The girl dissolved in moonlight books and stories free download online pdf in Malayalam

നിലാവിൽ അലിഞ്ഞ പെൺകുട്ടി

തെക്കേമുറി ഉലഹന്നാൻ മരിച്ചു . ഇന്നു വെളുപ്പിനു നാലുമണിക്കാണ് മരിച്ചത് . കോവിഡ് കാരണം വിദേശത്തുള്ള മക്കൾക്കു വരാൻ കഴിയില്ലയെങ്കിലും ശവം കുറെയേറെ കാത്തുകിടന്നു . ഉച്ചതിരിഞ്ഞു ഞാൻ മരണവീട്ടിലേക്കു ഇറങ്ങി


മുറ്റത്തിനു താഴെ ഉണക്ക വാഴകൈയിൽ കാക്കയിരുന്നു , കൊക്കുപിളർത്തി തലചെരിച്ചു വാനത്തു പറക്കുന്ന മേഘങ്ങളെ മരണം അറിയിച്ചു . ഉമ്മറത്തും മുറ്റത്തും ചിതറിച്ചിട്ട കസേരയിൽ ഇരുന്നവർ മരണം മറന്നു എന്തെല്ലാമോ സംസാരിക്കുകയും ശബ്‌ദമടക്കി ചിരിക്കുകയുമായിരുന്നല്ലോ .
"അന്തിയുടെ അന്തി വെളിച്ചത്തിൽ ചെംഞീപോലൊരു മാലാഖ
വിണ്ണിൽനിന്നും മരണത്തിൻ
സന്ദേശവുമായി വന്നെത്തി ---"
സ്‌പീക്കറിൽ മുഴങ്ങിയ പാട്ട് ഒച്ചകൾ ഇല്ലാതാക്കി .
ശവമഞ്ചത്തിനുചുറ്റും ഇരുന്നു കന്യാസ്ത്രീകളും പെണ്ണുങ്ങളും കൊന്ത ചൊല്ലികൊണ്ടേയിരുന്നു .
പൊടുന്നനവെയാണ് ഇടക്കിരുന്ന അവളെ കണ്ടത് .
ചെമ്പകം പൂത്തു വിടർന്നപോലെ . അനുഭൂതികൾ ഹൃദയം എവിടേക്കോ കൊത്തിവലിക്കുന്നു .


പുറത്തേക്കിറങ്ങിയപ്പോൾ തൊടിയിൽ , മാവിൻചുവട്ടിൽ, മനോജിനെ കണ്ടു . അവനോടു ലോഹ്യം പറയാൻ ചെന്നപ്പോൾ തന്ത്രപൂർവം മാറിക്കളഞ്ഞു . ഇപ്പോൾ പഴയ കൂട്ടുകാർ എല്ലാം ഇങ്ങിനെയാണല്ലോ . വേദനയോടെ ഓർത്തു .ഒരു കാർ മുറ്റത്തു നിർത്തി രണ്ടുഅച്ചന്മാർ ഇറങ്ങുന്നതു കണ്ടു . താമസിക്കാതെ അകത്തു ഒപ്പീസു വരികൾ പാറിപറക്കുന്നതു അറിഞ്ഞു . അവളിപ്പോഴും അവിടെയുണ്ടാവുമോ ?.

അവളുടെ നനവൂറുന്ന ചുണ്ടുകൾക്കുമീതെ മിന്നിത്തിളങ്ങി കത്തുന്ന മിഴികൾ മാഞ്ഞുപോകുന്നില്ല . ഇത്രയും കാലം കാത്തിരുന്നത് ഇവൾക്കായി മാത്രമല്ലേ ? . വയസ്സുകാലത്തെ ചപലതയോർത്തു കൊന്നകൾക്കിടയിൽ പാറിയ ചിത്രശലഭം കളിയാക്കി . ഭാര്യയും മക്കളും അറിഞ്ഞാൽ എന്താവും കഥ .

