അതേ സമയം,
അജയ് ദേവികുളത്തേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു.
ജീപ്പിന്റെ എഞ്ചിൻ ശബ്ദം
ആ പ്രഭാതത്തിന്റെ നിശ്ശബ്ദത തുളച്ച്
അജയുടെ കാതുകളിലേക്കെത്തി.
അവൻ തല ഉയർത്തി
കണ്ണുകൾ ചുരുട്ടി
ആ ജീപ്പ് ആരുടെ വരവാണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു.
തേയിലത്തോട്ടങ്ങളുടെ പച്ച തിരകളെ കുത്തിപ്പൊളിച്ച്
ഒരു പഴയ ജീപ്പ് മാളികയെ ലക്ഷ്യമാക്കി കയറിവന്നുകൊണ്ട് ഇരുന്നു.
ഓരോ കല്ലിലും കുഴിയിലും
അത് ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങുകയായിരുന്നു.
കാറ്റിൽ പറക്കുന്ന പൊടിക്കണങ്ങൾ
സൂര്യന്റെ പൊൻകിരണത്തിൽ
ഒരിക്കലും കാണാത്തൊരു തിളക്കം സൃഷ്ടിച്ചുകൊണ്ട് ഇരുന്നു.
അൽപസമയം പിന്നിട്ടപ്പോളേക്കും
ആ ജീപ്പ് അജയ് നിൽക്കുന്ന സ്ഥലത്തിന് മുന്നിൽ വന്നു നിന്നു.
പൊടിക്കണങ്ങൾ പതുക്കെ പറന്നു പൊങ്ങിയിരുന്നു.
ജീപ്പിന്റെ എൻജിൻ ഇപ്പോഴും മന്ദഗതിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അജയ് മുന്നോട്ടു ഒരു പടി നടന്നു.
അവന്റെ കണ്ണുകൾ തീക്ഷ്ണമായി
ജീപ്പിനകത്ത് ഇരിക്കുന്നവരെ നിരീക്ഷിച്ചുകൊണ്ട് ഇരുന്നു.
ഒന്നൊന്നായി അവരുടെ മുഖങ്ങളിൽ കണ്ണോടിച്ചു,
പെട്ടന്ന് അവന്റെ ദൃഷ്ടി മുന്നിൽ ഇരുന്ന ആളുടെ മേൽ വീണു.
അവന്റെ ഹൃദയം ഒരു നിമിഷം പിടഞ്ഞുപോയി.
അവന്റെ മുഖത്തിൽ കടുപ്പവും കൗതുകവും കലർന്നൊരു ഭാവം തെളിഞ്ഞു.
“രഘു…”
അജയ് വളരെ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.
ആ ശബ്ദം കേട്ടതും
ജീപ്പിന്റെ വാതിൽ പതുക്കെ തുറന്നു
രഘു പുറത്തേക്ക് ഇറങ്ങി.
ചുവടുകൾക്ക് ഭാരം കൂടിയത് പോലെ എന്നാലും അവൻ മുന്നോട്ടു നടന്നു.
അവർ തമ്മിൽ ഒന്നും പറയാതെ
കണ്ണുകളിൽ നോക്കി നിന്നു.
വർഷങ്ങൾക്കു ശേഷമുള്ള ആ നേർക്കാഴ്ചയിൽ
അനവധി ഓർമ്മകളും,
പഴയ വിശ്വാസങ്ങളും,
എല്ലാം നിറഞ്ഞുനിന്നിരുന്നു.
അവർക്ക് വാക്കുകൾ ആവശ്യമില്ലായിരുന്നു.
അവരുടെ കണ്ണുകൾ തന്നെയായിരുന്നു സംസാരിക്കുന്നത്.
പെട്ടന്നാ ജീപ്പിൽ ബാക്കി ഉണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി വന്നു.
ശേഷം അവർ രഘുവിന്റെ പിന്നിൽ നിരന്നു നിന്നു.
രഘു പതുക്കെ തിരിഞ്ഞ് അവരെ നോക്കി ശേഷം വീണ്ടും അജയ്‌യിലേക്ക് മുഖം തിരിച്ചു.
“ഇവർ ഇനി നിന്നോടൊപ്പമാണ്, അജയ്…”
അവന്റെ ശബ്ദം ഉറച്ചും ഭാരം നിറഞ്ഞും മുഴങ്ങി.
അജയ് നിശ്ശബ്ദമായി അവരെ നോക്കി.
തന്നെ വിശ്വസിക്കാവുന്ന കൂട്ടാളികളെ കണ്ടുമുട്ടിയെന്ന ശക്തമായ ബോധം അവന്റെ ഉള്ളിൽ ഉറച്ചു.
അജയ് അവരെ മാളികയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി. വലിയ ഇടനാഴി കടന്ന് അവരെ മുറികൾ കാണിച്ചു കൊടുത്തു. പഴയകാല ഭംഗിയും ആധുനിക സൗകര്യങ്ങളും ചേർന്നിരുന്ന ആ മുറികൾ അവരെ സുഖകരമാക്കി.
