അന്തരം
പിരാന്തൻ അന്തോണി അതിരാവിലെ ഉണർന്ന് കിഴക്കൻ മലമുകളിലേക്ക് നോക്കി . ക്ലാവർ ആകൃതിയിൽ മേഘങ്ങളെ പുണർന്ന മലമുകളിലെ മരത്തെ അയാൾ നോക്കിയിരുന്നു .അതിലിപ്പോൾ
ചെംന്തീ കത്തിപ്പടരും . പിന്നെ ചുവന്നുതുടുത്ത മാനം കാണാൻ നല്ല രസമായിരിക്കും . ഓർക്കുമ്പോൾ ചിരി അടക്കാനാവുന്നില്ല .
"വെറുതെ ചിരിക്കാതെടാ അന്തോണി "
കൊയിലടിയുടെ കടത്തിണ്ണയിൽ നിന്നും ഷെവലിയാരാണ് . അയാൾ രാവിലെ ഉണർന്നു പുഴയിൽ പോയി വന്ന് ഭാണ്ഡത്തിൽ നിന്നും വെള്ളയായിരുന്ന ഷർട്ടിട്ടു വെള്ളയായിരുന്ന പാന്റ് വലിച്ചുകയറ്റി ഇൻസൈഡ് ആക്കി . അയാൾ എന്നും വേഷം മാറി പള്ളിയിൽ പോയി അൾത്താരക്ക് തിരിഞ്ഞു നിന്ന് പെണ്ണുങ്ങളുടെ വശത്തേക്ക് നോക്കി കുർബാന കൂടും.
കഴിഞ്ഞ ദിവസം ഉച്ചക്ക് കോളേജ് വിട്ട് പൊട്ടൻപിലാവിന് പോകുകയായിരുന്ന പെൺകുട്ടികൾക്ക് പിറകെ അയാളും കൂടി .കുട്ടികൾ പേടിച്ചോടി വഴിയിൽ കണ്ട പോലീസുകാരനോട് വിവരം പറഞ്ഞു . പോലീസ് പൊക്കിയപ്പോൾ നട്ടുച്ചക്ക് ഒരു ഈവെനിംഗ് വാക്കിനുള്ള സാദ്ധ്യത അയാൾ കാണിച്ചുകൊടുത്തു . പോലീസ് അയാളുടെ പുറത്തു മറുപടിയും കാണിച്ചു .
അന്തോണി തന്റെ കടത്തിണ്ണയിൽ ഒരു പാറ്റയും പല്ലിയും ഓന്തും സംസാരിക്കുന്നതു കണ്ടു . ശരിയാവില്ല ,തിണ്ണ മാറണം .
ഏതു തിണ്ണയിലേക്കാണ് മാറുക ? എല്ലായിടത്തും ആളായി . അബുള്ളയുടെ പീടികയിലാണ് കൗസു . അവളെ കുറച്ചുനാളായി കണ്ടിട്ട് . പണ്ടിവിടെ,പീടികത്തിണ്ണ കിടപ്പുകാരിയായി കൗസു മാത്രമേയുണ്ടായിരുന്നുള്ളൂ .കൂടെ ചൊറിപിടിച്ച കൊച്ചും .അന്ന് വൈതലിൽ പോയി മരം വെട്ടി വരുമ്പോഴും കാട്ടിറച്ചി ഉണക്കികൊണ്ടുവരുമ്പോഴും അവളെ കാണും . കൊച്ചറയിൽ കുഞ്ഞേപ്പിന്റെ പറമ്പിൽ പണിക്കാരിയായിരുന്നു .വയറുവീർത്തപ്പോൾ കുഞ്ഞേപ്പ് കൈമലർത്തി .പ്രസവിച്ചപ്പോൾ വീട്ടുകാരും.
അങ്ങനെ അവൾ തെരുവിലായി .
