Read THE SEVENTH SEAL by CHERIAN in Malayalam ആത്മീയ കഥ | മാതൃഭാരതി

ഏഴാം മുദ്ര
ഏഴാം മുദ്ര

രാത്രി മുഴുവൻ രാപ്പാടികൾ പാടിക്കൊണ്ടേയിരുന്നു .

പുഴ പാറകളിൽ തട്ടി ചിതറുന്ന താളവും , തുടിച്ചൊഴുകുന്ന ഇരമ്പലുകളും മരത്തലപ്പുകളിൽ ഊയലാടി കൈതപ്പൂ ഗന്ധവുമായി ജനല്‍പാളികളിൽ തട്ടുന്ന കാറ്റും അതിനു സംഗീതമായി . കോഴി കൂവിയപ്പോൾ തന്നെ കിഴക്കേമാനത്തു ചുവപ്പു പകർന്നു തുടങ്ങിയതു കണ്ട് യോഹന്നാൻ നടന്നു .

വലതു കാൽ കടലിലും ഇടതു കാൽ കരയിലും ഉറപ്പിച്ചു ദൈവദൂതൻ നിന്നു . കൈക്കുള്ളിൽ ഭംഗിയുള്ള ചുരുളുകൾ ഒതുക്കി അവൻ ചിരിച്ചു . അവന്റെ ശിരസ്സിനെ ചുറ്റി മഴവില്ലു പ്രശോഭിച്ചു തിളങ്ങി . മുഖത്തെ സൂര്യബിംബത്തിന്റെ ചൈതന്യത്താൽ യോഹന്നാന്റെ കണ്ണുകൾ ചിമ്മിയടഞ്ഞു . അഗ്നിസ്തംഭം പോൽ കത്തിയ കാലുകൾക്കു മുൻപിൽ തലകുമ്പിട്ട അവനു ചുരുളുകൾ നൽകപ്പെട്ടു . ചുരുൾ വിഴുങ്ങിയ അവൻ അധരത്തിൽ അനിർവചനീയമായ മധുരവും ഉദരത്തിൽ കൊടിയ കയ്പ്പും അറിഞ്ഞു .

എവിടെനിന്നു എങ്ങോട്ടു വീശുന്നുവെന്നറിയാത്ത കാറ്റ് മലകൾക്കിടയിലൂടെ ചിതറി ചെരുവിലെ പുൽമേടുകളിൽ പതറി നടന്നു . ജനവാസമുണ്ടന്നുതോന്നാത്ത വനഭൂവിൽ ഒരു കുടിലിൽ മണ്ണണ്ണെവിളക്കു മുനിഞ്ഞു കത്തുന്നു .അവിടെ ഒരു പെൺകുട്ടി മങ്ങിയ വെളിച്ചത്തിൽ അപ്പം ചുടുന്നു . അപ്പം വെന്തു മലർന്നപ്പോൾ മുറിക്കുള്ളിൽ നിലക്കാത്ത ചുമയും

തുടങ്ങി . ഞരക്കങ്ങളിൽ ശാന്തമാവാത്ത നെഞ്ചു തലോടാൻ പെൺകുട്ടി എത്തി . വർഷങ്ങളായി അയാൾ കട്ടിലിൽ തന്നെ തളർന്നു കിടക്കുകയാണു . ചൂഷണത്തിനെതിരായി സത്യത്തിനുവേണ്ടി അയാൾ ഭരണകൂടത്തിനോടു പോരാടി . പോലീസിന്റെ കൊടിയ പീഡനത്തിൽ അയാളുടെ കൈയും കാലും തകർക്കപ്പെട്ടു .

