Read Vilayam - 6 by ABHI in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
  • വിലയം - 6

    ചിന്തകൾക്കും ഭയത്തിനും ഇടയിൽ മുങ്ങി നിന്ന ടോണിയുടെ കൈകൾ ചെറു...

  • നെഞ്ചോരം - 6

    ️നെഞ്ചോരം️ 6എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആയാത്ര...

  • പ്രാണബന്ധനം - 8

    പ്രാണബന്ധനം 8അഭി തന്റെ മനസ്സ് തുറക്കാൻ തുടങ്ങിയെന്ന് കണ്ട അന...

  • ശിവനിധി - 3

    ശിവനിധി Part-3രാവിലെ നിധി കണ്ണു തുറന്നു നോക്കിയപ്പോഴാണ് താൻ...

  • വിലയം - 5

    അതേ സമയം അജയ്‌യും നിഖിലും ബൈക്കിൽ ദേവികുളം ലക്ഷ്യമാക്കി പോകു...

വിഭാഗങ്ങൾ
പങ്കിട്ടു

വിലയം - 6

ചിന്തകൾക്കും ഭയത്തിനും ഇടയിൽ മുങ്ങി നിന്ന ടോണിയുടെ കൈകൾ ചെറുതായി വിറയ്ക്കുകയായിരുന്നു. കൈയിൽ നിവർത്തി പിടിച്ചിരുന്ന ആ രക്തച്ചായം കലർന്ന പഴയ തുണി തന്റെ മനസ്സിൽ വിളിച്ചുണർത്തുന്ന ഭയത്തെയും സംശയങ്ങളെയും സഹിക്കാനാകാതെ അവൻ അത് നിലത്തേക്ക് വലിച്ചെറിഞ്ഞു.

അവന്റെ കണ്ണുകൾ പെട്ടെന്ന് കൈയിലെ ബോക്സിലേക്ക് പതിച്ചു. അതിനകത്ത് വേണ്ട രേഖകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അവശ്യമാണ്. വിരലുകൾ ആവേശവും ഉത്കണ്ഠയും കലർന്നൊരു വേഗത്തിൽ പഴകിയ ഫയലുകൾ തിരിച്ചു മറിച്ചു. ആവശ്യപ്പെട്ട രേഖകൾ കണ്ടു പിടിച്ചപ്പോൾ അവന് സമാധാനമായി.

അവയെ നെഞ്ചോട് ചേർത്തുപിടിച്ച്, ടോണി അവിടെ നിന്നും സെക്യൂരിറ്റി ഹെഡിന്റെ അടുത്തേക്ക് നടന്നു.

തന്റെ കാബിനിലേക്ക് നടന്നു വരുന്ന ടോണിയെ കണ്ടതും, സെക്യൂരിറ്റി ഹെഡിന്റെ കണ്ണുകളിൽ ഒരു ആശ്വാസത്തിന്റെ തിളക്കം കാണപ്പെട്ടു.ഒരുപക്ഷേ സംഭവങ്ങൾ കൈകാര്യം ചെയ്യാവുന്ന രീതിയിലേക്ക് തിരിഞ്ഞുവെന്നൊരു സൂചന പോലെ.

“സാർ… അവർ അക്രമാസക്തരല്ല,” സെക്യൂരിറ്റി ഹെഡ് ശബ്ദം താഴ്ത്തി പറഞ്ഞു. “അവരെ എതിർക്കാൻ നമ്മുടെ ഭാഗത്ത് വേണ്ട ആളുകൾ ഇല്ല. കഴിഞ്ഞ സമരത്തിന് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ ആണ് ഇന്ന് ഉള്ളത്. 

ടോണിയുടെ കണ്ണുകൾ ഒരു കണിക പോലും മാറാതെ അവനെ നോക്കി. പിന്നെ, നേരിയൊരു പുഞ്ചിരിയോടെ അവനോട് പറഞ്ഞ് തുടങ്ങി, 

“എനിക്ക് നിന്റെ ഒരു സഹായം വേണം,“ഞാൻ പറയുമ്പോൾ അജയ്‌യേയും അവന്റെ കുറച്ചു ആളുകളേയും ‘ചർച്ചയ്ക്കാണ്’ എന്ന് പറഞ്ഞ് അകത്തേക്ക് കൊണ്ടുവരിക… പഴയ ഓഫീസിനു അടുത്ത് അവരെ എത്തിക്കണം.

