Read MANASASAROVARATHIL by CHERIAN in Malayalam Short Stories | മാതൃഭാരതി

മാനസസരോവരത്തിൽ

മാനസസരോവരത്തിൽ

ഉച്ചതിരിഞ്ഞുള്ള വെയിലിന്റെ മയക്കത്തിൽ മഞ്ഞക്കിളികൾ ആകാശത്തിന്റ ചെരുവിൽ ഉറവപൊട്ടി, ഭൂമിനിറയെ പറന്നിറങ്ങി ചിലച്ചു . മായ അലൗകികമായ അനുഭൂതിയാൽ പതഞ്ഞേ വിടർന്നു . വറ്റുകൾ ചിതറിക്കിടന്ന ഊണുമേശക്കു താഴെ കുറിഞ്ഞിപൂച്ച തലയുയർത്തി വാലുപൊക്കി നിലവിളിച്ചുകൊണ്ടേയിരുന്നു . പോക്കുവെയിലിന്റെ ചിതറിക്കിടന്ന പാളികളിൽ ചവുട്ടി ഒരു അപ്പൂപ്പൻ തൊടിയിലൂടെ നടന്നുനീങ്ങുന്നത് കണ്ട് മൂവാണ്ടൻ കൊമ്പിലിരുന്ന അണ്ണാൻ നീലകുരുവിയെ നോക്കി കണ്ണിറുക്കി . മായയും കൗതകത്തോടെ നോക്കി .അപ്പൂപ്പൻ മരങ്ങൾക്കിടയിലൂടെ തിളങ്ങിയ പടിഞ്ഞാറൻ ചക്രവാകത്തിലെ മങ്ങിയ വെള്ളിരേഖ നോക്കി നടന്നു . പിന്നെ പുഴക്കരയിൽ കടത്തുകാരൻ വേലുവിനെ കാത്തുനിന്നു . പുതിയ പാലത്തിലൂടെ പാഞ്ഞു പോയ കാറിലിരുന്ന് ഒരുകുട്ടി അമ്പരപ്പോടെ കണ്ണുകൾ വിടർത്തി അപ്പൂപ്പനെ നോക്കി .

വേലുവെവിടെ ? ചായക്കടക്കാരൻ കണാരനോട് ചോദിക്കാം . നിരത്തുമുറിച്ചുകടക്കാൻ പറ്റാത്ത വിധം വാഹനങ്ങൾ ഇരമ്പി പായുന്നു . ഇതെന്തുപറ്റി ഇവിടെ ഒരു ചെറിയ ഇടവഴിയായിരുന്നല്ലോ ? കണാരന്റെ ചായക്കടയും കാണാനില്ല .ചാണകം മെഴുകിയ തറയും ഉണ്ടക്കയും വെട്ടുകേക്കും പരിപ്പുവടയും നിറഞ്ഞ ചില്ലലമാരയും എവിടെയോ പോയി . വൈകുന്നേരങ്ങളിൽ നിത്യവും ഉണ്ടാകാറുള്ള ചാണചാണ്ടിയും വേലായുധനും അവുക്കറും മൊട്ട ഗോപാലനും ഇരിക്കാറുള്ള കാലാടുന്ന ബെഞ്ചും ഇല്ല .

അപ്പൂപ്പൻ അങ്കലാപ്പോടെ പുഴയെ നോക്കി ,പുഴയുടെ ഓളങ്ങളെ നോക്കി .പിന്നെ ആകാശത്തിനെ കണ്ടു ,ആകാശത്തിലൂടെ ഒഴുകിയ ഒറ്റപ്പെട്ട വെണ്മേഘത്തെ കണ്ടു . അപ്പോൾ ഒരു മഞ്ഞക്കിളി പറന്നുവന്ന് അപ്പൂപ്പന്റെ തോളിലിരുന്ന് പറഞ്ഞൂ .

"പണ്ടത്തെ കാലം കടന്നുപ്പോയി അപ്പൂപ്പാ ,പണ്ടത്തെ മനുഷ്യരും മരിച്ചുപോയി ."

എവിടെനിന്നോ എവിടേക്കോ വീശിയ കാറ്റ് അപ്പൂപ്പന്റെ മൊട്ടത്തലയിൽ ഇക്കിളിയിട്ടു . അതേ കാറ്റ് മായയുടെ കവിളിലും നിർവൃതിയായി .