ശേഷം അജയ് രഘുവിന്റെ അടുത്തേക്ക് തിരിഞ്ഞ് ശാന്തമായെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു:
“രഘു, ഞാൻ ഒന്ന് ദേവികുളം വരെ പോയിവരാം നിങ്ങൾ എല്ലാവരും ഇവിടെ വിശ്രമിക്കൂ. സന്ധ്യയ്ക്കുമുമ്പ് ഞാൻ മടങ്ങിയെത്തും.”
അജയ് മാളികയുടെ പടികൾ ഇറങ്ങി, ഉറച്ച ചുവടുകളോടെ തന്റെ ജീപ്പിലേക്ക് നടന്നു.
ഒരു ഭാരമുള്ള മുരൾച്ചയോടെ എൻജിൻ ജീവൻ കൊണ്ടു.
ജീപ്പ് പതിയെ കുത്തനെ ഇറങ്ങി വഴികളിലൂടെ മുന്നോട്ടൊഴുകി.
തേയിലത്തോട്ടങ്ങൾക്കിടയിൽ വൈകുന്നേരത്തിന്റെ നീലച്ചായയിൽ ദേവികുളം മുങ്ങി കിടന്നിരുന്നു.
ആ നഗരവും കടന്ന് കുറച്ചുകൂടെ മുന്നോട്ട്, പഴയ ഓർമ്മകളുടെ ഗന്ധം വഹിക്കുന്ന ഒരു വലിയ വീടിന്റെ മുന്നിൽ അവൻ എത്തി.
അവന്റെ ഹൃദയം താളം തെറ്റിയ നിലയിൽ അടിച്ചു.
വർഷങ്ങളുടെ കാത്തിരിപ്പുകളും മറഞ്ഞുപോയ രഹസ്യങ്ങളും നിറഞ്ഞ മനസ്സോടെ അവൻ ബെല്ലിൽ കൈ വെച്ചു.
അവന്റെ വിരലുകൾ അമർത്തിയ ശബ്ദം വീടിന്റെ ഉൾക്കരുത്തിലേക്ക് ഒഴുകി.
അൽപ സമയത്തിനു ശേഷം ഒരാൾ വന്ന് വാതിൽ തുറന്നു.
വാതിലിന് അപ്പുറം നിന്നത് വെള്ളി പോലെ തിളങ്ങുന്ന മുടിയും കാലത്തിന്റെ വരകൾ തെളിഞ്ഞ മുഖവുമുള്ള ഒരു പ്രായമായ പുരുഷൻ.
മാളിയേക്കൽ വിശ്വനാഥന്റെ വലംകൈ ആയിരുന്ന മാധവൻ.
അയാളുടെ കണ്ണുകൾ അജയെ നിരീക്ഷിച്ചു അറിയാത്ത മുഖം പക്ഷേ എവിടെയോ പരിചിതം പോലെ തോന്നിക്കുന്ന കണ്ണുകൾ.
“ആരാ… എന്താണ് നിങ്ങൾക്ക് വേണ്ടത്?”
അയാളുടെ ശബ്ദം അല്പം വിറയലോടെ പുറത്ത് വന്നു.
അജയ് നെറ്റി ഉയർത്തി ഉറച്ച സ്വരത്തിൽ പറഞ്ഞു:
“ഞാൻ അജയ്… മാളിയെക്കൽ വിശ്വനാഥന്റെ മകനാണ്.”
ആ വാക്കുകൾ കേട്ട നിമിഷം അയാളുടെ കണ്ണുകൾ അമ്പരപ്പോടെ വിടർന്നു.
ശ്വാസം ഒരു നിമിഷം തടഞ്ഞുപോയി.
കാലത്തിന്റെ പൊടിപടലം മാറ്റി, പതിറ്റാണ്ടുകൾക്ക് മുൻപത്തെ ഒരു ഓർമ്മ, അവന്റെ മുന്നിൽ ജീവിച്ചിറങ്ങിയതുപോലെ.
“മോനെ…” അയാൾ വിളിച്ചു....
“കയറി വരൂ… അകത്തേക്ക് ഇരിക്കാം.”
അജയ് മന്ദഗതിയിൽ വീടിന്റെ ഉള്ളിലേക്ക് നടന്നു. പഴക്കം തൊട്ടുപിടിച്ച മരപ്പടികളുടെയും ചുവരുകളുടെയും ഇടയിലൂടെ ഒരാത്മാവിന്റെ ഓർമ്മകൾ പോലെ അനുനാദങ്ങൾ കേൾക്കുന്നതുപോലെ.
അയാളെ പിന്തുടർന്ന് മുറിയുടെ അകത്തേക്ക് എത്തിയപ്പോൾ, അവർ രണ്ടുപേരും പഴയ സോഫയുടെ രണ്ടു അറ്റങ്ങളിൽ ഒന്ന് വീതം ഇരുന്നു.
വാതിൽ അടഞ്ഞതിന് ശേഷവും നിശബ്ദത കൂടി അന്തരീക്ഷം ഭാരം പിടിച്ചു.
