Subdratamburttiyum Anamaitheenum books and stories free download online pdf in Malayalam

സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും

സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും

ഇളവെയിൽ തുളുമ്പി ചിതറിയ ഇടവഴിയിൽ ആന മൈതീൻ തെന്നി വീണു .
നിരത്തിൽ നിന്നു നോക്കിയാൽ ഇടവഴി കാണാം .
പീടികക്കോലായിൽ നിന്ന തോമ്മാ വിളിച്ചു ചോദിച്ചു .
" എന്താന്നെടാ മൈതീനേ , നീ രാവിലെ തന്നെ പൂസാ ? "
" നായിന്റെമോനെ , ഒരാൾക്ക് ഒരു അബദ്ധം പറ്റുമ്പോ വെറുതെ ചൊറിയാ നീയ്യ്‌ ?"
മൈതീൻ ചാടിയെണീറ്റു കാവിമുണ്ടിൽ പറ്റിയിരുന്ന പൊടിയും പുൽത്തുണ്ടുകളും തട്ടിമാറ്റി .


നിരത്തിലൂടെ പടിഞ്ഞാറോട്ടു മൈതീൻ നടക്കവേ ചായക്കടയിലെ കുട്ടൻ വിളിച്ചു .
" മൈതീനേ വാടാ , ചൂടു ദോശയുണ്ട് "
മൈതീൻ കേട്ടില്ല . ചൂടുദോശ മുറിച്ചില്ല .
ബെഞ്ചിലിരുന്നു ചായ മൊത്തിയ നാരായണേട്ടൻ പിളർന്നവായോടെ മൈതീനെ നോക്കി .
ഇവൻ പതിവു തെറ്റിച്ചല്ലോ . പിന്നെ വിറയാർന്ന കൈകളാൽ കണ്ണടയിൽ കെട്ടിയ ചരടു ഉറപ്പിച്ചു പത്രത്തിലേക്കു മുഖം താഴ്ത്തി . താലിബാൻ അഫ്ഘാനിസ്ഥാൻ പിടിച്ചടക്കിയിരിക്കുന്നു .


പണ്ടത്തെ മൈതീൻ പിന്നെയും നടന്നു . തുമ്പിക്കൈയിൽ പനയോലക്കെട്ടു ഇറുക്കിപ്പിടിച്ചു മെല്ലെ മെല്ലെ ചുവടുവച്ച കേശവൻകുട്ടിക്കു പുറകെ , ആനത്തോട്ടി കറക്കി , പണ്ടത്തെ വഴിയിലൂടെ ആടിയാടി നടന്നു . വടക്കേടത്തുമനയിൽ എത്തണം . അരയൽചുവട്ടിൽ കേശവൻകുട്ടിയെ തളക്കണം . അപ്പോൾ അറയിലെ ജനല്‍പ്പാളികൾ തുറക്കുന്ന ശബ്ദം കേൾക്കാം . വിടർന്ന കണ്ണുകളിൽ പൂത്തിരി കത്തിച്ചു , നനുത്ത ചുണ്ടുകളിൽ അനുരാഗമധുരം വിതറി, തുളസിക്കതിർ ചൂടി വെള്ളമിറ്റുന്ന മുടി വിതറി സുഭദ്രക്കുട്ടി നോക്കുന്നുണ്ടാവും .


ഇന്നലത്തെ മങ്കുരണികുടി കുറേ കൂടിപ്പോയി . തല നേരേ നിൽക്കുന്നില്ല . വയറ്റിനുള്ളിൽ പുളിപ്പു തികട്ടുന്നു .
" മൈതീനിക്കാ , മൈതീനിക്കാ , ഒരാനവാല് തരുമോ ? "
മാസ്ക് ഇട്ടു , വീൽ ഉന്തിവന്ന പയ്യൻ കളിയാക്കി .
കൈയിൽ കിട്ടിയ കമ്പെടുത്തു അവനെ എറിഞ്ഞു .
" മൈതീൻ ആനയെ മേച്ചിരുന്നു കൊല്ലങ്ങൾക്കു മുൻപ് , ഇപ്പം മേയിക്കുന്നതു അന്റെ ഉമ്മാനെ ആണെടാ "
അവൻ പോയ വഴിയിൽ കാർക്കിച്ചു തുപ്പി .

