Moonlight of love books and stories free download online pdf in Malayalam

പ്രണയനിലാവുകൾ


പ്രണയനിലാവുകൾ

കൈകുമ്പിളിൽ മുഖം ചേർത്തു നേർത്ത ചുണ്ടുകൾ വിടർത്തി അവൾ നിറഞ്ഞു ചിരിച്ചു . കോഫിഹൗസിലെ മേശക്കു മീതേ തിളങ്ങുന്ന കണ്ണുകളിൽ പ്രണയനിലാവൊഴുക്കി അവൾ ചെമ്പകപ്പൂപോൽ വിടർന്നു . അലൗകികമായ അനുഭൂതിയാൽ അവളുടെ കണ്ണുകളിൽ ,തുടുത്ത കവിളുകളിൽ ,റോസ്അധരങ്ങളിൽ അവൻ പകർന്നുകൊണ്ടേയിരുന്നു .

"സമയം മെനക്കെടുത്താതെ എന്തെങ്കിലും പറയൂ "

വെയിറ്ററുടെ അക്ഷമത കലർന്ന വാക്കുകൾ അനുഭൂതികളെ മുറിച്ചു . എന്താ പറയുക , അവളുടെ കണ്ണുകളിലേക്കു നോക്കി .

"പതുക്കെ ആലോചിച്ചു തീരുമാനിക്ക് . വേറെ പണിയുണ്ട് "

വെയ്റ്റർ രംഗം വിട്ടു . കോഫിഹൗസില്‍ മിക്കവാറും മെഡിക്കോസ് തന്നെ . ശരത്തും സംഘവും ആണ്‌ അടുത്ത ടേബിളിൽ . അതിനപ്പുറം പ്രിയയും അനാജും .

"ഇൻക്വിലാബ് സിന്ദാബാദ് " പൊടുന്നനവെ മുദ്രാവാക്യം പൊട്ടി വീണു .

"ഇന്ത്യൻ കോഫിഹൗസിന്റെ ഉദാസീനത അവസാനിപ്പിക്കുക . എല്ലാവരെയും തുല്യരായി കണക്കാക്കുക "

മോർച്ചറി കാവൽക്കാരൻ രമണനാണ് . മൂപ്പർ സാധാരണ പോലെ പൂസായിരിക്കും .

എന്തോ ശൂന്യത ഉള്ളിൽ മുളയിട്ടു .

"നമുക്കു പോകാം ?" അവളോട് ചോദിച്ചു .

അയാളും ആരതിയും വാകമരങ്ങളുടെ ചോട്ടിലൂടെ നടന്നു .മരച്ചില്ലകളിൽ ചേക്കാറാനെത്തിയ കാക്കകൾ നിരത്തിൽ കാഷ്ഠിച്ചു നിറക്കുന്നു .

" രാഹുൽ, അനാട്ടമി ക്ലാസ്സിൽ നീ ഇരുന്നു സ്വപ്നം കാണുന്നതു കണ്ടല്ലോ ?"

രാഹുൽ ഗൗരവത്തോടെ പ്രതികരിച്ചു .

"ഞാൻ ചിന്തിക്കുകയായിരുന്നു ആതിരേ , അവയവങ്ങളെ കുറിച്ചും അതു ചേരുന്ന ജീവിതത്തെ കുറിച്ചും പിന്നെ പ്രണയത്തെ കുറിച്ചു എല്ലാം നിറയുന്ന കാലത്തെയും മരണത്തെയും കുറിച്ച് "

ആതിര അയാളുടെ മിഴികളിൽ തന്നെ നോക്കി നടന്നു . വിമെൻസ് ഹോസ്റ്റലും മദർ ആൻഡ് ചൈൽഡ് സെക്‌ഷനും കഴിഞ്ഞു കയറ്റം കയറി മെഡിക്കൽകോളേജ് ക്യാമ്പസിന്റെ അറ്റത്തെത്തി .

പുൽമേടിനു മുകളിൽ അനേകം തുമ്പികൾ പാറി നിറഞ്ഞിരുന്നു . രാഹുൽ ചെറിയ ഒരു പാറയിലിരുന്നു ആതിര അവന്റെ മടിയിൽ കിടന്നു .

