chuvanna sari books and stories free download online pdf in Malayalam

ചുവന്ന സാരി

ചുവന്ന സാരി

'വരുന്നില്ല . നീ ഇറങ്ങിക്കോ ."

അമ്മ പറഞ്ഞു . വീട്ടിൽ മറ്റാരും ഉണർന്നിട്ടേയില്ല .

അവൾ മുറ്റത്തെ മണൽത്തരികൾ ഞെരിച്ചു നടന്നു.

കൈതപൂത്ത ,ഏറ്റത്തിൽ പോള ഒഴുകികൊണ്ടിരുന്ന തോടിനോരത്തെ വഴിയിലൂടെ നടന്നു . കൊയ്ത്തു കഴിഞ്ഞ കായൽപാടത്തു ആമ്പൽപ്പൂക്കൾക്കിടയിൽ താറാവുകൂട്ടം കലപില ഗീതമുണർത്തി മദിച്ചു നീന്തുകയാണ് . പേരറിയാത്ത പക്ഷികൾ തുടുത്ത കിഴക്കൻ ആകാശത്തുനിന്ന് ചിറകടിച്ചു അടുത്തെത്തി .

"രാവിലെ പള്ളിലേക്കാണോ കുഞ്ഞേ "വള്ളം ഊന്നി വന്ന കുട്ടപ്പൻ ലോഹ്യം ചോദിച്ചു .

കുട്ടപ്പന്റെ കറുത്ത മേനിയിൽ പുലരി ഓളം വെട്ടുന്നു.

തെക്കേലെമണിയുടെ അസ്ഥിത്തറയിൽ,ഒരു കൈകൊണ്ട് അടിയിലുടുപ്പു പൊക്കി മൂക്കള തുടച്ചു മറ്റേ കൈയാൽ ആരതി ,വിളക്കിന്റെ നാളമുണർത്തി .

പിന്നെ ആട്ടിയുടെ മുറ്റത്തെത്തി . ലിസിച്ചേച്ചി മുറ്റമടിക്കുകയാണ് .

"ഇന്ന് വരുന്നില്ലേ ചേച്ചി "

"ഓ എന്റെ കൊച്ചേ ,എന്നാ പറയാനാ പുള്ളിക്കാരന് ഇന്ന് നേരത്തേ പോണം പോലും "

തെങ്ങുംത്തടിപ്പാലം കടന്നു തോടു തുടങ്ങുന്ന പമ്പയാറ്റിൻ കരയിലെത്തി . കടത്തുകാരൻ വേണുവിനെ കാണാനേയില്ല . ഇനി എന്തു ചെയ്യും ?

എന്തായാലും സമയം പോകും .

പഴയ ഒരു കൊച്ചുവള്ളത്തിൽ ഒരാൾ ഓളങ്ങൾ മുറിച്ചു വരുന്നു . അയാൾ അവളെ കാരുണ്യപൂർവ്വം നോക്കി.

മനസ്സിൽ ആയിരം പൂക്കൾ വിരിഞ്ഞപോലെ . അലൗകികമായ നിർവ്യതിയിൽ പൂത്തുലഞ്ഞു. വള്ളം മെല്ലെയടുത്തു .

"കയറിക്കോ "

ശാന്തഗംഭീരമായ ശബദം . ആറ്റിലൂടെ ഒരു ബോട്ട് കടന്നുപോയി. അതുയർത്തിയ ഓളങ്ങളിൽ വള്ളം ആടിയുലഞ്ഞു .

വെള്ളം വള്ളത്തിന്റെ വക്കിലൂടെ അലയായി തുളുമ്പി . ഞെട്ടിത്തരിച്ചുപ്പോയി . അയാൾ പുഞ്ചിരിയോടെ തുഴ വെട്ടിച്ചു . വള്ളം ശാന്തമായി നീങ്ങി . അയാളുടെ മുഖത്തു കുഞ്ഞിന്റെ നിഷ്കളങ്കത . കൊടിയപീഡനങ്ങളുടെ വടുക്കൾ നിറഞ്ഞ മിഴികളിൽ

അതിരുകളില്ലാത്ത സ്നേഹം . ആരാണിയാൾ ? ചോദിക്കാൻആവുന്നില്ലലോ . അക്കരെയിറങ്ങുമ്പോൾ അയാൾ പറഞ്ഞു "പള്ളിയിൽ കുർബാന കഴിഞ്ഞല്ലോ"നിറഞ്ഞ പുഞ്ചിരിയോടെ തുടർന്നു

"ദേവാലയങ്ങളിൽ ആരാധിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ."

ഇയാൾ എങ്ങിനെയാണ് താൻ പള്ളിയിൽ പോകുകയാണന്ന് ‌ അറിഞ്ഞത് .പള്ളിയിൽ എത്തിയപ്പോളാണ് ശരിക്കും അമ്പരന്നത് . അച്ചൻ എവിടെയോ പോകേണ്ടതുകൊണ്ട് കുർബാന നേരത്തേ ചൊല്ലി . ഞായറാഴ്ച പറഞ്ഞിരുന്നു,ശ്രദ്ധിച്ചില്ല .

