവാത്തൊരു വികാരം തെളിഞ്ഞു. കൈവിരലുകൾ കൊണ്ട് പതിവുപോലെ തലോടിയിരുന്ന താടിയിൽ അവൻ പിടിച്ചു. വിരലുകൾ മന്ദഗതിയിൽ ചുറ്റിക്കൊണ്ടിരുന്നപ്പോൾ, കണ്ണുകൾ ഒരിടത്തും തങ്ങി നിന്നില്ല പഴയ ഓർമ്മകളുടെ ഇരുട്ടിലേക്ക് വഴുതി പോകുന്നതുപോലെ.
അല്പസമയം കഴിഞ്ഞു.
മാധവൻ ആ ശൂന്യതയിൽ നിന്നു തിരിച്ചെത്തി.
എന്തോ കണ്ടു പിടിക്കാൻ ശ്രമിക്കുന്നുവെന്നപോലെ അജയിയുടെ കണ്ണുകളിലേക്ക് നേരെ നോക്കി, ഭാരമുള്ള ശബ്ദത്തിൽ പറഞ്ഞു:
“മൂർത്തി എവിടെയാണെന്ന് ആർക്കും അറിയില്ല, മോനെ…”
ഒരു ശ്വാസം എടുത്തു, പിന്നെ വീണ്ടും അയാൾ തുടർന്നു...
“വിശ്വനാഥന്റെ മരണത്തിനുശേഷം അയാളെ ഒരാളും കണ്ടിട്ടില്ല.
മാധവന്റെ ശബ്ദം മന്ദമായി താഴ്ന്നു, മുറിയുടെ മതിലുകളിൽ തന്നെ വിറങ്ങലിച്ചു.
അതൊക്കെ കേട്ട അജയ്‌യുടെ മനസ്സിൽ ഒരുതരം അസ്വസ്ഥതയുടെ തരംഗം പടർന്നു.
മാധവന്റെ വാക്കുകൾ ഇപ്പോഴും അജയ്‌യുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
“വിശ്വനാഥന്റെ മരണത്തിനു ശേഷം… മൂർത്തിയെ ആരും കണ്ടിട്ടില്ല.”
ആ വാചകം, ഭാരം നിറഞ്ഞ ഒരു കല്ലുപോലെ, അജയ്‌യുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു.
മാധവനെ നേരെ നോക്കിയെങ്കിലും മറുപടി പറയാൻ അവന് കഴിഞ്ഞില്ല. കണ്ണുകളിൽ കടുത്ത ആശങ്കയും ഉള്ളിൽ തെളിയുന്ന തീയും തമ്മിൽ പൊരുതി.
“ശരി മാധവേട്ട… ഞാൻ പോകുന്നു ഒടുവിൽ അവൻ ശാന്തമായി പറഞ്ഞു.
അവന്റെ ശബ്ദത്തിൽ ഒരുതരം ശാന്തത നിറഞ്ഞു നിന്നിരുന്നു.
മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ അജയ്‌യുടെ കാൽപാടുകൾ ശബ്ദം ഉണ്ടാക്കാതെ പതിയെ പതിയെ നടക്കുകയായിരുന്നു. വെളിയിൽ വീണിരുന്ന വൈകുന്നേരത്തിന്റെ വെളിച്ചം മുഖത്ത് പതിയുമ്പോൾ, കണ്ണുകൾക്ക് മുന്നിൽ ദീപികയുടെ മുഖം തെളിഞ്ഞു.
‘അച്ഛന് അവൾ മകളെ പോലെ ആയിരുന്നുവെന്നോ
എന്നെ ചുറ്റി നിഴലിക്കുന്ന ഈ രഹസ്യങ്ങളുടെ വലയത്തിൽ നിന്ന് ഞാൻ പുറത്തുകടക്കണം…’
അജയ് ജീപ്പിൽ കയറി ഇരുന്നപ്പോൾ, ദൂരെയുള്ള മലനിരകൾക്കപ്പുറം സൂര്യൻ മറഞ്ഞുകൊണ്ടിരുന്നു. അതുപോലെ തന്നെയായിരുന്നു അജയ്‌യുടെ മനസ്സ് ഇരുട്ടിന്റെ കരിനിഴലിലേക്ക് പതിയെ പതിയെ വഴുതി പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു
എങ്കിലും ആ ഇരുട്ടിനകത്ത്, ഒരുറച്ച തീരുമാനം അവന്റെ മനസ്സിൽ കത്തിക്കൊണ്ടിരുന്നു
“മൂർത്തിയെ ഞാൻ കണ്ടെത്തും.”
ജീപ്പ് സ്റ്റാർട്ട് ചെയ്തു. എൻജിന്റെ ഗർജ്ജനത്തോടൊപ്പം, അജയ് മാധവന്റെ വീട്ടിൽ നിന്ന് പതിയെ അകന്നു. മുന്നിൽ തെളിഞ്ഞിരുന്ന വഴികളിലും, മനസ്സിനകത്തെ ഇരുട്ടിലും, ഒരേ സമയം അവൻ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
അൽപസമയം കൊണ്ടു തന്നെ അജയ് ദേവികുളത്തേക്ക് എത്തി.മലഞ്ചെരിവിലെ വളവുകൾ മറികടന്ന് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ജീപ്പ്, ഒരു വളവ് തിരിഞ്ഞതും , അപ്രതീക്ഷിതമായി നേരെ മുന്നിൽ നിന്ന് ഒരു കാർ തെറ്റായ ദിശയിൽ കടന്നു വന്നതും ഒരേസമയത്തായിരുന്നു
അജയ്‌യുടെ കാൽ ബ്രേക്കിൽ ആഞ്ഞു പതിച്ചു. ചീറുന്ന ശബ്ദത്തോടുകൂടി ജീപ്പ് അൽപ്പം മുന്നോട്ട് നീങ്ങി കാറിന്റെ വശത്ത് തട്ടി.