വാക്കുകൾക്ക് ഭാരം കൂട്ടാനെന്നോണം, ടോണി പോക്കറ്റിൽ നിന്ന് ചില നോട്ടുകൾ പുറത്തെടുത്തു സുരക്ഷാ ഹെഡിന്റെ കൈയിലേക്കു വെച്ചു കൊടുത്തു 

ശേഷം, അതെ സ്വാഭാവികതയോടെ, ടോണി തന്റെ ക്യാബിനിലേക്ക് മടങ്ങി. വാതിൽ അടയ്ക്കുന്ന ശബ്ദം മുറിയിലൊരു ഏകാന്തത നിറച്ചു. 

കസേരയിൽ പതുക്കെ ചാഞ്ഞ് ഇരുന്ന അവൻ അടുത്ത നീക്കം എന്തെന്ന ആശങ്കയിൽ ചിന്തകളിലേക്ക് ആണ്ടു പോയി… ചിന്തകളിൽ നിന്നു ഭയം മാറിയില്ല. പുറത്തു നടക്കുന്ന സംഭവങ്ങൾ, ഇപ്പോഴും തീപ്പൊരിപോലെ അവന്റെ ഉള്ളിൽ നീറികൊണ്ട് ഇരിക്കുന്നു.

അതേസമയം അശോകൻ കാർത്തിക്കിനേം ശിവേനേം ഫാക്ടറിയിലെ പുതിയ സംഭവവികാസങ്ങൾ അറിയിച്ചിരുന്നു. ശിവ ചിന്നകനാലിലെ കാപ്പി എസ്റ്റേറ്റിലേക്ക് പോകുവായിരുന്നു കാര്യങ്ങൾ അറിഞ്ഞ അവൻ വണ്ടി ദേവികുളത്തേക്ക് തിരിച്ചിരുന്നു.

അതേസമയം അശോകന്റെ ഫോൺ അവസാനിച്ചതിനു ശേഷം കാർത്തിക്കിന്റെ മുഖത്ത് ചിന്തയുടെ നിഴൽ കൂടി. വിരലുകൾ കൊണ്ട് ബുദ്ധിമുട്ടോടെ അവൻ മേശപ്പുറത്ത് തട്ടിക്കൊണ്ടിരുന്നു. പിന്നെ, എന്തോ ഓർത്തപോലെ,വേഗത്തിൽ തന്റെ ഫോൺ കൈയിൽ എടുത്തു. കോൺടാക്ട് ലിസ്റ്റിൽ കണ്ണുകൾ ഉറ്റുനോക്കി ഒരു നമ്പർ തിരഞ്ഞെടുത്തു… ഡയൽ ചെയ്തു..

രണ്ടു തവണ ശ്രമിച്ചതിനു ശേഷം മറുവശത്ത് നിന്ന് ഒരു ശബ്ദം, മൃദുവായാതെങ്കിലും അധികാരമുള്ള സ്വരം ഫോൺ സ്പീക്കറിലൂടെ ഒഴുകി:

“ഹലോ, ആരാണ്?”  മേഘ പറഞ്ഞു.

“ഹലോ മേഘാ മാം, ഞാൻ കാർത്തിക്… തൃശ്ശൂരിൽ മേഡം ഉണ്ടായിരുന്നപ്പോൾ ഞാൻ ടൗൺ എസ്‌ഐ ആയിരുന്നു,” കാർത്തിക്കിന്റെ ശബ്ദത്തിൽ സൗമ്യത ഉണ്ടായിരുന്നുവെങ്കിലും അടിയന്തരത മറച്ചുവെക്കാനായില്ല.

“അഹ്, കാർത്തിക്… ഇപ്പോൾ മനസ്സിലായി. പറയു,” മേഘയുടെ ശബ്ദം അല്പം ഉണർന്നു.

“മാം, ഇപ്പോൾ ദേവികുളത്താണെന്ന് അറിഞ്ഞു. എന്റെ നാടും അവിടെയാണ്. എനിക്ക് അവിടേക്ക് ട്രാൻസ്ഫർ കിട്ടിയിട്ടുണ്ട് അടുത്ത ആഴ്ച ചാർജ് എടുക്കും.”