തിരികെ നടക്കുമ്പോൾ അരയാൽ ചുവട്ടിൽ കല്ലാശാരിമാർ ഉളിയുടെ താളം ഒഴുക്കുന്നു .

അവർ മൂന്നു ചേട്ടനുജന്മാരായിരുന്നു . മനസാക്ഷി,

സത്യസന്ധത ,ആത്മാർത്ഥത അതായിരുന്നു അവർ അവർക്കു കൊടുത്ത പുതിയ പേരുകൾ .ചുവപ്പും മഞ്ഞയും പച്ചയും തലേകെട്ടുകൾ കെട്ടി , തലകൾ താളത്തിലിളക്കി ,ഇടയ്ക്കിടെ പരസ്പരം നോക്കി ചിരി

ച്ചും അവർ ഉളികൾ കരിങ്കല്ലിൽ പുണർന്നു .

" എന്താ കുട്ടിയേ ഒരു പരിഭ്രാന്തി "

അതിലെ നടന്നപ്പോൾ മനസാക്ഷി ചോദിച്ചു .

സ്നേഹം നിറഞ്ഞൊഴുകുന്ന ,മുടിയും താടിയും നീണ്ട , ചൈതന്യം തുടിക്കുന്ന ചെറുപ്പകാരനെക്കുറിച്ചു അവൾ പറഞ്ഞു . അവർ വാപൊളിച്ചു ഇരുന്നുപോയി.

"വേദനയിൽ ഉളിയുടക്കി ഞാൻ ഉഗ്രമൂർത്തികളെ തീർത്തു ,ഇതിനിടയിൽ ഇയാളെ ഇവിടെയൊന്നും കണ്ടിട്ടേയില്ല "മനസാക്ഷി പറഞ്ഞു.

"കരിംപാറയുടെ കാഠിന്യത്തിൽ നെഞ്ചു ചേർത്ത്

ദേവികളുടെ അംഗലാവണ്യം ഞാൻ പകർത്തി എങ്കിലും ഇയാളുടെ ശബ്‌ദം കേട്ടില്ല "സത്യസന്ധത കൂട്ടിച്ചേർത്തു.

"ഇരുളിൽ കത്തിവീശി നറുനിലാവും പുലരിപൊൻവെയിലും ഞാൻ ചുരത്തി . ഇവിടെ ഞാനാരുടേയും ഗന്ധമറിഞ്ഞിട്ടില്ല ."മൂന്നാമൻ പൂർത്തിയാക്കി .

ഒരു കില്ലപ്പട്ടി മണംപിടിച്ചെത്തി കല്ലാശാരിമാർ ചെത്തിമിനുക്കിയ കല്ലിൽ പിൻകാലുയർത്തി .

"നാശം, മുള്ളാൻ കണ്ട സ്‌ഥലം "മനസാക്ഷി ഒരു കമ്പെടുത്തെറിഞ്ഞു .ഞാറു നടാൻ മോട്ടോറിൽ വെള്ളം വറ്റിക്കുന്ന പാടത്ത് പിടക്കുന്ന മീനുകളെ നോക്കി തപസ്സിരുന്ന കൊക്കുകൾ നാലുപാടും പറന്നു

വീട്ടിലെ കടവിൽ ചേട്ടൻ വള്ളത്തിൽ ചാക്കുകെട്ടു കയറ്റുന്നു .

ഓ ,ഞാറു നടാൻ പാടത്തു വിത്തിറക്കണമെന്നു പറഞ്ഞിരുന്നു .

"നീയെന്താടി ഇന്നു നേരത്തേ "

"കുർബാന ഇല്ലായിരുന്നു ചേട്ടാ . കാപ്പി കുടിച്ചോ ?"

"'അമ്മ കട്ടൻ തന്നു . പിള്ളേരേറ്റില്ലാന്നു തോന്നുന്നു."

പുള്ളിപ്പശുവിനെ കറന്നിട്ടില്ല. മൊന്തയെടുത്തു തൊഴുത്തിലേക്കു നടന്നു. കുടംപുളിമരത്തിൽ ഇരട്ടവാലൻകിളി തലചെരിച്ചു നോക്കുന്നു . കള്ളി ,ഇന്നലെ വന്നില്ലാലോ . ഇരട്ടവാലൻ ഏതോ ഈണം മൂളി . കിളിച്ചുണ്ടൻമാവിൽ ഒലിച്ചിറങ്ങിയ ഇളംവെയിൽ വര വീഴ്‌ത്തിയ അണ്ണാറക്കണ്ണൻ കളിയാക്കി എന്തെല്ലാമോ ചിലച്ചു . താറാവുകൾ അതുകേട്ട് തലതാഴ്ത്തി ചിരിക്കുന്നു . പുള്ളിപ്പശു തലകുലുക്കി മതിയാവോളം

ചുരത്തി .