അന്ന് കാലം വെറുതെ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലെപ്പോഴോ ചാക്കോ നെഞ്ചിൽ കത്തി കയറി മരിച്ചു . വൈതലിലെ അഴുകിയ ഇലകൾക്കുമീതെ ഈച്ചകളും ഉറുമ്പുകളും പൊതിഞ്ഞു ചാക്കോ കിടന്നു .അവന്റെ ചങ്കും കരളും കുറുക്കൻ കൊണ്ടുപോയി . ചാക്കോ ഉറ്റ സുഹൃത്തായിരുന്നു . മരം വെട്ടാനും വേട്ടയാടാനും റാക്ക് കുടിക്കാനും ഒപ്പമുണ്ടാകും .പോലീസ്
വന്നു ചാക്കോയെ കൊന്നെന്നുപറഞ്ഞു കണ്ണൂർ ജയിലിൽ അടച്ചു . ജയിലിൽ നിന്ന് വിട്ടപ്പോൾ മതിലിനു മുൻപിൽ പൂവാക പൂത്തെന്നും അന്തോണിക്ക് വട്ടായെന്നും അവർ പറഞ്ഞു .
ബസ് നീട്ടി ഹോൺ അടിക്കുന്നു . തളിപ്പറമ്പിനുള്ള ഫസ്റ്റ്ബസ് ആണ് .ബസ് പിടിക്കാൻ ശേഖരൻ തലയിൽ റബ്ബർഷീറ്റ് കെട്ടുമായി ഓടുന്നു .
"ചായക്ക് പൈസ താടാ "
വെറുപ്പോടെ നോക്കി .മൽപ്പാൻ .ആരേലും എറിഞ്ഞു തരുന്ന ചില്ലറയിൽ നിന്ന് അവനും വേണമെന്ന് . ഒരു മെറ്റൽ കഷ്ണമെടുത്തെറിഞ്ഞു .
മുട്ടോളം എത്തുന്ന അണ്ടർവെയറും മുറിക്കയ്യൻ ബനിയനുമിട്ട അവൻ ഓടി .
കള്ളൻ . മിനിഞ്ഞാന്ന് രാത്രി അവൻ പിള്ളേച്ചന്റെ കച്ചിത്തുറുവിൽ നിന്ന് കച്ചി കട്ടു . രാവിലെ ജനം നോക്കിയപ്പോൾ തുറുവിൽനിന്ന് കച്ചി പൊഴിഞ്ഞു,നീണ്ടുകിടക്കുന്നു . പുറകെ പോയ അവർ മൽപ്പാന്റെ വീട്ടിലെത്തി അവനെ പൊക്കി രണ്ടു പൊട്ടിച്ചു .
അതിനുമുൻപ് ഒരു ദിവസം അയാൾ കുഞ്ഞേട്ടന്റെ അടക്ക കട്ടു .പക്ഷെ കവുങ്ങിന്റെ ചുവട്ടിൽ ചെരുപ്പ് മറന്നു വച്ചു . പുലർച്ചേ അതെടുക്കാൻ ചെന്നപ്പോൾ കുഞ്ഞേട്ടൻ വിഷമത്തോടെ കവുങ്ങിൻ ചുവട്ടിൽ നിൽക്കുന്നു . അയാളുടെ നരച്ച കുറ്റിരോമം പടർന്ന തലയിൽ കുഞ്ഞേട്ടൻ വിഷമം തീർത്തു .
സുമടീച്ചറിന്റെ കുടുംബം തകർത്തത് മൽപാനാണ് .
അതിസുന്ദരിയായിരുന്നു ടീച്ചർ .സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ചന്തമേറിയ ആനടപ്പും, വടിവൊത്ത,റോസാപ്പൂവിന്റെ ഭംഗിയുള്ള ശരീരവും കവിത തുളുംമ്പുന്ന കണ്ണുകളും, നനഞ്ഞു വിടർന്ന ചുണ്ടുകളും കാണാൻ അനേകം കണ്ണുകൾ കാത്തിരിപ്പുണ്ടാവും . ടീച്ചറുടെ കെട്ടിയവന് ജോലി കോഴിക്കോടായിരുന്നു . ആഴ്ചയിലൊരിക്കൽ വരും .
മൽപാനു ഒരു കുരുട്ടുബുദ്ധിയുദിച്ചു. അയാൾ എല്ലാ ശനിയാഴ്ചയും പതുങ്ങി അവരുടെ ബെഡ്റൂമിന്റെ ജനാലയിലെത്തും . സിഗരറ്റുകുറ്റി കടലത്തൊലി പഴത്തൊലിയെല്ലാം അകത്തും പുറത്തും വിതറി വലിയും . വൈകിട്ടു എത്തുന്ന ഭർത്താവിന് പതുക്കെ
പതുക്കെ സംശയമായി . ചോദ്യവും വർത്തമാനവുമായി.എന്തിനധികം അവസാനം പിരിയലുമായി .