വയറിനുള്ളിൽ കൊത്തിവലിക്കുന്ന വേദന . ഞണ്ടുകൾ പണി തുടങ്ങി കഴിഞ്ഞു . ഈ അസുഖം തുടങ്ങിയപ്പോൾ തന്നെ ജീവിതം ആകെ തകിടം മറിഞ്ഞിരുന്നു . സാമ്പത്തികം മുഴുവൻ തകർന്നടിഞ്ഞു . കൈവിട്ടുപോയ സ്വർഗീയകാലമായിരുന്നു കഴിഞ്ഞകാല ജീവിതം . എത്ര മാത്രം സുഹൃത്തുക്കൾ ഉണ്ടായിരുന്നു . അസുഖം അറിഞ്ഞപ്പോൾ സഹതാപം തുടിച്ചിരുന്ന മുഖങ്ങൾ പിന്നെ അവഗണനയുടെ മുഖങ്ങളായി മാറി . നിരാശയിൽ ഉഴറുമ്പോഴാണ് പ്രണയം പൂക്കുന്ന ആ മിഴികൾ ചുറ്റിപ്പുണർന്നത് . വശ്യമായ പുഞ്ചിരി ഹൃദയത്തിൽ അറിയപ്പെടാത്ത നിർവൃതി വിടർത്തി നിറഞ്ഞു .

എല്ലാവരും കൈവിട്ടപ്പോൾ ഒറ്റപ്പെട്ടവരെയും പീഡിതരെയും തേടുന്നതായി ജീവിതം . അവർക്ക് ആശ്വാസം പകരുന്നതിലൂടെ അവരിൽനിന്നു സന്തോഷം നേടുന്നതിലൂടെ ജീവിതം പുതിയ ചക്രവാകങ്ങൾ തേടുന്നു . അങ്ങിനെയാണ് അമ്മുവമ്മയുടെ അടുത്തു പോകുവാൻ തുടങ്ങിയത് . കുന്നിൻചെരുവിലാണ് അമ്മുവമ്മയുടെ വീട് . കാണുമ്പോൾ തന്നെ അമ്മുവമ്മ പല്ലില്ലാത്ത മോണ വിടർത്തി വലിയ തുള വീണ കാതിളക്കി വിടർന്നു ചിരിക്കും . പിന്നെ പണികഴിഞ്ഞു റാക്ക് കുടിച്ചെത്തുന്ന മോൻ പറയുന്ന കുത്തുവാക്കുകൾ തികട്ടി കരയും .


അന്നു അമ്മുവമ്മ, തുരുമ്പു പിടിച്ച ജനൽകമ്പികൾക്കിടയിലൂടെ താഴെ , പുഴക്കുമീതെ പാറുന്ന നീലകിളികളെ നോക്കി ചിരിക്കുകയായിരുന്നു . അരികിൽ ആരുടേയോ വിടർന്നു ചുരുണ്ട നനുത്ത മുടിയിഴകൾ പാറികളിക്കുന്നു .
"അമ്മുവമ്മേ "
ഉറക്കെ വിളിച്ചുകൊണ്ട് അകത്തുകയറി .
അമ്മുവമ്മക്കു പിറകിൽ നിലാവു പോലെ ആ പെൺകുട്ടി . മഞ്ഞിൽ കുതിർന്ന പുഞ്ചിരിയോടെ കാന്തം ഒളിപ്പിച്ചിരുന്ന അവളുടെ മിഴികൾ വിടർന്നു . പൊടുന്നനവെ അവൾ പുറത്തേക്കിറങ്ങി മറഞ്ഞു .
"ആരാ അതു അമ്മുവമ്മേ "
"അറിയില്ല മോനേ . ഒരു ദേവിയാന്നു തോന്നുന്നു .
ഇതു കണ്ടോ നീയ്യ് "
അവർ മുണ്ടു പൊക്കി കാണിച്ചു . കാലിലെ വ്രണമെല്ലാം കഴുകി മരുന്നിട്ടിരിക്കുന്നു .
"എല്ലാം ആ മോളടെ ദയവ് "