അവളുടെ മെലിഞ്ഞ കൈകളിൽ തലോടി അവൻ ചോദിച്ചു ."നമ്മുടെ പ്രണയം കാലങ്ങൾക്കപ്പുറം

കാത്തിരിക്കുകയായിരുന്നു ,അല്ലേ , ആതിരേ ". അവൾ കണ്ണുകൾ വിടർത്തി നോക്കി .

"കാലങ്ങൾക്കപ്പുറം എന്നെ തനിച്ചാക്കി അവരെല്ലാം ഫ്ലാറ്റുപൂട്ടി പോയി . മൊബൈലിൽ ഗെയിം കളിച്ചും കളിപ്പാട്ടങ്ങൾ ഉരുട്ടിയും ഞാൻ സമയം കൊന്നു .ചുവരിന്റെ മൂലയിൽ വലനെയ്യുന്ന ചിലന്തിയെയും മടുത്തു ഏകാന്തതയുടെ തുരുത്തിൽ പിടയവേ വെന്റിലേറ്ററിലൂടെ കടന്നുവന്ന പോക്കുവെയിലിൽ പ്രണയം ഉണ്ടായിരുന്നു , ആതിരേ "

"രാഹുൽ "അവൾ മെല്ലെ വിളിച്ചു . അവൻ കണ്ണുകളുയർത്തി നോക്കി .

"നിനക്കു വട്ടുണ്ടോടാ "

" ഫ്രണ്ട്‌സ് റോമൻസ് കണ്‍ട്രിമെൻ ലെൻഡ് മീ യുവർ ഇയേഴ്സ് "

എന്താണു ബഹളം . നമ്മുടെ രമണനാണ് . പുല്ലിൽ കുത്തിയിരുന്നു തുമ്പികളോട് അയാൾ പ്രസംഗിക്കുന്നു . ഇയാൾ ഇവിടെയും എത്തിയോ ?

പാറിയെത്തിയ ഒരു കരികിലാക്കിളിയുടെ കൊക്കിൽ

നെൽക്കതിരുകൾ ഉണ്ടായിരുന്നു . മായനാട് ഇപ്പോഴും വയലുണ്ടാവുമോ ?. താഴത്തെ നിരത്തിലൂടെ കാരന്തുർക്കു പോകുന്ന വണ്ടികൾ ചുമച്ചും തുപ്പിയും പ്രസംഗം കേട്ടു . രമണൻ തല ഇളക്കി കുലുക്കിയും കൈകാലുകൾ ചിതറിച്ചും പ്രസംഗിച്ചുകൊണ്ടേയിരുന്നു . പൊടുന്നനവെ അയാൾ അവരെ കണ്ടു . അയാൾ ഏഴുന്നേറ്റു വേയ്ക്കുന്ന കാലുകളോടെ അരികിലെത്തി .

" മോർച്ചറിയിലെ ശവങ്ങളോട് സംസാരിച്ചും മദ്യപിച്ചും മടുത്തുകഴിഞ്ഞാൽ ഞാൻ ഇവിടെയെത്തും . സാറെന്താ ഇവിടെ "

പ്രതികരിക്കാതിരുന്നപ്പോൾ അയാൾ ഒഴിവായി .

