Read Kudiyanmala Calling by CHERIAN in Malayalam Short Stories | മാതൃഭാരതി

കുടിയാന്മല വിളിക്കുന്നു

സ്കൂളിന്റെ മുറ്റത്തു കരിയിലകൾ കാറ്റത്തു അടിഞ്ഞുകൂടി . ചാത്തമലയിൽനിന്നും കുരിശുമലയിലേക്കു കാറ്റ് ശക്തമായി വീശിക്കൊണ്ടിരുന്നു . ശങ്കരൻനായർസാർ കണ്ണട ഊരി ചെവിയിലെ രോമം തിരക്കിട്ടു വലിച്ചു .
" സാറേ , ഷെഡ് വീഴുമോ ?" റൗഡി മാത്തൻ ചോദിച്ചു.
നായർസാർ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സ്കൂ
ൾഷെഡിന്റെ കച്ചിമേഞ്ഞ മേൽപ്പുര നോക്കി പിന്നെ ചിരിയോടെ ചോദിച്ചു
" നമ്മൾ എവിടെയാ നിറുത്തിയത് "


കർണ്ണന്റെ നിസ്സഹായതയും നിസ്സംഗതയും ക്ലാസ്സിൽ തെളിഞ്ഞു . അപരന്റെ വേദനയും ഇല്ലായ്മയും നെഞ്ചിലേറ്റിയ കർണ്ണൻ . മഹാറാണിയായ അമ്മയുടെ സ്‌നേഹവും വാത്സല്യവും അറിയാതെ വളർന്ന കർണ്ണൻ . പ്രപഞ്ചം മുഴുവൻ ചൈതന്യം പകർന്ന മഹാനുഭാവു സൂര്യ പുത്രനെങ്കിലും സൂതപുത്രനായി ദാരിദ്ര്യവും വേദനയും അറിഞ്ഞ കർണ്ണൻ . ആയുധവിദ്യയിൽ ജേതാവെങ്കിലും അർജുനന്റെ മുൻപിൽ തലകുമ്പിട്ടു നടന്ന കർണ്ണൻ . ആഗ്രഹിച്ച പെണ്ണിന്റെ സ്വയംവരത്തിൽ പങ്കെടുക്കാൻ കുലമഹിമ തടസ്സമായവൻ കർണ്ണൻ .തുടയിൽ വണ്ടു തുരന്നപ്പോൾ വേദന സഹിച്ചു, മടിയിൽ ഉറങ്ങുന്ന ഗുരു പരശുരാമനു ശല്യമാവാതെ നോക്കി , കുലത്തിന്റെ പേരിൽ തന്നെ ഗുരുശാപമേറ്റവൻ കർണ്ണൻ . കവച കുണ്ഡലങ്ങൾ ദാനമായി നൽകി ബലഹീനനായവൻ കർണ്ണൻ . ഒടുവിൽ അനുജന്റെ അമ്പേറ്റു തലയറ്റു വീണവൻ കർണ്ണൻ .

അതെല്ലാം എത്ര വർണ്ണിച്ചാലും സാറിനു മതിയാവില്ല . നന്മ ചെയ്തിട്ടും വിധി വേദനകളിൽ ഇല്ലാതാക്കിയ കർണ്ണൻ മനസിലെപ്പോഴും നീറ്റലായിരുന്നു . ജാതി വ്യവസ്ഥയുടെ വ്യർത്ഥതയും കർണ്ണന്റെ ജീവിതത്തിലൂടെ വെളിവാക്കുന്നു .

തോട്ടത്തിലെ റബ്ബർമരം ഒന്നു കാറ്റു പിഴുതൊടിച്ചു . കരിമേഘങ്ങൾ നിറഞ്ഞ ആകാശത്തിനു ചുവട്ടിൽ ഭൂമി കറുത്തിരുണ്ടു . വൈതൽമല മഞ്ഞു നിറഞ്ഞു മറഞ്ഞിരിക്കുന്നു . കുട്ടികളുടെ മുഖത്താകെ പരിഭ്രാന്തി നിറയുന്നു . മലകളിൽ മഴ പെയ്തെത്തുന്നു . ക്ലാസ്സ് ഇന്നു നേരത്തെ വിട്ടേക്കും .

മഴ പെയ്തു തോർന്നു കഴിഞ്ഞു . ചെളിവെള്ളം ഇപ്പോഴും കുത്തിയൊലിക്കുകയാണ് . അങ്ങാടിയിലെ വളരി കരകവിഞ്ഞു തകർത്തൊഴുകയാണ് . സ്കൂൾ വിട്ടുപോകുന്ന ചെറിയ കുട്ടികളെ വളരി എടുത്തുകടത്താൻ സാറും പോയി .