ഇന്നലെ ചേട്ടൻ വലവീശി കരിമീൻ പിടിച്ചിരുന്നു . അതു വെട്ടി മപ്പാസാക്കി ടിഫിനിൽ കുട്ടികൾക്കും പൊതികെട്ടി ചേട്ടനു പാടത്തേക്കും കൊടുത്തുവിട്ടു . ചായക്ക് പുട്ടും കടലയും ആക്കിയിരുന്നു . കുട്ടികൾ സ്കൂൾവാനിൽ കയറിയപ്പോൾ ആശ്വാസം ആയി . എന്തൊരു തിരക്കായിരുന്നു .

" അമ്മോ ഓ അമ്മോ "

അറപ്പുരയുടെ മുറ്റത്തുനിന്ന് ആരോ വിളിക്കുന്നു.

പാട്ടിയമ്മ. "ഇതെപ്പോ വന്നു ,കുറെകാലമായല്ലോ കണ്ടിട്ട് "

പാട്ടിയമ്മ പല്ലില്ലാത്ത മോണ വെളിവാക്കി വിസ്തരിച്ചു ചിരിച്ചു . പാട്ടിയമ്മ നാട്ടിൽ പോയ കഥ പറഞ്ഞു .

ബന്ധുക്കളോ, പഴയ സുഹൃത്തുകളൊ,വലിയ ലോഹ്യം കാണിച്ചില്ല . കത്തുന്ന സൂര്യനു താഴെ മുള്ളുനിറഞ്ഞ കുറ്റിച്ചെടികൾക്കിടയിലൂടെ പൊള്ളുന്ന മണ്ണുചവുട്ടി നടന്നു .പിന്നെ തഞ്ചാവൂർ അമ്പലത്തിലും വേളാങ്കണ്ണി പള്ളിയിലും പോയി .

"അമ്മക്ക് തഞ്ചാവൂർ ചന്തയിൽനിന്നു കൊഞ്ചം സാധനം വാങ്ങിയിറക്കേ ".പാട്ടിയമ്മ കണ്ണുറുക്കി ചിരിച്ചു .

ആദ്യം പാട്ടിയമ്മ വന്ന ദിവസം ഓർത്തു .

അവർ നനഞ്ഞ കോഴിയെപോലെ തിണ്ണയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്നു . വിവശമായ കണ്ണുകൾ ,വിറവീണ കൈകാലുകൾ . ചൂടുകഞ്ഞി കുടിച്ചു കഴിഞ്ഞു കണ്ണുകൾ തെളിഞ്ഞു .പിന്നെ വാചാലയായി.

"പണ്ട് എന്റെ അമ്മ കഞ്ഞി തന്നതിൽപ്പിന്നെ സ്നേഹത്തോടെ ഒരാൾ അന്നം തരുന്നത് ഇതാദ്യം .

നീ എൻ അമ്മാകണക്കെ . ഞാൻ അമ്മയെന്നേ വിളിക്കൂ ".പിന്നെ ഇടയ്ക്കിടെ വരും . പിഞ്ചികീറിയ തുണിക്കുപകരം പുതിയ സാരി കൊടുത്തു,വിണ്ടുകീറിയ കാലിനു ചെരുപ്പുകൊടുത്തു.

"പുട്ടുംകടലേം ഇരിക്ക് ,എടുക്കട്ടേ ?"

പാട്ടിയമ്മ സന്തോഷത്തോടെ തലയാട്ടി .

പോകാൻ നേരം വിറയാർന്ന കൈകളാൽ മുഷിഞ്ഞ ഭാണ്ഡം തുറന്നു ഒരു പൊതിയെടുത്തു നീട്ടി .

"തഞ്ചാവൂരിൽ നിന്നു ഉനക്കായി മാത്രം വാങ്ങിയതാ "

പാട്ടിയമ്മ പോയിക്കഴിഞ്ഞു അമ്മയെ പൊതിക്കാണിക്കാൻ അകത്തു കയറി . അമ്മയുറക്കമായി . പൊതി മെല്ലെയഴിച്ചു ,ഒരു ചുവന്നസാരി . തനി പാണ്ടിസാരി ,വിലകുറഞ്ഞ സാരി

ആർക്കെങ്കിലും കൊടുക്കാം ,അല്ലെങ്കിൽ ആരു വാങ്ങാനാ . നിവർത്തി നോക്കി ,അതിനകത്തു വിലമതിക്കാനാവത്ത രക്തവും മാംസവും ! ഞെട്ടീപ്പോയി പള്ളിയിൽ കിട്ടാതെ പോയ രക്തവും മാംസവും .

പുറത്തു കായലിനു മുകളിൽ ആകാശത്തിനപ്പുറം പ്രപഞ്ചവും കടന്നു തുഴ വെട്ടിച്ചു അയാൾ തുഴഞ്ഞു .പ്രപഞ്ചം നിറഞ്ഞ പുഞ്ചിരിയോടെ തുഴഞ്ഞു . പ്രകാശം പരത്തുന്ന പുഞ്ചിരി .

പങ്കിട്ടു

NEW REALESED