കൃത്യ സമയത്ത് രണ്ടു വാഹനങ്ങളും ബ്രേക്ക് ചെയ്തത് കൊണ്ട് ആർക്കും അപകടം ഒന്നും പറ്റിയിരുന്നില്ല.
ഒരു നിമിഷത്തെ നിശ്ശബ്ദത.
അജയ്‌യുടെ കണ്ണുകൾ മുന്നിലെ കാറിലേക്ക് പതിഞ്ഞു. അതിയായ ക്രോധം അവന്റെ മുഖത്തു തെളിഞ്ഞു.ജീപ്പിൽ നിന്നു പുറത്തേക്കിറങ്ങിയ അവന്റെ ശരീരം മുഴുവൻ ഒരു ആവേശം നിറഞ്ഞ നിലയിൽ കോപത്തോടെ നിലകൊണ്ടു.
അജയ് ദേഷ്യത്തോടെ കാറിന്റെ വശത്തേക്ക് നടന്നടുത്തപ്പോളേക്കും
ഡ്രൈവർ സീറ്റിന്റെ വാതിൽ തുറന്നു ഒരാൾ പുറത്തുവന്നു.
അത് ഒരു സ്ത്രീയായിരുന്നു.
ദേഷ്യത്തിന്റെ ചൂടിൽ പൊള്ളുന്ന മുഖത്തോടെ, കണ്ണുകൾ തീപിടിച്ച പോലെ അവൾ അജയുടെ നേർക്ക് നോക്കി.
“നിങ്ങൾക്ക് ബോധമില്ലേ?!” — അവളുടെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചു. “ഇങ്ങനെ വേഗത്തിൽ വരാൻ! എങ്ങോട്ടാണ് ഇത്രത്തോളം തിടുക്കം?”
അജയ് ഒരു നിമിഷം നിശ്ചലമായി.
അവളുടെ കണ്ണുകൾ അവനെ തറപ്പിച്ചു നോക്കുമ്പോൾ, അവന്റെ ഭാവം ഒരു പരിധിവരെ മാറി.
“സ്ത്രീ…” എന്ന ബോധ്യം അവന്റെ ദേഷ്യത്തെ അടക്കി നിർത്തിയിരുന്നു
അവന്റെ സ്വരത്തിലെ അനാവശ്യമായ കടുപ്പം ഒന്നു മാഞ്ഞു.
“ക്ഷമിക്കണം… വേഗം വന്നത് ഞാൻ തന്നെ ആയിരിക്കട്ടെ ,” —നിങ്ങൾ കാർ ഓടിച്ചിരുന്നത് തെറ്റായ ഭാഗത്തു കൂടെയായിരുന്നു.അതിനാൽ ആണ് ഈ അപകടം ഇപ്പോൾ ഇവിടെ ഉണ്ടായത് അല്പം മര്യാദയോടെ അജയ് പറഞ്ഞു.
ആഹാ… താൻ എന്നെ നിയമം പഠിപ്പിക്കാനാണോ വന്നിരിക്കുന്നത്? അവളുടെ ശബ്ദത്തിൽ പരിഹാസത്തിന്റെ കൊടുംമുഴക്കം നിറഞ്ഞിരുന്നു
“താൻ ജീപ്പ് ഓടിച്ചത് വേഗത്തിലാണെന്ന് പറഞ്ഞല്ലോ…താൻ എന്റെ കാറിൽ വന്നിടിച്ചു. ഇനി തെറ്റ് എന്റെ കൈകളിലാണോ?”
അജയ് പരിഹാസത്തോടെ ചിരിച്ചു.
“അതെയോ ഇപ്പോൾ താൻ എന്നോട് നിയമം പറയുന്നോ.തെറ്റ് ചെയ്തിട്ട്, മറിച്ച് എന്റെ നേരെ വിരൽ ചൂണ്ടുന്നു.കൊള്ളാം.
മേഘ മുന്നോട്ട് വന്നു.
അവളുടെ മുഖം കാറ്റിൽ പറക്കുന്ന മുടിയാൽ ചുറ്റപ്പെട്ടിരുന്നു, പക്ഷേ അവളുടെ നിലപാട് ഉറച്ചിരുന്നു.
“ഞാൻ മേഘ രാമനാഥ് ദേവികുളം സബ് കളക്ടർ.”ഇനി താൻ പറ.
ആ വാക്കുകൾ അവിടെ മുഴങ്ങി വീണു..
ശരി, സബ് കളക്ടർ മാഡം,”നിയമം അറിയുന്നവരെ പഠിപ്പിക്കേണ്ടതില്ലല്ലോ — അവൻ പറഞ്ഞു, ആ സ്വരത്തിൽ ഒരു അല്പം വെല്ലുവിളിയും ഒരു അല്പം പരിഹാസവും ചേർന്നിരുന്നു...........(തുടരും)