എല്ലാം കഴിഞ്ഞപ്പോൾ സമയം ഏറെ ആയി . കൊയിലാണ്ടിയുടെ കടയുടെ പുറകിലാണ് റൂം . ഇനി പുഴയിൽ കുളിക്കാൻ വയ്യ . മഴ പുഴ വൃത്തികേടാക്കിയിട്ടുണ്ടാവും . കുളികഴിഞ്ഞു അങ്ങാടിക്കു ഇറങ്ങി . ചേട്ടന്മാർ സിറ്റിക്കിറങ്ങുന്ന സമയമായി . അവുള്ളയുടെ ചായക്കടയിൽ ഉണ്ടക്കായക്കും വെട്ടുകേക്കിനും പൊറോട്ടക്കും മൂരിക്കറിക്കും തിരക്കായി . കടവന്റെ കടയിൽ റബ്ബർഷീറ്റും അടക്കയും അണ്ടിയും എടുക്കുന്ന ബഹളമായി . കടത്തിണ്ണകളിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ സൊറ പറയുന്ന ചേട്ടന്മാരും ലോനപ്പന്റെ നാടൻ ഹന്നാസിനു വേണ്ടിയുള്ള കാത്തിരിപ്പും നിറഞ്ഞു നിന്നു . തളിപ്പറമ്പിൽ നിന്നും വാനിനിയും എത്തിയിട്ടില്ല . പത്രം കിട്ടിയിട്ടില്ല .

വെയിൽ അനാഥമായി തളർന്നുകിടന്ന അമ്പലമുറ്റത്തെ തൊട്ടാവാടി പടർപ്പുകൾ കർണ്ണന്റെ ഓർമ്മകൾ അയവിറക്കി .
" കുട്ടീ എപ്പോളാ എത്തിയത് "
വെളിച്ചപ്പാടാണ് .
"ഇന്നലെ എത്തി "
"കർണ്ണനെ തൊഴുതോ കുട്ടിയേ "
സൂതപുത്രനായി കർണ്ണൻ ജീവിച്ചിരുന്നത് തന്റെ നാട്ടിലാണ് എന്നും വിശ്വാസമുണ്ടായിരുന്നു .
രണ്ടു ദിവസത്തെ യാത്രയാണ് കുടിയാന്മലയിൽനിന്നും ഇവിടേക്കു . രാവിലെ വാനിൽ കുരുമുളകുചാക്കുകെട്ടിനു മുകളിൽ തലകുമ്പിട്ടിരുന്നു . കയറ്റത്തിൽ പലയിടത്തും യാത്രക്കാർ എല്ലാവരും ഇറങ്ങി വാനിന്റെ മുൻപിൽ കയർകെട്ടി ചെളിയിലൂടെ വലിച്ചുകയറ്റി . ഉച്ചയായി തളിപ്പറമ്പിൽ എത്തിയപ്പോൾ . പിന്നെ മലബാർ എക്സ്പ്രസ്സിൽ പട്ടാമ്പിയിലിറങ്ങി , സ്റ്റേഷനിൽ കിടന്നു ഉറങ്ങി, രാവിലെ നിളയുടെ തണുത്ത കാറ്റേറ്റു നടന്നു .

ഉമ്മറത്തിണ്ണയിൽ കുന്തിച്ചിരുന്നു അന്യരുടേതായി മാറിയ പാടത്തു നോക്കി അച്ഛൻ പല്ലിടകിള്ളുന്നു . അടുക്കളയുടെ കരിയിൽ നിന്നും നിറഞ്ഞചിരിയുമായി അമ്മ എത്തി .
" എത്ര നാളായി മോനേ നിന്നെ കണ്ടിട്ട് "
സ്ഥിരം പരിവഭങ്ങൾക്കു ശേഷം അമ്മ വാർത്തകളുടെ കെട്ടഴിച്ചു .
ചായ കുടിക്കുന്നതിടയിൽ കേട്ടു , മാളുവിന്റെ കല്യാണം കഴിഞ്ഞുവത്രേ !