കുഞ്ഞാട് ഏഴാംമുദ്രയിൽ ഒന്നു തുറന്നപ്പോൾ ഇടിനാദം പോൽ ശബ്ദം മുഴങ്ങി . വരിക എന്നു ഗർജ്ജിച്ചപ്പോൾ വെള്ളക്കുതിരയിൽ വില്ലുമായി വന്നവൻ മലകളിലെല്ലാം ജൈത്രയാത്ര തുടങ്ങി . മലയുടെ ഉച്ചിയിൽനിന്നു ഏങ്ങികരഞ്ഞ പെൺകുട്ടിയുടെ മിഴിനീരുകൾ താഴെ അഗാധതയിൽ ഇരുളിൽ അലിഞ്ഞേ തീർന്നു .

ഇരുളിനു മീതേ ഒരു സപ്തവർണ്ണക്കിളി ചിറകടിച്ചുയർന്നു .

" കുട്ടീ നീ എന്തിനാണ് കരയുന്നത് ?"

വെള്ളക്കുതിരക്കാരൻ അലിവോടെ ചോദിച്ചു .

"ഇതാ , അഞ്ചാംമുദ്രയും തുറന്നു കഴിഞ്ഞു "

അവൻ ആശ്വസിപ്പിച്ചു .

ഗാഗുൽത്തായിൽ തുടങ്ങി ഭൂമി മുഴുവൻ വീണ കറവീഴാത്ത രക്തങ്ങൾ പ്രതികാരത്തിനായി ഉണർന്നു കഴിഞ്ഞു . ക്ഷമയുടെ കാലം രണ്ടാമത്തെ മുദ്ര തുറന്നപ്പോൾ തന്നെ കഴിഞ്ഞുവല്ലോ . അട്ടപ്പാടിയിൽ അരി കട്ടതിനു കൊല്ലപ്പെട്ട ജോഗിയും അവർക്കെല്ലാം വേണ്ടി പോരാടി അട്ടപ്പാടിയിലും വയനാട്ടിലും വെടിയേറ്റു മരിച്ചവരും ഉത്തരേന്ത്യയിലെ ദലിതരും

ആഫ്രിക്കയിലെ കറുത്തവരും ലാറ്റിനമേരിക്കയിലെ തൊഴിലാളികളും ഉത്തരകൊറിയയിൽ കമ്മ്യൂണിസ്റ്റു രാജാവിന്റെ ഉരുക്കുമുഷ്ടിയിൽ പിടഞ്ഞവരും ആ രക്തത്തിൽ കലർന്നു കഴിഞ്ഞു .

ഈ എളിയവരുടെ രക്തം കുഞ്ഞാടിൽ കലർന്നു മിന്നൽപ്പിണറുകളായി ഭൂമിയിൽ കത്തിപ്പിടയുന്നു .

നാലാം മുദ്രയും തുറന്നുകഴിഞ്ഞു . ഇതാ , വിളറിയ ഒരു കുതിര . അതിനു പുറത്തിരിക്കുന്നവനു മരണം എന്നു പേര് . പാതാളം അവനെ പിന്തുടരുന്നു . വാളുകൊണ്ടും പകർച്ചവ്യാധികൊണ്ടും ക്ഷാമംകൊണ്ടും സംഹാരം നടത്തുവാൻ ഭൂമിക്കുമേൽ അവർക്കു അധികാരം ലഭിച്ചു .

അപ്പോൾ , സക്കേവൂസ് പല്ലുകൾ ബാൽക്കണിയുടെ അലൂമിനിയം റെയ്ൽസിൽ ഉരുമ്മി ചുമ്മാ ചുമ്മാ വെയിൽ നോക്കി ഫ്ലാറ്റിൽ ഇരുന്നു . വെയിൽ ചുറ്റിപ്പിടിച്ച നിരത്തിലൂടെ മാസ്ക് ധരിച്ചവർ തിരക്കിട്ടു പായുന്നു . ബസുകൾ കുറവാണ് പക്ഷെ ധാരാളം കാറുകൾ ഓടുന്നു .