“ആഹാ, സന്തോഷം. ഇവിടെ എനിക്ക് പരിചയം ഉള്ള ആരും ഇല്ലായിരുന്നു. ഇനി അത് മാറുമല്ലോ.അല്പം ആശ്വാസം കലർന്ന ശബ്ദത്തിൽ മേഘ പറഞ്ഞു.“

കാർത്തിക്ക് ഉടൻ തന്നെ വാക്കുകൾക്ക് ഭാരം കൂട്ടി പറഞ്ഞു തുടങ്ങി 

“ശരിക്കും, ഞാൻ ചാർജ് എടുത്തതിന് ശേഷം മാഡത്തെ കണ്ടു സംസാരിക്കാമെന്നായിരുന്നു കരുതിയത്… പക്ഷേ, നിർഭാഗ്യവശാൽ, ഇപ്പോൾ തന്നെ ഇതെല്ലാം പറയേണ്ടി വന്നു. 

അവൻ തുടർന്നു 

“ദേവികുളത്തിലെ തേയില ഫാക്ടറി… അത് ഞങ്ങളുടേതാണ്,“അവിടെ തൊഴിലാളികൾ സമരത്തിലാണ്. അവർ തികച്ചും അക്രമാസക്തർ ആണ്. അവരുടെ ആവശ്യങ്ങൾ ന്യായമല്ല… അവരുടെ പ്രവർത്തികൾ എല്ലാം നിയന്ത്രണാതീതവും.”

അതിനെ പറ്റി ഞാൻ അറിഞ്ഞിരുന്നില്ല അതുമല്ല അനുമതി ഇല്ലാതെ സമരം നടത്തുവാൻ ആർക്കും അവകാശം ഇല്ലതാനും.ആരാണ് സമരം നയിക്കുന്നത്.മേഘയുടെ ശബ്ദം കഠിനമായി.

കാർത്തിക് കണ്ണുകൾ ഒന്നു മടക്കി, പിന്നീട് പറഞ്ഞു 

അജയ് എന്നാണ് അവന്റെ പേര്. പതിമൂന്ന് വർഷത്തെ ജയിൽശിക്ഷ പിന്നിട്ട് പുറത്തേക്ക് ഇറങ്ങിയതേ ഉള്ളു.

“എന്ത്…?” മെഘയുടെ ചുണ്ടുകളിൽ നിന്ന് വാക്കുകൾ പൊട്ടിയിറങ്ങി. “ഇതുപോലുള്ള ഒരാൾ… എങ്ങനെ സമരനേതാവായി? പിന്നെ… എന്തിനാണ് അവനു ജയിൽശിക്ഷ കിട്ടിയത്?”

അവളുടെ മനസ്സിൽ അവിശ്വാസവും പ്രകോപനവും ഒരുമിച്ചു ഉയർന്നു.

അവൻ… അവന്റെ കാമുകിയെ ഒരു രാത്രിയിൽ, അതിക്രൂരമായി കൊലപ്പെടുത്തി.അവൾ ഒരു പാവം ആയിരുന്നു.എന്തിനാണ് അവൻ അത് ചെയ്തത് എന്ന് ആർക്കും അറിയില്ല.

കാർത്തിക് പറഞ്ഞതെല്ലാം ഞെട്ടലോടെ ആണ് മേഘ കേട്ടിരുന്നത്.

“കാർത്തിക് താൻ പേടിക്കേണ്ട. ഞാൻ പോലീസിനെ ഫാക്ടറിയിലേക്ക് അയച്ചോളാം,” മെഘയുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ കൃത്യമായ നിയന്ത്രണം ഉണ്ടായിരുന്നു. “സമരം ഇതുവരെ വന്നെത്തിയതിനാൽ പോലീസ് പ്രകോപനം ഒന്നും ഇല്ലാതെ നിയമം കൈയിൽ എടുക്കില്ല. പക്ഷേ പ്രശ്നം ഗുരുതരമാകുകയാണെങ്കിൽ… ഞാൻ നേരിട്ട് ഇടപെടും.”

അവൾ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ, മുറിയിൽ ഒരു ഭാരമുള്ള നിശ്ശബ്ദത പടർന്നു.

അതേസമയം, ദേവികുളത്തിന്റെ ഇടുങ്ങിയ വഴികളിലൂടെ ഒരു ജീപ്പ് പൊടിപാറിച്ചെത്തി. ഫാക്ടറിയുടെ സമീപത്തേക്ക് എത്തിയപ്പോൾ, ഡ്രൈവർ വേഗം മന്ദഗതിയാക്കി, ശാന്തമായി ബ്രേക്ക് അമർത്തി.ജീപ്പ് ഫാക്ടറിയുടെ തൊട്ട് അടുത്തായി നിറുത്തി 

ജീപ്പിൽ നിന്ന് ചിലർ പുറത്തേക്ക് ഇറങ്ങി. അവരുടെ കണ്ണുകൾ ചുറ്റുമുള്ള അന്തരീക്ഷം വിലയിരുത്തി. ആരും ശ്രദ്ധിക്കാതെ, അവർ ആ തിരക്കിനുള്ളിൽ ലയിച്ചു. സമരക്കാരുടെ കൂട്ടത്തിനിടയിൽ പല ഭാഗങ്ങളിലായി തന്ത്രപരമായി സ്ഥാനം പിടിച്ചു.