രാത്രി , വയൽ മുറിച്ചു വരുന്ന ഭാരതപുഴയുടെ തേങ്ങലും നെടുവീർപ്പുകളും അറിഞ്ഞുകിടക്കവേ തീരുമാനിച്ചു . ഇല്ല തിരിച്ചില്ല , ഇനി തിരിച്ചില്ല . പെരിന്തൽമണ്ണയിൽ ഒരു സ്കൂളിൽ ഒഴിവുണ്ട് . എങ്കിലും കുടിയാന്മല വിട്ട് എവിടെക്കുമില്ല .

ഇന്ദ്രനും മറ്റു ദേവന്മാർക്കും പാലുകാച്ചുകയായിരുന്നു അവർ . അന്നു അവർ പാൽ അറിയാതെ കരിച്ചുകളഞ്ഞു . ഇന്ദ്രൻ കോപിച്ചു , അവരെ കുടിയാന്മലക്കുവിട്ടു . പിന്നീട് കരിമ്പാലരുടെ കുടിയാന്മല എല്ലാവരേയും വിളിച്ചു . വിളികേട്ടു പാലാ, കാഞ്ഞിരപ്പള്ളി , തൊടുപുഴ , പത്തനംതിട്ട , പുളിംങ്കുന്നു , ചേർത്തല , ആലുവ , കറുകുറ്റി , കുന്നംകുളം തുടങ്ങി വിവിധ ദേശത്തുനിന്നു ആൾക്കാരെത്തി . വൈതൽമലക്കും കുടകൻമലക്കും ഇടക്കുള്ള കാറ്റ് നുകർന്നു ശങ്കരൻനായർ നിർവൃതി കൊണ്ടു .

സ്കൂൾവിട്ടു കഴിഞ്ഞു പതിവുപോലെ സാർ പുഴയിലേക്കു നടന്നു . നേർത്ത ഇരുളിന്റെ നിശബ്ദതയിൽ ഉറഞ്ഞു നിന്ന കയം പൊടുന്നനെ ചിതറിത്തെറിച്ചു . വേളിവാസു കയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടതാണ് . ഞെട്ടി പോയി , കാലിപ്പോഴും വിറക്കുന്നു . വാസു തുടിച്ചുയർന്നു .
"പേടിപ്പിച്ചു കളഞ്ഞല്ലോ . നീ ഇപ്പോൾ ക്ലാസ്സിൽ വരാത്തതെന്തടാ വേളി "
"കപ്പ വാട്ടായിരുന്നു മാഷേ "
" ഇന്നലെയോ "
" ചിതാഭസ്മം നാടകം കാണാൻ ആലക്കോടിന്‌ പോയി മാഷേ "
" അതിനു മുൻപോ "
" തെക്കേലെ ഔസേപ്പുണ്ണിയുടെ കെട്ടിയോൾ വെട്ടുകാരൻ തോമായുടെ കൂടെ ഒളിച്ചോടി മാഷേ "
"നിനക്ക് പഠിക്കേണ്ടേ വാസു ? പത്തു കടക്കണ്ടേ "
" ഞാൻ എല്ലാം അറിഞ്ഞു മാഷേ , എനിക്കിനി പഠിക്കാൻ ഒന്നുമില്ല ."
." അതു ശരി ,നന്നായിരിക്കട്ടെ "
പിന്നെ വേളി കയത്തിന്റെ വിശാലതയിൽ നീന്തി തുടിച്ചു . സാറിന്റെ അടുത്തെത്തി നിന്നു മുകളിൽ പറക്കുന്ന തുമ്പികളെ ചൂണ്ടി ചോദിച്ചു .
" തുമ്പികളുടെ വീട് കണ്ടിട്ടുണ്ടോ ,മാഷ് "
ഇല്ല , അല്ലേ . പോട്ടെ ഈ പറക്കുന്ന പരുന്ത് തേടുന്നത് പുഴവക്കത്തെ കോളാമ്പിപ്പൂക്കളെയാണോ പാറക്കെട്ടുകൾക്കിടയിലെ കരിമൂർഖൻകുഞ്ഞുങ്ങളെയാണോ "
ഇവനെന്തു പറ്റി , സാറു കണ്ണുമിഴിച്ചു .
" ഇന്നു രാത്രി നൂറു മീറ്റർ പൊക്കമുള്ള കുടകൻ പാറക്കു നടുവിലുള്ള മലന്തേൻ ഞാൻ എടുക്കും . എങ്ങനെയെന്നറിയാമോ സാറിന് ?"
"സാറിന്റെ പാഠപുസ്തകത്തിൽ അതൊന്നും ഇല്ലലോ , പിന്നെയെങ്ങനെ അറിയും ?"
" കൊന്നും വെന്നും ഭുവനങ്ങൾ വാണവൻ നിലത്തടിഞ്ഞു പുഴുവിനെ പൊലിഴഞ്ഞപ്പോൾ മനസ്സിലടിഞ്ഞ വികാരങ്ങൾ മഹാഭാരതത്തിൽ ഉണ്ടോ സാറേ "