മഴപെയ്തു കഴിഞ്ഞ മണ്ണിന്റെ മണമുണ്ടായിരുന്ന വായുവിൽ പറയാത്ത പല കഥകളും നിറഞ്ഞിരിക്കുന്നു പോലെ തോന്നി.
ഒടുവിൽ ആ ശൂന്യമായ മൗനത്തിന്റെ മതിലുകൾ തകർത്ത് അജയ് മുന്നോട്ടു വന്നു.
“പണ്ട് എപ്പോഴും അങ്കിൾ അച്ഛന്റെ കൂടെ ഉണ്ടായിരുന്നതല്ലേ…”
അവന്റെ ശബ്ദത്തിൽ ഒരു ഉറച്ച താളവും, അതോടൊപ്പം മറഞ്ഞ വേദനയും കലർന്നിരുന്നു.
“എനിക്ക് അച്ഛനെ പറ്റി ചില വിവരങ്ങൾ വേണം. അതിനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്.”
അവൻ തന്റെ നോട്ടം നേരെ മുന്നിലിരുന്ന മാധവന്റെ മുഖത്ത് പതിപ്പിച്ചു.
ഒരു മുറിവ് തുറക്കുന്നപോലെ, ചോദ്യത്തിൽ കരളിന്റെ മുഴുവൻ ഭാരം നിറഞ്ഞിരുന്നു.
മാധവൻ കൈകൾ തമ്മിൽ കുടഞ്ഞു.
കണ്ണുകൾ അല്പം താഴ്ന്നു.
കാലം മറച്ചുവച്ച ഓർമ്മകളുടെ വാതിൽപ്പടി തുറക്കേണ്ടി വരുമെന്ന് അയാൾ മനസ്സിലാക്കിയിരുന്നു.
എന്താണ് നിനക്ക് അറിയേണ്ടത്…”
മാധവന്റെ മുഖത്ത് സംശയത്തിന്റെ നിഴലുകൾ തെളിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലും ആ ആശങ്കയുടെ ഭാരമുണ്ടായിരുന്നു.
അജയ് തല താഴ്ത്തിയില്ല. കണ്ണുകൾ നേരെ മാധവന്റെ മുഖത്ത് നാട്ടുകൊണ്ട് , പതുക്കെ പറഞ്ഞു:
“അത്… ഞാൻ ജയിലിൽ പോയതിന് ശേഷം, അച്ഛൻ മരിക്കുന്നതുവരെ ഇവിടെ എന്താണ് സംഭവിച്ചത്? എനിക്ക് അറിയണം. അച്ഛന് ദീപികയെ ശരിക്കും ഇഷ്ട്ടമല്ലായിരുന്നോ.അച്ഛൻ അത്രക്ക് വെറുത്തിരുന്നോ എന്റെ ദീപികയെ
അവന്റെ ശബ്ദം നടുങ്ങിയില്ലെങ്കിലും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് പൊങ്ങിയ വേദനയുടെ സ്പന്ദനം ഓരോ വാക്കുകളിലും പതിഞ്ഞിരുന്നു. വർഷങ്ങളായി ചോദിക്കാതെ അടച്ചുവച്ചിരുന്ന ചോദ്യം ഒടുവിൽ വാക്കുകളിലൂടെ പൊട്ടിപ്പുറപ്പെട്ട പോലെ.
മാധവന്റെ കണ്ണുകൾ ഒന്ന് മാറി. സോഫയോട് ചേർന്ന് ഇരുന്ന അദ്ദേഹം , അജയ്‌യുടെ മുഖത്തേക്ക് നോക്കാൻ പോലും മടിച്ചു. അയാൾ അങ്ങനെ ചെയ്യുമ്പോൾ, അവിടെ ഒളിഞ്ഞിരുന്ന ഒരു രഹസ്യത്തിന്റെ നിഴൽ വ്യക്തമായി തോന്നി.
എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നറിയാതെ മാധവൻ ഉഴറി. വിരലുകൾ ചേർത്ത് തുറക്കുകയും വീണ്ടും മുട്ടിച്ചുരുട്ടുകയും ചെയ്തു. കണ്ണുകൾ ഇടയ്ക്ക് മുറിയുടെ നിലത്തേക്ക് വഴുതി ഇടയ്ക്ക് അജയ്‌യുടെ മുഖത്തേക്ക്. പറയാനുള്ളത് വളരെ ഉണ്ടായിരുന്നു പക്ഷേ ഓരോ വാക്കും വെളിച്ചം കണ്ടാൽ ആരുടെയോ രക്തത്തിൽ ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കും എന്നറിയാമായിരുന്നു.
ഒടുവിൽ ഒരു ഭാരമേറിയ ശ്വാസം പുറത്തുവിട്ടു കൊണ്ടു മാധവൻ തല പൊക്കി. ശബ്ദം തൊണ്ടയിൽ കുടുങ്ങി നിന്നു.
“മോനേ അജയ്… നിനക്ക് കേൾക്കാൻ പോകുന്ന കാര്യങ്ങൾ സുഖം തരില്ല. പക്ഷേ നീ എല്ലാം അറിയേണ്ട സമയമാണിത്.”.........(തുടരും)