വെയിലിന്റെ ഇഴകളിൽ ഊളിയിട്ട സക്കേവൂസ് പണ്ടത്തെ പിച്ചകുട്ടിയായി മാറി . അപ്പൻ എടുത്തുയർത്തിയപ്പോൾ അവൻ മേഘങ്ങളുടെ വാത്സല്യം അറിഞ്ഞു . അപ്പന്റെ താടിയിലെ കുറ്റിരോമങ്ങൾ കവിളിലും കഴുത്തിലും വയറിലും ഇക്കിളി ഉണർത്തി മേഘങ്ങളുടെ ചുവപ്പിൽ പതഞ്ഞു . മരക്കൊമ്പുകൾക്കിടയിലൂടെ വർണ്ണങ്ങളൂറി തെളിഞ്ഞ വെള്ളിമാനത്ത് ജീവിതം തുടങ്ങുകയായി .

മുറ്റത്തു കൊത്തുകൂടിയ പൂവങ്കോഴിക്ക് പുറകെ സക്കേവൂസ് ഓടി . പുളിമരത്തിൽ നിന്നുചാടിയ അണ്ണാറക്കണ്ണൻ ഒരു നിമിഷം നിശബ്‌ദമായി ശ്രദ്ധിച്ചു . പൂവാലിപ്പശു വാലുകൊണ്ട് ഈച്ചയാട്ടി കച്ചിത്തുറുവിന്റെ ചുവട്ടിൽ അയവെട്ടി കോഴിയെനോക്കി . അപ്പോൾ സക്കേവൂസ് പേടിയോടെ വള്ളിനിക്കർ കൂട്ടിപ്പിടിച്ചു നോക്കി . വാഴക്കൂട്ടത്തിനിടയിൽ മൂർഖൻ ഫത്തി വിടർത്തുന്നു .വാഴയിൽ ഉണ്ടായിരുന്ന അടക്കാക്കിളികൾ വെയിലേക്കു പറന്നു . സക്കേവൂസ് വെയിലേറ്റു വളരുകയായിരുന്നു .

ഹാഷിസ്ഓയിലുമായി വണ്ടി ഇതുവരെ എത്തിയില്ല . വരാതിരിക്കില്ല , വഴികളെല്ലാം ലക്ഷങ്ങൾ മുടക്കി ക്ലിയർ ആക്കിയതാണ് . മടുത്തു ,

മയക്കുമരുന്നു കച്ചവടത്തിലൂടെ കുമിഞ്ഞുകൂടുന്ന പണം . ലഹരി നുണഞ്ഞു ക്ലബുകളിൽ പാറിപ്പറക്കുന്ന ഭാര്യ . ഓൺലൈൻ ക്ലാസിനു മുൻപിൽ ചതഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന കുട്ടികൾ . എം എൽ എ പദവി . എല്ലാം എല്ലാം ഇപ്പോൾ മടുത്തിരിക്കുന്നു . സക്കേവൂസ് ഇപ്പോൾ രതിയെ കുറിച്ചാലോചിച്ചു . അവസാനം നിർമ്മിച്ച ചിത്രത്തിലെ നായികയാണ് രതി . വടിവൊത്ത അവളുടെ ശരീരത്തിനു സ്കോച്ചിനെക്കാൾ ലഹരിയായിരുന്നു . മഹാമാരി കാരണം ഷൂട്ടിങ്ങ് നിർത്തിവെച്ചു . അവളെ വിളിച്ചിട്ടും എടുക്കുന്നില്ല .

അവളുണ്ടായിരുന്നെങ്കിൽ ഈ ബോറിൽ നിന്നും ഒരു മോചനം ആയിരുന്നേനെ .

മൂന്നാം മുദ്രയും തുറന്നല്ലോ . കറുത്ത കുതിരയുടെ പുറത്തു ത്രാസുമായി ഇരുന്നവൻ പാതയിലെ തിളക്കുന്ന വെയിലൂടെ കടന്നു വന്നു .

ജീവികളുടെ മധ്യത്തിൽ നിന്നു മുഴങ്ങുന്ന ശബ്‌ദം കേട്ടു .