മുന്നൂറുകൊച്ചിമലക്കും ചാത്തമലക്കും അരീക്കമലക്കും മുകളിലായി കാർമേഘങ്ങൾ പടരുന്നു . പുഴയിൽ പോയിവരാം മെല്ലെ എണീറ്റു .
കറുത്ത ഷൂവും ഷൂ വരെ എത്തുന്ന വെള്ള മൽമുണ്ടും അരവരെനീളുന്ന കൈനീളമുള്ള വെള്ള കുപ്പായവുമിട്ട ഹോമിയോഡോക്ടർ മുൻപേ നടക്കുന്നു . "ഡാക്കിട്ടരേ"
കോതിമിനുക്കിയ നരച്ചു നീണ്ട മുടി വെട്ടിച്ചുനോക്കി.
"എങ്ങോട്ടാ ഡാക്കിട്ടരെ നട്ടുച്ചക്ക് റാന്തലും കത്തിച്ച്"
"വേലയിറക്കാതെടാ അന്തോണി .നിനക്ക് വട്ടില്ലെന്ന് എനിക്കറിയാം "
ഡോക്ടറുടെ കുപ്പായത്തിലെ സ്വർണ്ണ കുടുക്കുകൾ തിളങ്ങി . വൈകിട്ട് ക്ലിനിക് പൂട്ടി വീട്ടിൽ പോകുമ്പോൾ റാന്തൽ കത്തിക്കാറുണ്ട് .
"ആകാശം നോക്കെടാ അന്തോണി .മഹാമാരിയുടെ വിത്തുകൾ നിറയുന്നു ."
അന്തോണിക്ക് മനസ്സിലായില്ല . കാർമേഘങ്ങളല്ലാതെ മറ്റൊന്നും കണ്ടില്ല .
എന്നാൽ മഹാമാരിയുടെ ചിറകുകൾ ലോകം മുഴുവൻ പടരുന്നു .ദിവസങ്ങൾ കാൽപ്പാദത്തിൽ ശാപമാവുന്നു.പ്ലേഗിലെ വരികൾ തലക്കുള്ളിൽ പെരുകുന്നപോലെ . എന്തോ പിറുപിറത്തുകൊണ്ട് ഡോക്ടർ വേച്ചു വേച്ചു നടന്നു .
പാറയിൽ നിന്നും ചിതറി കുതിച്ച വെള്ളം കയത്തിൽ മുങ്ങുതിനു മുൻപേ ഒരു നീർനായ തലപൊക്കി തുറിച്ചുനോക്കി . ഇടി മുഴങ്ങുന്നു .മിന്നലുകൾ കരിമേഘങ്ങൾക്കിടയിൽ പുളയുന്നു . ഇരട്ടവാലൻ കുരുവികൾ പുഴക്കുമീതെ അങ്കലാപ്പോടെ പറന്നു.കാറ്റത്തു മരങ്ങൾക്കൊപ്പം അമ്മ കറുമ്പി മോള് സുന്ദരി ചെടിയും അലറി ആടി ഉലയുന്നു .പുഴയിൽ നിന്ന് അന്തോണി തിരികെ അങ്ങാടിയിൽ എത്തി .
അങ്ങാടിയിൽ കടകൾ തിരക്കിട്ടു അടക്കുകയാണ്.മൂലേപ്പറമ്പിലെ സൗദിയിൽ നിന്നു വന്ന ചെറുക്കന് കോവിടാണത്രെ . മുകളിൽ നിർത്തിയ ആംബുലൻസിൽ നിന്നു ചാടിയിറങ്ങിയ കണ്ണുമാത്രം പുറത്തു കാണുന്ന നഴ്സുമാർ പരതി നടന്നു . മൂലേപ്പറമ്പിനു അയൽപക്കത്തെ മാറാടി തോമാ പേടിച്ചു ചാക്കുകീറി പുതച്ചു വീട്ടിന്നുള്ളിലെ കട്ടിലിനടിയിലേക്കു നൂഴ്ന്നു കയറി .
--0--
Sent from my iPhone