ഒരു ദിവസം ഞാൻ പണിയ കോളനിയിൽ പോയി . വെളുക്കൻമൂപ്പൻ തളർന്നു കിടക്കുകയാണ് . അയാളെ ഒന്നു കാണണം .
പഴയ നക്സൽ ആക്രമണ കേസിൽ പ്രതിയായിരുന്നു . പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ . ഏതോ ഒരു ചൈതന്യം ആ കുടിലിൽ നിറഞ്ഞു നിൽക്കുന്നു . എവിടെനിന്നോ ഒരു സുഗന്ധം പറന്നെത്തി അവിടെ നിറഞ്ഞുനിന്നു . ഓ , അതെല്ലാം അടുത്ത മുറിയിൽനിന്നായിരുന്നു . അവിടെ പ്രകാശം പരത്തുന്ന പുഞ്ചിരിയുമായി ആ പെൺകുട്ടി ഉണ്ടായിരുന്നു . പഴയ, ഫ്രെയിം ഇട്ട ഒരു ഫോട്ടോ തുണി നനച്ചു തുടക്കുകയായിരുന്നു അവൾ . ഇടയിൽ ഏതോ ഒരു പാട്ടു മൂളുന്നുണ്ടായിരുന്നു .
"നിന്റെ പേരെന്താ കുട്ടിയേ "
അവൾ അമ്പരപ്പോടെ തല പൊക്കി നോക്കി .പിന്നെ നനുത്ത ചിരിയോടെ മുറിവിട്ട്, വീടുവിട്ട് , കോളനിവിട്ട് ദൂരെ ദൂരോട്ടു മറഞ്ഞു .
അവൾ തുടച്ചിരുന്ന ഫോട്ടോ നോക്കി .
സഖാവ്‌ വര്‍ഗീസിന്റെ ഫോട്ടോ ആയിരുന്നു ! പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ .
"ഇവൾ മാവോയിസ്റ്റ് ആണല്ലേ "
വെളുക്കൻ വക്രിച്ച ചുണ്ടുകൾ കോട്ടി ചിരിച്ചു .

പിറ്റേദിവസം രാവിലെ തന്നെ ശരീരം മുഴുവൻ സഹിക്കാൻ വയ്യാത്ത വേദനയായിരുന്നു . രാത്രി ഉറക്കം തീരെ ശരിയായില്ല . കാലും കൈയും
മരവിച്ചു .കാലു മടക്കാനോ ശരീരം തിരിക്കാനോ സാധിച്ചില്ല . വെളുപ്പിനെ ഛർദ്ദിച്ചിരുന്നു . എഴുന്നേറ്റു നിൽക്കാൻ സാധിക്കുന്നില്ല. ആശുപത്രിയിൽ പോകാമെന്നു പറഞ്ഞു ദേവിയും മക്കളും ബഹളമായിരുന്നു . പോയിട്ടെന്തു കാര്യം . കുറേ കാശു കളയാമെന്നു മാത്രം . ഇവിടെ കിടന്ന് സ്വസ്ഥമായി മരിക്കാം .

എന്നും പുതിയ ദിവസത്തിന്റെ തുടിപ്പായി, കിടക്കയിൽ കിടന്നു കാണുന്ന, പുളിമരത്തിലെ മൈനകളെ ഇന്നു കണ്ടില്ല . മരക്കൊമ്പുകളിൽ കൊക്കുരസി പരസ്പരം ചിറകുകൾ വീശി വീശി അവ ആകാശത്തു നിന്നു പുതിയ ദിവസത്തെ വിരിയിച്ചെടുക്കുന്നു . വെയിലിന്റെ തുണ്ടുകളെ ചില്ലകളിൽ വിരിച്ചു കത്തിച്ചുകൊണ്ടേയിരിക്കുന്നു . വെയിൽക്കീറുകൾ തളർന്നു വർണ്ണമേഘങ്ങളിലൂടെ ഒഴുകി ഒഴുകി ഇരുളിളലിയുകയായി . ഇന്നൊന്നും കാണാനില്ല . നേർത്ത മഞ്ഞിന്റെ തിരശീല മാത്രം .

ഇപ്പോൾ മെല്ലെ മെല്ലെ നിലാവ് ഒഴുകി നിറഞ്ഞിരിക്കുകയാണ്‌ . നീലമലയുടെ താഴെ മരത്തലപ്പുകൾ നിലാകടലിൽ കരിംഭൂതങ്ങളായി ഇളകുന്നു . മീതെ രണ്ടു വെള്ളിച്ചിറകുകൾ വീശീ വീശീ ഇറങ്ങുകയായി . നടുവിൽ അവളും . വശ്യമായ പുഞ്ചിരി അവിടെയാകെ നിറഞ്ഞിരിക്കുന്നു . നനുത്ത മെലിഞ്ഞു നീണ്ട കൈകൾ വിടർത്തി അവൾ വിളിച്ചു . ഒരു പഞ്ഞി തുണ്ടുപോലെ നിലാവിലലിഞ്ഞു ഞാൻ മെല്ലെ മെല്ലെ പറക്കുകയായി .

പങ്കിട്ടു

NEW REALESED