മൂർത്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു“തൊഴിലാളി ഐക്യം സിന്ദാബാദ്!”, “അടിമ ചങ്ങല പൊട്ടട്ടെ!” — ആ ചെറുപ്പക്കാരുടെ ശബ്ദം പഴയ പോരാട്ടഗാനങ്ങളുടെ താളവുമായി കലർന്നുപോയി.

അശോകനും ഫാക്ടറിയുടെ പരിസരത്ത് എത്തിയിരുന്നു.അയാൾ ദൂരെ നിന്നു കൊണ്ട് ജനക്കൂട്ടത്തെയും ചുറ്റുമുള്ള നീക്കങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു.

കുറച്ചു സമയത്തിനു ശേഷം അയാൾ പതുക്കെ പുറത്തേക്ക് ഇറങ്ങി, കൈകൾ പോക്കറ്റിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

പെട്ടെന്നൊരു വൈബ്രേഷനോടുകൂടി അശോകന്റെ പോക്കറ്റിൽ ഫോൺ മുഴങ്ങി.

അവൻ പുറത്തെടുത്ത് സ്‌ക്രീനിലേക്ക് നോക്കി കാർത്തികിന്റെ മെസ്സേജ്. അത് വായിച്ച് കഴിഞ്ഞപ്പോൾ, അവന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.

അതേസമയം ടോണി തന്റെ കാബിനിൽ കസേരയിൽ ഇരുന്നിരുന്നെങ്കിലും മനസ്സിന് ഒരു നിമിഷം പോലും ശാന്തി കിട്ടിയിരുന്നില്ല.വിരലുകൾ മേശപ്പുറത്ത് അനാവശ്യമായി മുട്ടിക്കൊണ്ടിരുന്നു.

അപ്പോഴാണ് അവന്റെ ഫോൺ മുഴങ്ങിയത്. സ്‌ക്രീനിൽ അശോകന്റെ പേര് തെളിഞ്ഞിരുന്നു.

ടോണി ഫോൺ ചെവിയിലേയ്ക്ക് വെച്ചു.

“ഹലോ…”

മറുതലയ്ക്കൽ അശോകൻ സംസാരിച്ചു തുടങ്ങി “ടോണി, ഫാക്ടറിയിലേക്ക് ഉടനെ പോലീസ് എത്തും. അവർ വരുന്നതിന് മുമ്പ്, നമ്മുടെ പ്ലാൻ പ്രകാരം അവനെ അകത്ത് എത്തിക്കണം.”

ശബ്ദം അല്പം താഴ്ന്നെങ്കിലും, അതിന്റെ തീവ്രത മാറിയില്ല.

“പിന്നെ… അവിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കും. അതായിരിക്കും നിന്റെ സമയം. അപ്പോഴാണ് നീ… റൂമിന് തീ കൊളുത്തേണ്ടത്.”

അശോകൻ നിർദ്ദേശങ്ങൾ അവസാനിപ്പിച്ചപ്പോൾ, ഒരു നിമിഷം പോലും ചെലവഴിക്കാതെ കാൾ കട്ട്‌ ചെയ്തു.

ടോണിയുടെ കാബിനിൽ വീണ്ടും നിശ്ശബ്ദത വീണു, പക്ഷേ  അവനത് പൊട്ടിത്തെറിക്ക് മുമ്പുള്ള മൗനം പോലെ ആണ് തോന്നിയത്.

ടോണി, സമയം കളയാതെ, തന്റെ നീക്കങ്ങൾ വേഗത്തിൽ നടത്തി തുടങ്ങി.അവന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, സെക്യൂരിറ്റി ഹെഡ് അജയ്‌യെ കാണാൻ പോയി.

അതേസമയം അജയ് നിഖിലിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.

പെട്ടെന്ന്, ജനക്കൂട്ടത്തിന്റെ ചലനത്തിനിടയിൽ, കറുത്ത യൂണിഫോമിൽ സെക്യൂരിറ്റി ഹെഡ് അവർക്കരികിലേക്ക് എത്തി.