മായ വിരസതയുടെ യാമങ്ങളിൽ നുരയിട്ടു . പിന്നെ തലപൊക്കി നോക്കി ,എവിടേയോ ഒരു കുഞ്ഞു കരയുന്നു. മുലക്കണ്ണ് തുടിച്ചുയരുകയാണ് . ലാപ്ടോപ്പ് പൂട്ടി തല കൈകളിൽ താങ്ങി ചെവിയോർത്തു .

പ്രപഞ്ചത്തിന്റെ നിഗൂഢവും അഗാധവുമായ ഇരുൾത്തുരുത്തിൽ വേദനയുടെ സീൽക്കാരമുണർത്തി കരിമ്പാമ്പുകൾ ഇണചേരുകയാണ് .

ലാപ്ടോപ്പ് ബാഗിലാക്കി ,ബാഗ് ബൈക്കിൽ വെച്ച് മായ സ്‌റ്റാർട്ടാക്കി . യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു . മനസസരോവരത്തിൽ ഐസുമൂടിയ ഔന്നത്യത്തിൽ കിടന്നു ആകാശത്തിന്റെ വെള്ളിനൂലുകൾ നുകരണം . മൊബൈൽ മണിയടിക്കുന്നു . നാശം ,ഓഫീസിൽനിന്നാണ് .ലോങ്‌ലീവാണെന്ന് അറിഞ്ഞുകൂടേ ,കാൾ കട്ടാക്കി .

പിന്നയും അപ്പൂപ്പൻ ചിരിച്ചു . പല്ലില്ലാത്ത മോണ വെളിപ്പെടുത്തിയ നിഷ്ക്കളങ്ക നിലാച്ചിരി . മഞ്ഞു മൂടിയ പാതയിലൂടെ മായ ബൈക്കോടിച്ചു . അവ്യക്തതയിൽ പിടയുമ്പോൾ , വിരസജീവിതം നീളുമ്പോൾ , അപ്പൂപ്പൻ ചിരിച്ചു . ഗോകർണ്ണത്തെ

ഓം ബീച്ചിലെ മണൽതിട്ടയിൽ കണ്ണുകളടച്ചു കിടക്കുമ്പോൾ മായ ലക്ഷ്യത്തിൽ അവിചാരിതമായി എത്തുന്ന ഇടത്താവളങ്ങളെ കുറിച്ചോർത്തു . ബീച്ചിലെ റിസോർട്ടിൽ ഇന്നലെ തങ്ങിയപ്പോൾ പരിചയപ്പെട്ട സ്വീഡൻകാരൻ മാർക്കിലി കടപ്പുറത്തു ഒപ്പമുണ്ട് .

മാർക്കിലി തന്ന സ്റ്റഫ് നിറച്ച സിഗരറ്റ് വലിച്ചിരുത്തി തിരകളെ നോക്കി . കറുത്ത ആകാശത്തിനു താഴെ ചെറുതിരകളുണർത്തി കടൽ അനന്തതയിൽ ചിരിക്കുകയാണോ ?. പിന്നെയും എവിടെയോ കുഞ്ഞു കരയുന്നപോലെ . അത് ആദിയാണോ ?.

ബെഡ്‌റൂമിൽ നിറഞ്ഞുപടരുന്ന ടെൻഷനൊടിവിൽ

കുപ്പിയിൽ നിന്നു നേരിട്ടു കുടിക്കുന്ന വിപിൻ മനസ്സിൽ തെളിയുന്നു . ഡിവേർസ് വാങ്ങി പിരിയുമ്പോൾ കോടതി ആദിയെ വിപിനൊപ്പം വിട്ടു . അന്നത് ലാഭമായി കരുതി , ഇന്ന് മുളച്ചു വരുന്ന രണ്ടു മൂന്നു മുത്തുപ്പല്ലുകൾ കാണിച്ചുള്ള അവന്റെ ചിരി നീറ്റലായി എവിടെയെല്ലാമോ ..... .

മാർക്കിലി അറിയപ്പെടാത്ത രാഗത്തിൽ , അറിയപ്പെടാത്ത ഗാനം ഉല്ലാസത്തോടെ മൂളികൊണ്ടേയിരുന്നു . അയാളുടെ വിരലുകൾ അവളുടെ തുടയിൽ പറ്റിയിരുന്ന മണൽത്തരികൾ തടവി വീഴിച്ചു . അവൾ എഴുന്നേറ്റു . കടൽ വിളിക്കുന്നു .നീലക്കടലിന്റ തണുത്ത വിരലുകൾ പാന്റീസിനു മുകളിൽ ഇക്കിളി ഉണർത്തി . തിരകൾക്കിടയിലൂടെ നീന്തുമ്പോൾ അഗാധതയിൽ കറുപ്പുചുരുളുക്കിടയിൽ നിലാവു വിരിയുന്നുവോ ?