ഒരു നിയോഗം പോലെ മൈതീൻ വടക്കേടത്തുമനയിൽ എത്തി . അരയാലിൽ തൂങ്ങി കിടക്കുന്ന വവ്വാലുകളിൽ, പാതിയും പൊളിഞ്ഞ മച്ചകത്തു നിന്നു ചീവിടുകളും പല്ലികളും എലികളും ഭഗവതിയും കരഞ്ഞു നിറയുന്നു . കരിയിലകൾ പാറി വീണ ഉമ്മറക്കോലായിൽ അല്പം ശങ്കിച്ചു നിന്നു . പിന്നെ ജീവിതത്തിൽ ആദ്യമായി അകത്തേക്കു കയറി . ആരേയും എവിടേയും കാണുന്നില്ല . അജി ജോലിക്കു പോയിട്ടുണ്ടാവും . കുഴമ്പുകളുടെയും തൈലങ്ങളുടെയും മണത്തിൽ ചെകിടിച്ചു നിന്നു . സുഭദ്രാമ്മ എവിടെ ആയിരിക്കും ?.

ആന ചെരിഞ്ഞതിൽ പിന്നെ മനക്കലെ പണി നിന്നു . പക്ഷേ , ചെറുപുഞ്ചിരിയുമായി വിടർത്തിയ മുടി വിതറി സുഭദ്രക്കുട്ടി രാവിലെ കാറോടിച്ചു പോകുന്നതു കാണാൻ നിരത്തിൽ കാത്തുനിൽക്കുമായിരുന്നു . യൂനിവേഴ്സിറ്റിയിൽ പ്രൊഫസറായ സുഭദ്രയോടുള്ള പ്രണയം നുകുർന്നു വിഡ്ഢിയായ മൈതീൻ പിന്നെയും കള്ളു കുടിച്ചു .


സുഭദ്രയെ നോക്കാൻ കുറിയേടത്തേ രാധയുണ്ടായിരുന്നല്ലോ . അവൾ എവിടെ പോയി ? അകത്തേമുറിയിൽ കട്ടിലിൽ എന്തോ ഒരനക്കം .
പെൻസിൽ പോലെ മെലിഞ്ഞ സുഭദ്ര വെള്ളത്തുണി പുതച്ചു കിടക്കുന്നു . കണ്ടയുടൻ അവളുടെ കണ്ണുകൾ വിടർന്നു , എന്തോ സംസാരിക്കാൻ ചുണ്ടുകൾ വിറ വീണു . അനക്കാനാവാത്ത വലത്തുകൈയിൽ ഒരു കണ്ണുനീർത്തുള്ളി വീണു ചിതറി . മരകഷണം പോലുള്ള വലതു കാലിൽ ഇടതുകൈ കൊണ്ടമർത്തിപ്പിടിച്ചു അവൾ അവ്യക്തമായ ശബ്‌ദത്തിൽ തേങ്ങി . സങ്കടം തോന്നുന്നു . കഴിഞ്ഞ കാലത്തു ആരായിരുന്നു ഈ സുഭദ്ര !. പഠിക്കുമ്പോൾ റാങ്ക്‌ നേടി ഡോക്ടറേറ്റ് എടുത്ത അവൾ നാട്ടുകാരുടെയെല്ലാം ആരാധന മൂർത്തിയായിരുന്നു . ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യമായിരുന്നു അവൾ .


മൈതീനേ , പഴയ ആനത്തൊട്ടിലിനപ്പുറം തുമ്പയും ചെത്തിയും നിറഞ്ഞ തൊടിയിലൂടെ ഓടി അമ്പലക്കുളത്തിൽ ചാടിയിരുന്ന സുഭദ്രക്കുട്ടിയെ ഓർക്കുന്നോ നീയിപ്പോൾ ?. വലതുവശം തളർന്നു കിടക്കുന്നവളുടെ ദയനീയത അറിയുന്നുവോ നീയിപ്പോൾ ?. മറ്റനേകം പ്രണയങ്ങളുടെ കൂടെ നിന്റെ പ്രണയവും അഹന്തതയുടെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞിരുന്നു . ഇന്നു നടക്കാനാവാതെ , ചിരിക്കാനാവാതെ , കൈപ്പൊക്കാൻപോലുമാവാതെ കിടക്കുന്നു . ഒന്നു മരിക്കാൻ കൊതിയാവുന്നു . പക്ഷേ എങ്ങിനെ മരിക്കും ?.


നിമിഷങ്ങൾ വിറങ്ങലിച്ചു വേദനയിലൂടെ പടരവേ മൈതീൻ പുറത്തേക്കിറങ്ങി . ഒരു ബീഡി കത്തിച്ചു
പുക പുളിയിലകളിലേക്കു ഊതി . ഈ പുളിമരത്തിൽ ഊഞ്ഞാലാടുമ്പോൾ പാവടക്കടിയിൽ സുഭദ്രയുടെ തുടുത്ത കണംകാലുകളിൽ , ദാഹം പുളയുമായിരുന്നു . ദാഹം പുളഞ്ഞ കാലുകളിലൂടെ കരിനാഗങ്ങളിഴഞ്ഞു . മരണത്തിന്റെ നിശബ്ദതയും ഗഗനതയും ഫത്തി വിരിച്ചാടി . സുഭദ്ര , വാടിയ നാലുമണിപ്പൂക്കളിൽ മഞ്ഞനിറത്തിൽ ചത്തുകിടന്ന സന്ധ്യ അറിഞ്ഞു .
വിറങ്ങലിച്ച കൈകാലുകളെ പുച്ഛത്തോടെ നോക്കി പിൻവാങ്ങുന്ന മരണത്തെയോർത്തു വേദനിച്ചു .