അവന്റെ കണ്ണുകൾ നേരെ അജയ്‌യെ തേടി, കർശനമായ ശബ്ദത്തിൽ ചോദിച്ചു 

“ആരാണ് നിങ്ങളുടെ നേതാവ്?”

അയാൾ രണ്ടു വട്ടം അത് ആവർത്തിച്ചു 

“ഞാനാണ്.”

അജയ് ഒരു കാൽ മുന്നോട്ട് വെച്ച്, ഉറച്ച ശബ്ദത്തിൽ മറുപടി നൽകി.

സെക്യൂരിറ്റി ഹെഡിന്റെ കണ്ണുകൾ അവനെ അടിമുടി വെട്ടിപ്പരിശോധിച്ചു.

“മാനേജ്മെന്റ് ഒരു ചർച്ചയ്ക്ക് തയ്യാറാണ്,”

ഇടയ്ക്കൊരു വിരാമം എടുത്ത് അയാൾ തുടർന്നു.

നിങ്ങളെ അവർ ചർച്ചയ്ക്ക് ക്ഷണിക്കുന്നു.നിങ്ങൾ കുറച്ച് ആളുകൾ എന്റെ കൂടെ വരിക.അയാൾ പറഞ്ഞ് നിറുത്തി ശേഷം ഒരു മറുപടിക്ക് എന്നോണം അജയ്യുടെ മുഖത്ത് നോക്കി നിന്നു.

അജയ് കുറച്ച് നേരത്തെ മൗനത്തിൽ നിന്നും ഉണർന്നു.സെക്യൂരിറ്റി ഹെഡിനെ നോക്കി പറഞ്ഞു 

“ശരി… ഞങ്ങൾ വരാം,”

അജയ് നിഖിലിനോട് കണ്ണിലൂടെ മാത്രം ഒരു ആജ്ഞ നൽകി.

അർത്ഥം മനസ്സിലാക്കിയ നിഖിൽ, തന്റെ വിശ്വസ്തരായ കുറച്ച് ആളുകളെ വിളിച്ചു.

അവർ എല്ലാം, ഒരു വാക്കുപോലും പറയാതെ, സെക്യൂരിറ്റിയെ അനുഗമിച്ചു.

ഫാക്ടറിയുടെ ഇടുങ്ങിയ പാതകൾ കടന്ന്, അവർ പഴയ ഓഫീസ് ബ്ലോക്കിലേക്ക് എത്തി.

അവിടെ പഴയ ഓഫീസിന് അടുത്ത് ഉണ്ടായിരുന്ന കോൺഫറൻസ് റൂമിലേക്കു സെക്യൂരിറ്റി അവരെ നയിച്ചു.

പഴയ ഓഫീസിന് അടുത്ത് എത്തിയപ്പോൾ അജയ്യുടെ ഹൃദയത്തിൽ ഒരു അന്യമായ ഭാരത്വം കൂടി വന്നു.

അവന്റെ പഴയ ഓഫീസ് മുറി… ഒരിക്കൽ ജീവിതത്തിന്റെ നിറം നിറഞ്ഞിരുന്ന ഇടം.

ഇപ്പോൾ അത് മുഴുവൻ പൊടിയുടെ പിടിയിൽ ചുമരുകളിൽ മങ്ങിയ ചിത്രങ്ങളുടെയും അവശിഷ്ടങ്ങളും.

അവന്റെ കണ്ണുകൾ ഒരു കോണിലേക്കു വഴുതി 

അതെ… അവിടെ എത്ര തവണ ആണ് ദീപിക തന്നെ കാണുവാൻ വന്നിരുന്നത് 

അവളുടെ ചിരിയുടെ പ്രതിധ്വനി ഇപ്പോഴും ചുമരുകൾക്കിടയിൽ കുടുങ്ങിയിരിക്കുന്ന പോലെ തോന്നി.

ഇന്നോ, അതേ സ്ഥലത്ത്… അവൻ ഒറ്റയ്ക്കാണ്.

ഓർമ്മകളുടെ തിരമാലകളിൽ മുങ്ങിക്കിടക്കുന്നവനായി.

അജയ്യുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു, പൊടിപിടിച്ച നിലത്തേക്ക് വീണ് ശബ്ദമില്ലാതെ അപ്രത്യക്ഷമായി.....................(തുടരും)