ലഹരി നുളക്കുന്ന മാർക്കിലിയുടെ മിഴികളുടെ കാമതൃഷ്ണയിൽ മായയുടെ വടിവൊത്തദേഹം കത്തുന്നു. ആദിജന്മതാളത്തിൽ ചുണ്ടുകൾ വിറവീണു കടലിനഗാധതയിൽ കലരുന്നു .

അനാദിയിൽ പുളഞ്ഞ ഉത്സാഹം അപ്പൂപ്പന്റെ കൈകാലുകളിൽ നുരയിട്ടു . കൈകളിൽ കാറ്റുപിളർന്നു അപ്പൂപ്പൻ തിരക്കിട്ടു നടന്നു . മായ ബൈക്കിനു വേഗം കൂട്ടി അപ്പൂപ്പനരികിൽ എത്തി . അപ്പൂപ്പൻ അലിവോടെ ചിരിച്ചു .

"അപ്പൂപ്പാ, അപ്പൂപ്പാ , അപ്പൂപ്പൻ എങ്ങോട്ടാ ?".

“കുട്ട്യോള് കളിക്കണ് കണ്ടോ നീയ്യ് ?"

കുട്ടികൾ വിശാലമായ മൈതാനത്തു കിതച്ചും കാറിയും ഓടിക്കളിച്ചു , ഒറ്റക്കാലിൽ ചാടികളിച്ചു , പന്ത് തട്ടിക്കളിച്ചു .

പിന്നെ അടച്ചിട്ട മുറിയിൽ കംപ്യൂട്ടറിൽ ഗെയിംകളിച്ചു . നീലപുതഞ്ഞ ഗെയിംകളുടെ വിഭിന്നതകൾ വരച്ചറിഞ്ഞു .

അവസാനം മഹാമാരിയുടെ ആകാശത്തു ചുണ്ടുകൾ കോട്ടി വക്രിച്ച പല്ലുകൾ മുഖംമൂടിയിൽ ഒളിപ്പിച്ചു പതറി നിന്നു .

ഇതിനെല്ലാമിടയിൽ നിന്നു ഒറ്റപ്പെട്ട്, ആകാശത്തെ ചീഞ്ഞു പഴുത്ത മേഘങ്ങളിൽ നിർജീവനയനങ്ങൾ കലർത്തി പെൺകുട്ടി വിലപിച്ചുകൊണ്ടേയിരുന്നു . അവളുടെ നാവു പിഴുതെടുക്കപ്പെട്ടിരുന്നു , കൈകാലുകൾ തച്ചുതകർപ്പെട്ടിരുന്നു , കടിച്ചു കീറി പിളർന്ന ചുണ്ടുകൾക്കും മുലകൾക്കും നാഭിത്തടത്തിനും താഴെ ചോര കട്ടപിടിച്ചിരുന്നു . മുൾച്ചെടികൾ നിറഞ്ഞ വരണ്ട ഭൂമിയിൽ അവിടവിടെ തലപൊക്കിയ പുൽനാമ്പുകളെ നോക്കി അവളുടെ ആടുകളും കരഞ്ഞുകൊണ്ടേയിരുന്നു . ദരിദ്രയായ താഴ്ന്ന ജാതിക്കാരിയെ , അവർ , ഉന്നതർ കടിച്ചുകീറുകയായിരുന്നു . ഭരണകൂടവും അവർക്കൊപ്പമുണ്ട് .

മായ ഫേസ്ബുക്കിൽ കോറികൊണ്ടിരുന്നു , അസ്വസ്വതകൾ പകർന്നുകൊണ്ടേയിരുന്നു .

" നീയ്യെന്നായെടുക്കുവാ മോളേ ?"

" ഒന്നുമില്ല അപ്പൂപ്പാ "

"പണ്ടുപണ്ടു മാനസസരോവരത്തിനപ്പുറം നിലാവുപുതഞ്ഞ നാട്ടിൽ നിന്ന്‌ " അപ്പൂപ്പൻ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു , "മഴവില്ലു ചാടിക്കടന്നു അവൻ വന്നു ."