ഫിലോസഫി ക്ലാസ്സിൽ കുട്ടികൾക്കു പകർന്നുകൊടുത്ത വലകൾ ഇപ്പോൾ എട്ടുകാലിവലകളായി കട്ടിലിനു മുകളിൽ തൂങ്ങുന്നു . ഒന്നുമില്ല , ഒന്നുമില്ല . ഇടഞ്ഞാടി മാനംമുട്ടെ വളർന്നു , ഭൂമിയോളം തകർന്നടിഞ്ഞ നിഴലുകൾ മാത്രം .മറ്റൊന്നും ഇല്ല .


എത്രയോ ദിവസങ്ങളായി കാത്തുനിന്ന രവി താൻ ഒന്നു നോക്കിയപ്പോൾ പ്രതീക്ഷയോടെ ചിരിച്ചു . സ്റ്റാഫ് റൂമിൽ ,ലക്‌ച്ചർഹാളിൽ ,ഇടനാഴികളിൽ ചിരി പിന്നെ ലഹരിയായി പരതിക്കൊണ്ടേയിരുന്നു .
" നിന്നിൽ അലിയുന്നതു മാത്രമാണെന്റെ
ജീവിതം "
വിറയാർന്ന ശബ്ദത്തിൽ രവി പറയാറുണ്ട് .
വീട്ടിൽ അവർ കല്ല്യാണാലോചനയുമായി എത്തി .
യൂണിവേഴ്സിറ്റി പ്രൊഫസർ , സുമുഖൻ , തറവാടി .
എല്ലാവർക്കും പരിപൂർണ്ണ സമ്മതം . തിയ്യതി കുറിച്ചു .

സ്ട്രോക്ക് വന്നു കിടപ്പായപ്പോൾ യൂണിവേഴ്സിറ്റിയിലെ എല്ലാ സഹപ്രവത്തകരും കാണാൻ വന്നു . എങ്കിലും കാണാൻ കൊതിച്ച മുഖം മാത്രമില്ലായിരുന്നു . പിന്നീടുള്ള ദിവസങ്ങളിലും രവി വന്നില്ല . സ്നേഹത്തിന്റെ അർത്ഥശൂന്യത മനസ്സിലായി . സ്നേഹിച്ചവരെന്നു കരുതിയ പലരും പിന്നീടു ഈ വഴി വന്നിട്ടില്ല .
ഒരു മനുഷ്യനു തകർച്ചയുണ്ടാവുമ്പോൾ ഉണ്ടാകുന്ന അവസ്ഥ !. മരണമില്ലാതെ , ജരാനരകൾ ബാധിച്ചു കുഷ്ഠം പിടിച്ച കാലുകൾകൊണ്ട് വരണ്ടുണങ്ങിയ മണ്ണു ചവിട്ടി ലോകം മുഴുവൻ അലഞ്ഞ അശ്വത്ഥത്മാവിനെ ഓർമ്മ വന്നു .


മയക്കം വരുന്നു . ഉറക്കമില്ലാതെ നീറുന്ന മനസ്സിലേക്കു ഇടയ്ക്കിടെ , രാവെന്നോ പകലെന്നോ ഭേദമില്ലാതെ കുളിർക്കാററുപോലെ മയക്കം ചിറകു വിരിക്കും . മൈതീൻ കരിമ്പനയിൽ ചാരിനിന്നു ബീഡി വലിക്കുന്നു . കാർമുടിക്കെട്ടിനു താഴെ സുഭദ്രയുടെ തുടുത്തു ചുവന്ന റോസാപ്പൂ വദനത്തിൽ മൈതീൻ വിടർന്നു . ബീഡിക്കറ പുരണ്ട പല്ലുകൾ വെളിവാക്കി മൈതീൻ ചിരിക്കുന്നു . സുഭദ്ര ആവേശത്തോടെ മൈതീനിലേക്കു പടർന്നു . ആനച്ചൂരുള്ള മൈതീന്റെ മാറിൽ മുഖമർത്തി സുഭദ്ര ചാരായമണത്തിൽ മയങ്ങി കണ്ണുകൾ കൂമ്പിക്കിടന്നു .

പങ്കിട്ടു

NEW REALESED