"എനിക്കു മാത്രമല്ല , എല്ലാവർക്കും എപ്പോഴെങ്കിലും വട്ടായിരിക്കും , ആതിരേ . നിനക്കറിയുമോ എനിക്കിപ്പോൾ ഹൗസ്‌സർജൻസറിയുടെ ഡ്യൂട്ടി പതിനെട്ടാം വാർഡിൽ ആണ്‌ . അവിടെ മരണം ഈയാംപാറ്റകളെപോലെ പൊഴിഞ്ഞു വീഴുന്നു . മഹാമാരിമേയുന്ന ശരീരങ്ങൾ മരണത്തിന്റെ മണിമുഴക്കം കാതോർത്തു ഞരങ്ങുന്നു . കട്ടപിടിച്ച മൗനവും രോദനവും ആണ്‌ വാർഡിൽ മുഴുവൻ . പാലക്കാട്ടുകാരൻ കൃഷ്ണൻകുട്ടി മാത്രം പൊട്ടിച്ചിരിക്കുന്നു , തമാശുകൾ പൊട്ടിക്കുന്നു . അപാരതയിലെ കൊച്ചു നക്ഷത്രം പൊലെ . ഒരു ദിവസം തന്നെ പത്തിരുപതുമരണമുണ്ടാവും . അതു കുറിച്ചുവെക്കുക മാത്രമായി എന്റെ പണി . വൈകിട്ടു ഇറങ്ങുമ്പോൾ മദർ ആൻഡ് ചൈൽഡ്നു മുൻപിൽ പിറന്ന കുരുന്നുകളുടെ രോദനം കേൾക്കാം . ആദ്യമായി പ്രപഞ്ചമറിഞ്ഞ വേദന . പ്രപഞ്ചം വിടുന്നതിനേക്കാൾ ഭീകരമാണത് .

പൊട്ടിച്ചിരി കേട്ടു നോക്കി . രമണൻ ! , അയാൾ വീണ്ടും അരികിൽ വന്നിരിക്കുന്നു .

" അതു വല്ലാത്ത കാഴ്ചപ്പാടായി സാറേ . നോക്കൂ ഇന്നലെ രാത്രി ഒരുമണിയായി കാണും . ഞാൻ മോർച്ചറി വരാന്തയിൽ ഉറങ്ങുകയായിരുന്നു , ആരോ തട്ടിവിളിച്ചപോലെ ഉണർന്നപ്പോൾ ചുറ്റും കുറുക്കന്മാർ ഓരിയിടുന്നു . അത്ഭുതം ! മോർച്ചറി വാതിൽ തുറന്നു കിടക്കുന്നു . പി പി കിറ്റിട്ടു പ്ലാസ്റ്റിക്കുബാഗിൽ പൊതിഞ്ഞ ശവങ്ങൾ വരിവരിയായി കടന്നുവന്നു . ഒപ്പം കരളിൽ കത്തികയറിയവനും മണ്ണണ്ണെയൊഴിച്ചു ശരീരം മുഴുവൻ കരിച്ചവളും മുലകീറി യോനിപിളർത്തി കൊന്നവളും എത്തി . അവർ വരാന്തയും മുറ്റവും എല്ലാം പടർന്നുകയറി നർത്തനം ആടിത്തുടങ്ങി ."

"രമണാ പ്ലീസ് ,ശല്യപ്പെടുത്തരുത് "

രമണൻ തലകുനിച്ചു മടങ്ങി .

പുല്ലുകളിലെ മങ്ങിയ സൂര്യനാമ്പുകൾ ഇരുളിഴകളിൽ അലിഞ്ഞുതീരുന്നു .

"ഞാൻ നിനക്കെന്റെ പ്രണയം പകരുന്നു "

ആതിരയുടെ തുടുത്ത ചുണ്ടുകളിൽ ചുണ്ടു ചേർത്തു മെല്ലെ പറഞ്ഞു .

ഇക്കിളിപ്പെട്ടു നേർത്ത മണിക്കിലിക്കം പോൽ അവൾ ചിരിച്ചു .

"കാലങ്ങളിക്കിപ്പുറം നമ്മുടെ പ്രണയം എന്റെ കുട്ടികൾക്കും നിന്റെ കുട്ടികൾക്കും ഇടയിലൂടെ ശൂന്യവും നിർജ്ജീവവും വിരസവുമായ തലങ്ങളിൽ അലഞ്ഞുത്തിരിയും .

നിലാവിന്റെ നേർത്ത അലകൾ പുൽമേട്ടിൽ പടർന്നുകയറി .

മണിക്കിലുക്കം പോൽ ചിരി പതഞ്ഞു .

ഷർട്ടിനുള്ളിലൂടെ കൈയിട്ടു മാറിൽ തലോടി അവൾ പറഞ്ഞു ,

"എന്റെ പ്രണയം എന്റെ വട്ടന് "

---//000//---

ചെറിയാൻ കെ ജോസഫ്

Sent from my iPhone

പങ്കിട്ടു

NEW REALESED