മഴവില്ലു ചാടിക്കടന്നത് ആലോചിച്ചപ്പോൾ i s r o യിൽ വിജയകരമായി റോക്കറ്റ് വിക്ഷേപിച്ചതോർത്തു . അന്നു ചെയർമാൻ തോളിൽ തട്ടി പറഞ്ഞു .

" മായാ , I am proud of you "

ബാല്യകാലത്തെ ഏകാന്തസന്ധ്യയിൽ ,

കുടിലിൽ, അവിടവിടെ അടർന്നുവീണ ഓലമേല്പുരക്കു മുകളിൽ, നിറഞ്ഞ മൗനത്തിൽ അറിഞ്ഞ കിനാവുകൾ ഇങ്ങനെയൊക്കെയായിരുന്നല്ലോ .

കഠിനമായ പരിശ്രമവും അതിനായിരുന്നല്ലോ .

പത്തിൽ മൂന്നാം റാങ്ക് നേടിയപ്പോൾ അമ്മ, പണിക്കുപോകുന്ന വീട്ടിലെ അങ്കിൾ കവിളിൽ തലോടി പറഞ്ഞു

" മിടുക്കി , ഗവണ്മെന്റ് സ്കൂളിൽ പഠിച്ചിട്ടു റാങ്ക്നേടിയല്ലോ ."

ആ അങ്കിൾ തന്നെയാണ് പ്രതീഷകളിൽ കറുപ്പും വേദനയും നിറച്ചു ശരീരത്തിലൂടെ ആദ്യമായി ഇഴഞ്ഞത് .

യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു.

രാജസ്ഥാനിലെ വരണ്ട ഭൂമിയിൽ ചൂടു പൊടിക്കാറ്റിലൂടെ ബൈക്ക് പറന്നു .അവിടവിടെ പച്ചത്തുരുത്തുകൾ കാണാം. മുഷിഞ്ഞ ചേല ചുറ്റിയ പെണ്ണ് ഒക്കത്തു കറുത്തുമെലിഞ്ഞ കുഞ്ഞും തലയിൽ വെള്ളം നിറച്ച കുടങ്ങളുമായി എതിരെ വന്നു . അവളുടെ കണ്ണുകളിൽ അഗാധമായ അമ്പരപ്പ് നിറയുന്നു . അവിടെ എന്തോ ആകാശത്തു വിരളമായെത്താറുള്ള കാർമേഘം തലനീട്ടി നിറയുന്നു . എവിടെയോ

നിന്നെത്തിയ പച്ചിലകളും കരിയിലകളും കുമിഞ്ഞുകൂടി . കുറ്റിമരങ്ങൾ ഉലച്ചിളക്കുന്ന ,ചുമന്നമണ്ണു പടർത്തി പറക്കുന്ന ,ഭ്രാന്തമായി അലറുന്ന കാറ്റ് ആഞ്ഞടിക്കുന്നു . കിഴക്കുനിന്നും പടിഞ്ഞാറോട്ടു കത്തിജ്വലിച്ചഴൊകിയ മിന്നൽപ്പിണരിനോടുവിൽ അവൻ വന്നു . യു എ പി എ ചുമത്തി ഭരണകൂടം അനേഷിച്ചുകൊണ്ടിരുന്നവൻ . വിശക്കുന്നവരുടെ ,അടിച്ചമർത്തപ്പെട്ടവരുടെ രോഷം അവനുള്ളിൽ അണപൊട്ടുന്നു . അപ്പൂപ്പൻ പറഞ്ഞ മഴവില്ലു ചാടിക്കടന്നവൻ ഇവനാണോ ?.

എവിടെനിന്നോ എത്തിയ കഴുകർ അവിടെയെല്ലാം പറന്നിറങ്ങി . ക്ഷമയോടെ ചിറകുകൾ പൂട്ടി അവറ്റകൾ കാത്തിരുന്നു . യുഗങ്ങളായി നീറിയ അഗ്‌നി അവന്റെ കണ്ണുകളിൽ കത്തി ജ്വലിച്ചു. ശവങ്ങൾ എവിടേയോ അവിടെ കഴുകർ നിറയുമല്ലോ .

ചെറിയാൻ കെ ജോസഫ്

9446538009

Sent from my iPhone

വിലയിരുത്തലും അവലോകനവും

CHERIAN

CHERIAN 2 വർഷം മുമ്പ്