അവന്റെ കഥയില്ലാത്ത വാക്കുകൾക്കുള്ളിലെ സത്യം എവിടെയെല്ലാമോ നീറ്റൽ ഉളവാക്കുന്നു . ഇപ്പോൾ രാവിരിണ്ടിരിക്കുന്നു , അങ്ങാടിയിലെ കടകളില്ലൊം പെട്രോമാസ്ക്ക് തെളഞ്ഞിരിക്കുന്നു . അരീക്കമലയും ചെമ്പോത്തുംമലയും ചാത്തമലയും പള്ളിമലയും കോട്ടമതിലുകൾപോലെ കുടിയാന്മലക്കു ചുറ്റും ഉയർന്നു നിന്നു . ആകാശത്തെ മഞ്ഞിൽ കുതിർന്ന നക്ഷത്രങ്ങൾക്കൊപ്പം മലകളിൽ ഒറ്റപ്പെട്ട മണ്ണെണ്ണവിളക്കുകൾ മുനിഞ്ഞു കത്തുകയായി. പതിവുപോലെ റാക്കിന്റെ വീര്യത്തിൽ കല്ലുകുഞ്ഞു നീട്ടിപ്പാടുന്നു , മീശ തോമ തീപ്പൊരി പ്രസംഗം കാച്ചുന്നു . ഏതോ വീട്ടിൽനിന്നു പ്രാത്ഥന കേൾക്കുന്നു . എവിടെയെല്ലാമോ നായ്ക്കൾ കുരക്കുന്നു . പിന്നെ രാപ്പാടികളുടെ പാട്ട് ഒഴിവാക്കിയാൽ എല്ലാം നിശബ്ദമായിരുന്നു .


രാവേറെയായിരിക്കുന്നു .
ശങ്കരൻ നായർ സാർ കട്ടിലിൽ കിടന്നു കണ്ണുകളടച്ചു . ദേവിത്തമ്പുരാട്ടി കുറിയണിഞ്ഞു നിറഞ്ഞു ചിരിച്ചുകൊണ്ടേയിരുന്നു . പ്രണയം നിഷ്കളങ്കമായി പകർന്നതിനു ശിക്ഷയായി തമ്പുരാട്ടി ഏഴിമല കൊട്ടാരത്തിൽനിന്നും കുടിയിറക്കപ്പെട്ടു കുടിയാട്ടിമലയിലെത്തി .തെങ്ങിൽ കെട്ടിയിട്ടു വാഴത്തണ്ടു പോലെ വെട്ടിനുറുക്കപ്പെട്ട കുതിരക്കാരൻ ചേന്നന്റെ ജഡം മനസ്സിലിപ്പോഴും മണ്ണുപുരണ്ടു നീറുന്നു . വൈതൽമല കടന്നു തണുത്ത കാറ്റ് കുടിയാട്ടിയ പെണ്ണിൽ നിറഞ്ഞു . പൂക്കളുടെയും പച്ചമരത്തിന്റെയും മണമുള്ള കാറ്റ് .
കിളികളും കാട്ടുജീവികളും അവളെ പാടിയുറക്കി .
അവിടേക്കാണ് മലബാർ എക്സ്പ്രസ് ഇറങ്ങി വളപട്ടണത്തു നിന്നവർ ബോട്ടിൽ കയറിയത് .
അങ്ങിനെ ഇത്താക്ക് ചേട്ടനും കുഞ്ഞേലി ചേട്ടത്തിയും ഒക്കത്തൊരുകൊച്ചും തലമുകളിൽ കപ്പത്തണ്ടുകളും പുറകെ നാലു കുട്ടികളുമായി ചെങ്ങളായിൽ ഇറങ്ങി കുടിയാന്മല കയറ്റം കയറി .
കുടിയാന്മലയുടെ പരിണാമത്തിൽ നിറഞ്ഞുചിരിച്ചു നായർ ഉറക്കത്തിൽ തലയാട്ടി .
//---//---//---/:/------//---------/----//

വിലയിരുത്തലും അവലോകനവും

CHERIAN

CHERIAN 2 വർഷം മുമ്പ്