"ഒരു ദനാറക്കു ഇടങ്ങഴി ഗോതമ്പ് , ഒരു ദനാറക്കു രണ്ടിടങ്ങഴി ബാർലി . എണ്ണയും വീഞ്ഞും നശിപ്പിച്ചു കളയരുത് "

അപ്പന്റെ നെഞ്ചിൽ നിന്നും ഇന്നുവരെയുള്ള സക്കേവൂസിന്റെ ജീവിതം കടിഞ്ഞാണില്ലാതെ കുതിച്ചുപാഞ്ഞു . അതിന്റെ തിക്കിലും തിരക്കിലും തിരുവിലും സഹിക്കാനാവാതെ സക്കേവൂസ് റയിലിൽ തലമുട്ടിച്ചു പൊട്ടിക്കരഞ്ഞു .

ഇടിമുഴക്കം പോലുള്ള കുഞ്ഞാടിന്റെ ശബ്‌ദം കുളിർക്കാറ്റുപോൽ വീശിയടിച്ചു .

" സക്കേവൂസ് , സക്കേവൂസ് ഇറങ്ങി വരിക "

കൊടുംക്കാറ്റുപോലെ ഫ്ലാറ്റിന്റെ പടവുകൾ സക്കേവൂസ് ചാടിയിറങ്ങി .

പരസ്പരം കണ്ണികോർത്തതും സ്വതന്ത്രവുമായ ജീവകണികകൾ തീർത്ത പുഴ ഒഴുകികൊണ്ടേയിരുന്നു . ഔന്നത്യത്തിൽ തുടിച്ചുയർന്നും താഴ്ചയിൽ തകർന്നടിഞ്ഞും

സംക്രമണ പ്രക്രിയയിൽ ജീവബിന്ദുക്കൾ കറങ്ങിക്കൊണ്ടേയിരുന്നു . സംതൃപ്തിയുടെ പൊട്ടിച്ചിരികളും തീവ്രവേദനയുടെ രോദനങ്ങളും അതിൽ നുരയിട്ടു . പ്രത്ര്യാശയുടെ പുഞ്ചിരിയും നിരാശയുടെ നെടുവീർപ്പുകളും അതിൽ പതയിട്ടു .

ചിലമ്പിച്ച നിമിഷങ്ങളിൽ അവൻ ആറാം മുദ്രയും വലിയ ഭൂകമ്പത്തോടെ തുറന്നു . സൂര്യൻ കരിമ്പടം പോലെ കറുത്തു . ചന്ദ്രൻ രക്തത്തിൽ നിറഞ്ഞു . കൊടുംകാറ്റിൽ മരത്തിൽനിന്നു പൊഴിയുന്ന നക്ഷത്രങ്ങൾ താഴേക്കു പതിച്ചു .ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ മറഞ്ഞു . മലകളും ദീപുകളും സ്ഥാനം തെറ്റി മാറിയതും കണ്ട മനുഷ്യർ വിറളി പിടിച്ചോടി മലകളോടും പാറകളോടും യാചിച്ചു .

" ഞങ്ങളെ വന്നു മൂടുവിൻ . കുഞ്ഞാടിന്റെ ക്രോധത്തിൽ നിന്നും ഞങ്ങളെ മറക്കുവിൻ "

അവസാനം , യുഗാന്തരങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഏഴാം മുദ്രയും തുറന്നു . അപ്പോൾ അരമണിക്കൂറോളം പ്രപഞ്ചവും പ്രപഞ്ചത്തിനപ്പുറം അനാദിയും സ്വർഗ്ഗവും നിശ്ശബ്ദമായി . ഇടിമുഴക്കങ്ങളും മിന്നൽപ്പിണറുകളും അഗ്നിയും ഭൂമിയുടെ ഞരമ്പുകളിൽ കത്തിപ്പടർന്നു .

Sent from my iPhone

വിലയിരുത്തലും അവലോകനവും

അവലോകനം എഴുതുന്ന ആദ്യത്തെയാളാകൂ